തിരുവനനന്തപുരം: കെവൈസിയുടെ പേരിൽ സഹകരണ ബാങ്കുകളെ ചുറ്റിക്കുന്നത് ഒഴിവാക്കാൻ കേരള സർക്കാരിന്റെ കർമപദ്ധതി. പ്രാഥമിക സംഘങ്ങളിലെ അംഗങ്ങൾക്ക് ജില്ലാ ബാങ്കിൽ അക്കൗണ്ട് തുടങ്ങി പണം പിൻവലിക്കാനുള്ള നടപടിക്കാണു സർക്കാർ മുൻകൈ എടുക്കുന്നത്. സഹകരണ മേഖലയിലെ നിക്ഷേപങ്ങൾ നഷ്ടമാകില്ലെന്നും സർക്കാർ ഉറപ്പു നൽകുന്നുണ്ട്.

പ്രാഥമിക സഹകരണ സംഘങ്ങളിൽ പണം നിക്ഷേപിച്ചിട്ടുള്ളവർക്കു ജില്ലാ സഹകരണബാങ്ക് വഴി ആഴ്ചയിൽ 24,000 രൂപവരെ പിൻവലിക്കാവുന്ന രീതിയിൽ ക്രമീകരണം കൊണ്ടുവരും. ജില്ലാ സഹകരണ ബാങ്കുകളിൽ അക്കൗണ്ട് തുറന്നാലുടൻ ഈ സൗകര്യം ലഭ്യമാകുമെന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേർത്ത സഹകാരികളുടെ ഉന്നതതലയോഗത്തിൽ തീരുമാനിച്ചു. ഇതോടൊപ്പം പ്രാഥമിക സഹകരണ സംഘങ്ങളിൽ കെവൈസി നിർബന്ധമാക്കാനും യോഗം തീരുമാനിച്ചു.

സംസ്ഥാനത്ത് സഹകരണ മേഖല അഭിമുഖികരിക്കുന്ന പ്രതിസന്ധി ഒറ്റക്കെട്ടായി നേരിടുമെന്നും നിക്ഷേപകർക്കാർക്കും ആശങ്ക വേണ്ടെന്നും നിക്ഷേപങ്ങൾക്ക് സർക്കാർ ഉറപ്പ് നൽകുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സഹകരണ ബാങ്ക് ഉദ്യോഗസ്ഥരുടേയും സഹകാരികളുടേയും യോഗത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം പിണറായി അറിയിച്ചത്.

സഹകാരികൾ വീടുവീടാന്തരം കയറിയിറങ്ങി ഇക്കാര്യം നിക്ഷേപകരെ ബോധ്യപ്പെടുത്തണമെന്നും പിണറായി പറഞ്ഞു. സുതാര്യമായാണ് സഹകരണ മേഖല പ്രവർത്തിക്കുന്നത്. സംസ്ഥാന സംഘങ്ങൾ ബാങ്ക്,ജില്ല സഹകരണ ബാങ്ക്, പ്രാഥമിക സഹകരണ ബാങ്കുകൾ എന്നിങ്ങനെയാണ് സഹകരണ പ്രസ്ഥാനം പ്രവർത്തിക്കുന്നത്. നിലവിലുള്ള പ്രതിസന്ധിയെ മുറിച്ചു കടക്കാൻ ഇവ മൂന്നു തമ്മിൽ ഒറ്റക്കെട്ടായ പ്രവർത്തനം ആവശ്യമാണ്. സഹകരണ മേഖലക്കുവേണ്ടി രൂപം കൊണ്ട നബാർഡും ഇതിനൊപ്പം സഹായവുമായി നിൽക്കണം.

പ്രാഥമിക സംഘങ്ങളിൽ അംഗത്വമുള്ളവർക്ക് ജില്ല ബാങ്കിൽ അക്കൗണ്ട് തുടങ്ങിയാൽ പ്രാഥമികസംഘങ്ങളിൽനിന്നുതന്നെ വായ്പയും നിക്ഷേപവും കൈപ്പറ്റാനാകണം. ഇതിനായി മൂന്ന് തലത്തിലും പ്രവർത്തിക്കുന്ന ബാങ്കുകൾ തങ്ങളുടെ നിക്ഷപങ്ങൾ പുറത്തെടുക്കേണ്ടിവരും. കാലാവധി എത്താത്ത നിക്ഷേപങ്ങളും നഷ്ടം സഹിച്ച് ഇത്തരത്തിൽ ഉപയോഗിക്കണം.സംസ്ഥാന സഹകരണ ബാങ്കുകൾ ജില്ല, പ്രാഥമിക ബാങ്കുകളെ സഹായിക്കണം.

കൂടാതെ ബാങ്കുകൾ കോർ ബാങ്കിങ് ഇടപാടുകളിലേക്ക് മാറണം.അപ്പോൾ കെവൈസി ഇല്ലായ്മ എന്ന ആക്ഷേപവും മറികടക്കാനാകും.അതിനായി ഏറ്റവും മെച്ചപ്പെട്ട എകീകൃത സോഫ്റ്റ് വെയർ മാർച്ചിനുള്ളിൽ സജ്ജീകരിക്കാനാകണം. കൂടുതൽ ഇടപാടുകാർക്ക് റൂപേ കാർഡുകൾ അനുവദിക്കുന്നതിനും നടപടിയുണ്ടാകണം. കൂടാതെ വായ്പയുടേയും നിക്ഷേപത്തിന്റെയും പലിശയിൽ മാറ്റം വരുത്തണമോയെന്നും സംഘങ്ങൾ തീരുമാനിക്കണം.

സഹകരണബാങ്കുകളിലാകെ കള്ളപ്പണമാണെന്ന ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണ്. ഒരു തരത്തിലുള്ള പരിശോധനയേയും സഹകരണബാങ്കുകൾ തടഞ്ഞിട്ടില്ല. പൊതുജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനമാണ് സഹകരണ ബാങ്കുകൾ. ആക്ഷേപങ്ങൾ ഉന്നയിക്കുന്നവർ ഏതെങ്കിലും തരത്തിലുള്ള വസ്തുതകൾ ചൂണ്ടികാട്ടിയല്ല അത് ചെയ്യുന്നത്. നിയമപരമായ എല്ലാ നടപടികൾക്കും വിധേയമായാണ് ഭൂരിഭാഗം സഹകരണബാങ്കുകളും പ്രവർത്തിക്കുന്നതെന്നും പിണറായി പറഞ്ഞു.