തിരുവനന്തപുരം: ചാലക്കുടി എന്നതിൽ ഉപരി മലയാള സിനിമയുടെ സ്വത്താണ് ഇന്നസെന്റ് എന്ന് പറഞ്ഞാൽ അതിൽ യാതൊരു തെറ്റുമില്ല. ജഗതി ശ്രീകുമാറിനൊപ്പം തന്നെ മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട നടനാണ് ഇന്നസെന്റ്. ഇങ്ങനെയുള്ള ഇന്നസെന്റ് തിരഞ്ഞെടുപ്പിൽ ഒരു കൈ നോക്കിയപ്പോൾ ചാലക്കുടിക്കാർ കൈയോടെ ജയിപ്പിച്ചു വിട്ടത് അദ്ദേഹത്തോടുള്ള സ്‌നേഹം കൊണ്ടായിരുന്നു. അദ്ദേഹത്തിന് കാൻസർ ബാധിച്ചു എന്ന വാർത്ത പുറത്തുവന്നതോടെ പ്രാർത്ഥനയോടെ തിരിച്ചുവരവിനായി കാത്തിരുന്നതും മലയാളികളാണ്. മലയാളികളുടെ പ്രിയ താരം വീണ്ടും കാൻസർ ചികിത്സയിലാണെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇന്നസെന്റ് തന്നെ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് താൻ വീണ്ടും കാൻസർ ബാധിതനാണെന്ന് അറിയിച്ചത്. ഡൽഹി എയിംസിലാണ് ഇന്നസെന്റ് ചികിത്സയിൽ കഴിയുന്നത്. ഇതോടെ അദ്ദേഹം വേഗം രോഗം ഭേദമായി വരട്ടെ എന്നാണ് എല്ലാവരും ആശംസിക്കുന്നത്.

ഇതിനിടെയാണ് കാൻസർ ബാധിതനായ ഇന്നസന്റ് എംപിക്ക് വിദേശത്തു പോയി ചികിത്സിക്കുന്നതിന് ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാഗ്ദാനം ചെയ്തത്. ഇന്നലെ മന്ത്രിസഭയോഗ തീരുമാനങ്ങൾ വിശദീകരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എന്നാൽ ഉമ്മൻ ചാണ്ടിയുടെ ഓഫറിനോട് പ്രതികരിക്കാൻ ഇന്നസെന്റ് തയ്യാറായിട്ടില്ല. ഇങ്ങനെ മുഖ്യമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതോടെ സൈബർ ലോകത്ത് സമ്മിശ്ര പ്രതികരണാണ് ഉണ്ടായിരിക്കുന്നത്. ഇന്നസെന്റ് എംപിയുടെ ചികിത്സക്ക് വേണ്ടി ജനങ്ങളുടെ നികുതിപ്പണം ഉപയോഗിക്കണോ എന്നതാണ് ചോദ്യം. ജനപ്രതിനിധി എന്ന നിലയിൽ ചികിത്സയ്ക്ക് ഇന്നസെന്റിന് അവകാശമുണ്ട്. എന്നാൽ, ജനപ്രതിനിധി എന്ന നിലയിൽ ഇന്നസെന്റിന്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കരുത് എന്ന വിമർശനമാണ് ഉയരുന്നത്. മറിച്ച് കലാകാരൻ എന്ന നിലയിലാണെങ്കിൽ അതിനെ പിന്താങ്ങുന്നവരും കുറവല്ല.

ഇതിന് കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത് ഇന്ത്യയിലെ ചിക്തിസാ സൗകര്യങ്ങളുടെ കാര്യമാണ്. എല്ലാ സൗകര്യങ്ങളോടും കൂടി എന്ന് പറഞ്ഞ് പഞ്ചായത്ത്ഡിസ്പൻസറി മുതൽ മെഡിക്കൽ കോളേജ് വരെ ഗവൺമെന്റ് മേഖലയിൽ ഉള്ളപ്പോൾ എന്തിനു വിദേശത്ത് പോയി ഒരു ജനപ്രതിനിധി ചികിത്സ നടത്തണം എന്നതാണ് ഈ വിമർശനത്തിന് ആധാരം. സാധാരണക്കാർ പോകുന്ന ആശുപത്രിയിൽ ഇവർക്ക് വിശ്വാസമില്ല എന്നതല്ലേ.. ഇതിന് കാരണമെന്നും ചോദിക്കുന്നു. ജനങ്ങളുടെ നികുതി പണം അതാത് സംസ്ഥാനത്തോ രാജ്യത്തോ അല്ലെങ്കിൽ സർക്കാർ ആശുപത്രികളിൽ മാത്രമോ പരിമിതപ്പെടുത്തുകയോ വേണമെന്ന ആവശ്യമാണ് ഉയരുന്നത്.

ജനങ്ങൾക്ക് ഉപകരിക്കുന്ന പല പദ്ധതികളും നാഴികക്ക് നാല്പതു വട്ടം ഖജനാവിൽ പത്തിന്റെ പൈസയില്ലെന്ന് പറഞ്ഞ് നടപ്പിലാക്കാതെയിരിക്കുമ്പോഴും സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പുറത്ത് നിന്ന് വായ്പയെടുക്കുന്ന സർക്കാർ മറക്കുന്നുവെന്നും ഇന്നസെന്റിന് സഹായം വാഗ്ദാനം ചെയ്ത കാര്യം ചൂണ്ടിക്കാട്ടി വിമർശം ഉയരുന്നു. ഇങ്ങനെയുള്ള വിമർശനങ്ങൾ ഉയരാനുള്ള അടിസ്ഥാന കാരണം. സംസ്ഥനത്തെ എംഎൽഎമാർ ചികിത്സാ ചെലവിൽ സർക്കാറിൽ നിന്നും എഴുതി വാങ്ങിയ പണം ചൂണ്ടിക്കാട്ടിയായിരുന്നു.

നേരത്തെ കുട്ടനാട് എംഎൽഎ തോമസ് ചാണ്ടി വിദേശ ചികിത്സക്കായി രണ്ട് കോടി രൂപയാണ് സർക്കാറിൽ നിന്നും വാങ്ങിയത്. 56 കോടി രൂപയുടെ പ്രഖ്യാപിത ആസ്തുയുള്ള വ്യക്തിയാണ് തോമസ് ചാണ്ടി. ലക്ഷങ്ങൾ വിലയുള്ള ആഡംബര കാറിലും കോടികൾ ലാഭം കൊയ്തും ജീവിക്കുന്ന എൻസിപി എംഎൽഎ സർക്കാരിന്റെ പണം കൊണ്ട് ചികിത്സിക്കാൻ വിദേശരാജ്യങ്ങളിലേക്ക് പോവുകയായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രി,അമേരിക്കയിലെ ക്യാൻസർ സെന്റർ എന്നിവിടങ്ങളിലാണ് തോമസ് ചാണ്ടി എംഎൽഎ കഴിഞ്ഞ നാലു വർഷത്തിനിടെ ചികിത്സ തേടിയത്. വിദേശത്തെ ആശുപത്രിയിൽ മാത്രം ചെലവായത് ഒരു കോടിയിലേറെ രൂപ ചെലവാക്കി.

ഈ കണക്കുകൾ പുറത്തുവന്നപ്പോൾ പലരും പ്രതിഷേധം ഉയർത്തിയിരുന്നു. ഇപ്പോൾ എംപിയെന്ന നിലയിൽ ഇന്നസെന്റിന്റെ ആസ്തി 4.08 കോടി രൂപയാണ്. കൂടാതെ മലയാളത്തിലെ അറിയപ്പെടുന്ന നടനുമാണ് അദ്ദേഹം. അതുകൊണ്ട് ഇന്നസെന്റ് സർക്കാർ സഹായം സ്വീകരിക്കരുത് എന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. എന്നാൽ, എംപി എന്ന നില മാറ്റിനിർത്തി കലാകാരൻ എന്ന നിലയിൽ അദ്ദേഹത്തെ സഹായിക്കുന്നതിൽ തെറ്റില്ലെന്ന അഭിപ്രായവുമുണ്ട്.

കാൻസർ രോഗികൾക്ക് വേണ്ടി ഇന്നസെന്റ് പാർലമെന്റിൽ അടക്കം ശബ്ദമുയർത്തിയിരുന്നു. സ്വന്തം മണ്ഡലത്തിലെ കാൻസർ രോഗികൾക്ക് വേണ്ടി പ്രത്യേക പദ്ധതികളും അദ്ദേഹത്തിന്റെ സ്വപ്‌നമാണ്. ഇങ്ങനെ ജനക്ഷേമം മുൻനിർത്തി തന്നെ പ്രവർത്തിക്കുന്ന ഇന്നസെന്റിനെ ചികിക്തക്ക് പണം നൽകുന്നതിനെ എതിർപ്പില്ല. എന്നാൽ, സാധാരണക്കാരൻ ഇവിടുത്തെ ആശുപത്രികളിൽ ചികിത്സ തേടുമ്പോൾ രാഷ്ട്രീയക്കാർക്ക് വിദേശത്ത് പോയി ചികിത്സ നടത്താൻ യഥേഷ്ടം ഖജനാവിൽ നിന്നും പണം മുടക്കുന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്.

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ(15.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല: എഡിറ്റർ