- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവർണർക്ക് ചാൻസിലർ പദവി നൽകുന്നത് അധികാര സംഘർഷമുണ്ടാക്കും; പദവി മാറ്റാമെന്ന് ഉമ്മൻ ചാണ്ടി സർക്കാർ നിലപാടെടുത്തു; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു; വിവാദങ്ങൾക്കിടെ 2015ലെ റിപ്പോർട്ടും ചർച്ചയാകുന്നു
തിരുവനന്തപുരം: ഗവർണറിൽ നിന്ന് ചാൻസിലർ പദവി മാറ്റാമെന്ന് എം.എം. പൂഞ്ചി കമ്മീഷന്റെ ശുപാർശകളിന്മേൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സംസ്ഥാനം നിലപാട് എടുത്തിരുന്നതായി റിപ്പോർട്ട്. എം.എം. പൂഞ്ചി കമ്മീഷന്റെ ശുപാർശകളിന്മേൽ കേന്ദ്ര സർക്കാരിനെ അഭിപ്രായം അറിയിച്ചപ്പോഴാണ് സംസ്ഥാനം ഈ നിലപാട് എടുത്തത്.
ഗവർണർക്ക് ചാൻസിലർ പദവി നൽകുന്നത് അധികാര സംഘർഷമുണ്ടാക്കുമെന്നും അത് അഭികാമ്യമല്ലെന്നായിരുന്നു സർക്കാർ നിലപാട്. അന്നത്തെ ചീഫ് സെക്രട്ടറിയാണ് നിലപാട് അറിയിച്ചുകൊണ്ട് 2015ന് ഓഗസ്റ്റ് 26ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചത്.
സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടൽ സംബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുറന്നടിച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടെയാണ് 2015ൽ അന്നത്തെ കോൺഗ്രസ് സർക്കാർ സ്വീകരിച്ച നിലപാട് ചർച്ചയാകുന്നത്. രണ്ടാം പിണറായി സർക്കാരിനെ മുൾമുനയിൽ നിർത്തുന്നതായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ തുറന്നുപറച്ചിൽ. ഗവർണറെ അനുനയിപ്പിക്കാൻ ഒരു വശത്ത് നീക്കം നടത്തുന്നതിനിടെ സർവകലാശാലകളിലെ ചാൻസലർ പദവി ഗവർണർ ഒഴിയുന്നുവെങ്കിൽ ഒഴിയട്ടെ, മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന്ന്ന് എസ്എഫ്ഐ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് 2015ലെ റിപ്പോർട്ട് ചർച്ചയാകുന്നത്.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാനാണ് 2007ൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന മദന്മോഹൻ പൂഞ്ചിയെ കേന്ദ്രസർക്കാർ കമ്മീഷനായി നിയമിച്ചത്. കമ്മീഷൻ 2010ൽ റിപ്പോർട്ട് നൽകി. റിപ്പോർട്ടിലെ പ്രധാന ശുപാർശ സർവകലാശാല ചാൻസിലർ പോലുള്ള പദവികളിൽ നിന്ന് ഗവർണർമാരെ ഒഴിവാക്കണം എന്നുള്ളതായിരുന്നു. കമ്മീഷന്റെ ശുപാർശയിൽ കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളോടും അഭിപ്രായം തേടിയിരുന്നു. അങ്ങനെ അഭിപ്രായം അറിയിക്കുമ്പോഴാണ് ഇത്തരത്തിൽ സുപ്രധാന നിലപാട് സംസ്ഥാനം എടുത്തത്.
2015 ഓഗസ്റ്റിൽ അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണാണ് സംസ്ഥാന സർക്കാരിന് വേണ്ടി ആഭ്യന്തര മന്ത്രാലയ അഡീഷണൽ സെക്രട്ടറിയെ രേഖാമൂലം അഭിപ്രായം അറിയിച്ചത്. ഗവർണർമാർ നിയമപരമായ ബാധ്യതകൾ ഏറ്റെടുക്കുന്നത് അധികാര സംഘർഷത്തിന് ഇടയാക്കുമെന്നും അത് തീരെ അഭികാമ്യമല്ല എന്നുമാണ് സർക്കാർ അഭിപ്രായമായി അറിയിച്ചത്.
നേരത്തെ ഗവർണർമാർക്ക് മേൽ ചാൻസിലർ പദവി നിക്ഷിപ്തമാക്കുമ്പോൾ അതിന് ചരിത്രപരമായ കാരണങ്ങളുണ്ടായിരുന്നു. പക്ഷേ, കാലവും സാഹചര്യവും മാറിയതോടെ അതിന് പ്രസക്തിയില്ലാതായി. ഇപ്പോൾ സംസ്ഥാന സർക്കാരുകൾക്ക് സർവകലാശാല വിദ്യാഭ്യാസത്തിൽ വലിയ താല്പര്യമുണ്ട്. അങ്ങനെ വരുമ്പോൾ ഇത് രണ്ട് അധികാര കേന്ദ്രങ്ങൾ തമ്മിലുള്ള സംഘർഷത്തിനും ഭിന്നതക്കും ഇടയാക്കുമെന്നാണ് അന്ന് സംസ്ഥാന സർക്കാർ അറിയിച്ചത്.
സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടൽ അസഹനീയമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞത്. ഇത്തരം രാഷ്ട്രീയ ഇടപെടൽ അംഗീകരിക്കാനാകില്ല. കണ്ണൂർ സർവകലാശാല നിയമനങ്ങളിൽ സുതാര്യതയില്ല. ഗവർണർ ചാൻസലറായിരിക്കുന്നത് സുതാര്യത ഉറപ്പാക്കാനാണ്. താൻ പരമാവധി പരിശ്രമിച്ചിട്ടും സർക്കാർ സഹകരിക്കുന്നില്ല. അനധികൃത നിയമനങ്ങളെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടും പ്രതികരിച്ചില്ല. സർക്കാർ ശ്രമിച്ചത് തന്റെ കൈകൾ കെട്ടിവയ്ക്കാനാണ്. ഇതിനെ തുടർന്നാണ് ചാൻസലർ പദവി ഒഴിയാൻ തീരുമാനിച്ചതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ചാൻസലർ പദവി ഭരണഘടനാ പദവി അല്ലെന്നും അദ്ദേഹം പറഞ്ഞു
അതേ സമയം സർക്കാരിന്റെ സമ്മർദങ്ങൾക്കു വഴങ്ങിയാണ് കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനത്തിൽ താൻ തീരുമാനമെടുത്തതെന്ന ഗവർണറുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടിരുന്നു. വൈസ് ചാൻസലറെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റി പിരിച്ചുവിട്ട്, ചട്ടവിരുദ്ധമായി കണ്ണൂർ വിസിക്ക് പുനർനിയമനം നൽകാൻ ഗവർണർക്ക് ശുപാർശ നൽകിയത് ഏതു സാഹചര്യത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഭരണത്തലവനായ ഗവർണർ മുഖ്യമന്ത്രിക്ക് ഇത്തരമൊരു കത്തെഴുതിയതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ