- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിയേഴ്സ് പറയാൻ കേരള സർക്കാർ; സംസ്ഥാനത്ത് 175 മദ്യവിൽപ്പന ശാലകൾ കൂടി ആരംഭിക്കുന്ന കാര്യം പരിഗണനയിൽ; വാക്ക് ഇൻ മദ്യവിൽപന ശാലകൾ തുടങ്ങാനും നീക്കം; ബെവ്കോയുടെ ശുപാർശ എക്സൈസ് വകുപ്പിന്റെ പരിഗണനയിലെന്ന് സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ തുറക്കാൻ നീക്കം. സംസ്ഥാനത്ത് 175 പുതിയ മദ്യവിൽപന ശാലകൾ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ബെവ്കോയുടെ ശുപാർശ എക്സൈസ് വകുപ്പിന്റെ പരിഗണനയിലെന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. വാക്ക് ഇൻ മദ്യവിൽപന ശാലകൾ തുടങ്ങണമെന്ന കോടതിയുടെ നിർദേശവും സജീവ പരിഗണനയിലാണെന്ന് അഭിഭാഷകൻ അറിയിച്ചു. മദ്യശാലകളിലെ തിരക്കു കുറയ്ക്കാൻ വേണ്ടിയുള്ള നടപടികൾ പരിശോധിക്കണമെന്ന ഹൈക്കോടതി നിർദേശത്തിന് പിന്നാലെയാണ് കൂടുതൽ മദ്യശാലകൾ തുടങ്ങാൻ സർക്കാർ ഒരുങ്ങുന്നതും.
ബെവ്കോ ഔട്ട്ലെറ്റുകൾക്ക് മുന്നിൽ ആൾക്കൂട്ടം സംബന്ധിച്ച് കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകകയായിരുന്നു കോടതി. ഈ ഘട്ടത്തിലാണ് മദ്യവിൽപ്പന ശാലകളുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിനുള്ള ബെവ്കോയുടെ ശ്രമങ്ങൾ സംബന്ധിച്ച് അഭിഭാഷകൻ വിശദീകരിച്ചത്. കേസ് മറ്റൊരു ദിവസം പരിഗണിക്കാനായി മാറ്റി.
നിലവിൽ സംസ്ഥാനത്തെ ഒട്ടേറെ മദ്യവിൽപനശാലകളിൽ വാക്ക് ഇൻ സൗകര്യമുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേരളത്തിൽ 1.12 ലക്ഷം പേർക്ക് ഒരു മദ്യവിൽപന ശാലയെന്ന അനുപാതത്തിലാണുള്ളത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണെന്നും സർക്കാർ അറിയിച്ചു. സമീപവാസികൾക്ക് ശല്യമാകാത്ത തരത്തിൽ വേണം മദ്യവിൽപനശാലകൾ പ്രവർത്തിക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരത്തിൽ ഒട്ടേറെ പരാതികൾ കോടതിക്ക് മുന്നിലെത്തുന്നുണ്ടെന്നും പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.
നേരത്തെ കൺസ്യൂമർ ഫെഡിന്റെ മദ്യ വിൽപ്പന ശാലകൾ വഴി ഇനി ഓൺലൈനായി ബുക്ക് ചെയ്ത് മദ്യം വാങ്ങാനും അവസരം ഒരുങ്ങിയിരുന്നു. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം സ്റ്റാച്ച്യു, എറണാകുളം ഗാന്ധി നഗർ, കോഴിക്കോട് മിനി ബൈപ്പാസ് എന്നിവിടങ്ങളിലെ ഷോപ്പുകളിലാണ് ഓൺലൈൻ ബുക്കിങ്ങിന് സൗകര്യം ഒരുക്കുന്നത്. ഇന്നു മുതൽ ഇവിടങ്ങളിൽ ഈ സൗകര്യം ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. മറ്റ് ഷോപ്പുകളിൽ ഒരാഴ്ച്ചക്കകം സംവിധാനം പ്രാവർത്തികമാകും.
ഇതോടെ ഉപഭോക്താക്കൾക്ക് ആവശ്യമായ ഇനം മദ്യങ്ങൾ ഓൺലൈനിലൂടെ പണമടച്ച് ബുക്ക് ചെയ്യാം. ആദ്യത്തെ ഇടപാടിന് രജിസ്ട്രേഷൻ ചെയ്യുമ്പോൾ പേര് നൽകണമെന്നത് ആവശ്യമാണ്. മൊബൈൽ നമ്പർ കൂടി നൽകിയാൽ ലഭിക്കുന്ന സുരക്ഷാ കോഡ് നൽകി റജ്സിട്രേഷൻ പൂർത്തീകരിക്കാം. വാങ്ങുന്ന ആൾ തനിക്ക് 23വയസ് പൂർത്തിയായി എന്ന് സ്വയം സാക്ഷ്യപ്പെടുത്തണം എങ്കിൽ മാത്രമേ ബുക്കിങ് സാധ്യമാകൂ.
fl.Cosumerfed.in എന്ന വൈബ്സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. പണമിടപാട് നടത്തി ബുക്ക് ചെയ്യുമ്പോൾ മൊബൈലിലേക്ക് ഒടിപി നമ്പർ ലഭിക്കും. ഈ നമ്പർ കാണിച്ച് വേണം മദ്യം വാങ്ങാൻ. ഇതുമായി മദ്യഷോപ്പിന്റെ പ്രവർത്തന സമയങ്ങളിൽ എപ്പോൾ വേണമെങ്കിലും ചെന്ന് മദ്യം വാങ്ങാം. മദ്യം ബുക്ക് ചെയ്ത ഉടൻതന്നെ മദ്യ ഷോപ്പിൽ അത് പാക്ക് ചെയ്തു വയ്ക്കും. മദ്യം പാക്ക് ചെയ്ത് വച്ചിട്ടുണ്ടെന്നും പ്രസ്തുത മദ്യഷോപ്പിൽ നിന്നും ഇവ കൈപ്പറ്റണമെന്നുമുള്ള സന്ദേശം ഉപഭോക്താവിന് മൊബൈലിൽ ലഭ്യമാകും. ഈ നടപടി വിൽപ്പന ശാലയിലെ തിരക്ക് ഒഴിവാക്കുകയും നീണ്ട ക്യൂവിൽ നിന്നും ഉപഭോക്താക്കൾക്ക് മദ്യം എളുപ്പം ലഭ്യമാക്കുന്നതിനും വേണ്ടിയാണെന്നും അതാണ് കൺസ്യൂമർ ഫെഡ് ലക്ഷ്യമാക്കുന്നതെന്നും ചെയർമാൻ, മാനേജിങ് ഡയറക്ടർ എന്നിവർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ