തിരുവനന്തപുരം: കുവൈറ്റിൽ വിവിധ ഏജൻസികളുടെ തൊഴിൽ തട്ടിപ്പിനിരയായി മാസങ്ങളായി ജോലി ലഭിക്കാതെ കുടുങ്ങിക്കിടക്കുന്ന കേരളത്തിൽ നിന്നുള്ള നഴ്‌സുമാരുടെ കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനോട് ആവശ്യപ്പെട്ടു.

റിക്രൂട്ടിങ് ഏജൻസികൾക്ക് ആറ് മുതൽ എട്ട് വരെ ലക്ഷം രൂപ നൽകി കുവൈറ്റിലെത്തിയ 41 നഴ്‌സുമാർ കഴിഞ്ഞ അഞ്ച് മാസങ്ങളിലേറെയായി അൽ ഇസ്സ കമ്പനിയിൽ ജോലി ലഭിക്കാതെ കഴിയുകയാണെന്ന് പരാതി ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിനും വിസയ്ക്കുമായി എടുത്ത വായ്പ തിരിച്ചടയ്ക്കാനാവാത്ത പ്രതിസന്ധിയിലാണ് ഇപ്പോൾ അവർ. കുവൈറ്റിൽ ജി.ടി.സി കമ്പനിയിൽ മുന്നൂറോളം നഴ്‌സുമാരും തൊഴിലോ വരുമാനമോ ലഭിക്കാതെ കഴിയുകയാണെന്നും പരാതിയുണ്ട്. റിക്രൂട്ടിങ് ഏജൻസികളുടെ സംഘടിതമായ തട്ടിപ്പാണ് നഴ്‌സുമാരുടെ ദുരവസ്ഥയ്ക്ക് കാരണം.

നഴ്‌സുമാരുടെയും ഇവരെ തട്ടിപ്പിനിരയാക്കിയ ഏജൻസികളുടെയും പേരുവിവരങ്ങളും മന്ത്രി കേന്ദ്രമന്ത്രിക്കയച്ച കത്തിൽ വിശദമാക്കിയിട്ടുണ്ട്. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലും വിദ്യാഭ്യാസ മന്ത്രാലയത്തിലുമുള്ള നഴ്‌സുമാരുടെ ഒഴിവുകളിൽ ഇവർക്ക് ജോലി ലഭ്യമാക്കാൻ എംബസി വഴി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.