തിരുവനന്തപുരം: ലോട്ടറി അടിക്കുന്ന ഭാഗ്യവാന്മാർക്ക് പിന്നീട് എന്താണ് സംഭവിക്കുന്നത്. കോടികൾ ലോട്ടറി അടിച്ചിട്ടും ദാരിദ്ര്യത്തിൽ നിന്നും കരകയറാത്തവരുണ്ടോ? അത്തരക്കാരുടെ കഥകൾ കേരളം ധാരാളം കേട്ടിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശി മുസ്തഫയുടെ കഥ അത്തരത്തിൽ ഒന്നായിരുന്നു. കോടികൾ ലോട്ടറി അടിച്ചപ്പോൾ മക്കൾക്കും അടുപ്പക്കാർക്കുമെല്ലാം വാരിക്കോരി പണം ചിലവഴിച്ചു മുസ്തഫ. മക്കൾക്ക് വലിയ വീടുകൾ അടക്കം വീടു വെച്ചു നൽകി. ഇത് കൂടാതെ മദ്യപാനവും കലശലായി. ഒടുവിൽ ലോട്ടറി അടിച്ചയാൾക്ക് പണമെല്ലാം തീർന്ന് ദരിദ്രനായ അവസ്ഥയിലായി. ഇപ്പോൾ ജീവിതം അവശേഷിക്കുന്ന 50 ലക്ഷം കൊണ്ടാണ്.

മുസ്തഫയുടെ ഈ കഥ കുറച്ചുകാല മാധ്യമങ്ങളിൽ എല്ലാം തന്നെ വന്നിരുന്നു. ലോട്ടറി അടിച്ചിട്ടും ദരിദ്രന്മാരാകുന്ന അവസ്ഥ തടയാൻ വേണ്ടിയുള്ള ശ്രമങ്ങൾ സർക്കർ തലത്തിൽ തുടങ്ങിയിട്ടുണ്ട്. ലോട്ടറി അടിക്കുന്നവർക്ക് സർക്കാർ വക സ്‌പെഷ്യൽ ക്ലാസ് നൽകാനാണ് ഈ ബജറ്റിൽ മന്ത്രി ബാലഗോപാൽ വ്യക്തമാക്കിയിരിക്കുന്നത്. വൻ തുക ലോട്ടറി സമ്മാനമായി ലഭിക്കുന്നവർക്ക് വേണ്ടിയാണ് ബജറ്റിൽ പ്രത്യേക നിർദ്ദേശം ഉൾകൊള്ളിച്ചിരിക്കുന്നത്.

വലിയ തുക സമ്മാനമായി ലഭിക്കുന്നവർക്ക് തുകയുടെ വിനിയോഗം സംബന്ധിച്ച് ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തിൽ സാമ്പത്തിക വിദഗ്ധരുമായി ചേർന്ന് ധനകാര്യ മാനേജ്‌മെന്റിൽ പരിശീലനം നൽകാനാണ് സർക്കാർ തീരുമാനം. ലോട്ടറി ജേതാക്കൾ സമ്മാനത്തുക ശരിയായി വിനിയോഗിക്കുന്നു എന്നുറപ്പാക്കാൻ പരിശീലന ക്ലാസുകൾ നൽകുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നത്. അപ്രതീക്ഷിതമായി വലിയൊരു തുക സമ്മാനമായി കിട്ടുന്നവർ അത് അലക്ഷ്യമായി കൈകാര്യം ചെയ്ത് നഷ്ടം സംഭവിക്കുന്നത് ഒഴിവാക്കാനാണ് ഇത്. സുരക്ഷിതമായി തുക എവിടെയെല്ലാം നിക്ഷേപിക്കാം, ജീവിതത്തിൽ സാമ്പത്തിക ഉത്തരവാദിത്തം പാലിക്കുന്നതിനുള്ള നിർദേശങ്ങൾ തുടങ്ങിയവ പരിശീലനത്തിന്റെ ഭാഗമാകും. ഇതു സംബന്ധിച്ച കരട് നിർദ്ദേശം സമർപ്പിക്കാൻ ലോട്ടറി വകുപ്പിനു സർക്കാർ ഉടൻ നിർദ്ദേശം നൽകും.

പണം സുരക്ഷിതമായി ചെലവാക്കാൻ വഴികാട്ടുകയെന്നതാണ് ലോട്ടറി വകുപ്പ് ലക്ഷ്യമിടുന്നത്. ലോട്ടറി വകുപ്പിന്റെ പഠനമനുസരിച്ച്, ലോട്ടറി അടിച്ച ഭൂരിപക്ഷം പേരും പണം അനാവശ്യ കാര്യങ്ങൾക്കായി ചെലവഴിച്ചു തീർക്കുകയായിരുന്നു. മക്കളുടെയും ബന്ധുക്കളുടെയും സമ്മർദം കൊണ്ട് പണം മറ്റു കാര്യങ്ങൾക്കായി ചെലവഴിച്ചു തീർത്ത് ദാരിദ്ര്യത്തിൽ ജീവിക്കേണ്ടി വന്നവരും, ധൂർത്തടിച്ച് നശിപ്പിച്ചവരും കൂട്ടത്തിലുണ്ട്. ബന്ധുക്കൾ തമ്മിൽ തല്ലിപ്പിരിഞ്ഞ കഥകളും അനേകമുണ്ട്. ലോട്ടറി വകുപ്പ് ബംപർ സമ്മാനം ഏർപ്പെടുത്തിത്തുടങ്ങിയ കാലത്ത് 10 ലക്ഷം രൂപ സമ്മാനം അടിച്ചയാൾ ഒറ്റയ്ക്കു സിനിമ കാണാൻ തിയറ്റർ സീറ്റുകൾ മൊത്തം ബുക്കു ചെയ്യുകയും പിന്നീട് ധൂർത്തിലൂടെ ദാരിദ്ര്യത്തിലേക്കു വീഴുകയും ചെയ്ത സംഭവവുമുണ്ട്. പരിശീലനത്തിലൂടെ, ഇവയെല്ലാം ഒരുപരിധി വരെ അവസാനിപ്പിക്കാമെന്നാണ് വകുപ്പിന്റെ പ്രതീക്ഷ.

ഭാഗ്യക്കുറി ടിക്കറ്റിൽ നിലവിലുള്ളതിനെക്കാൾ മെച്ചപ്പെട്ട സുരക്ഷാ സംവിധാനം ഒരുക്കുമെന്നും മന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡിനെ തുടർന്ന് നിർത്തിവെച്ച ലോട്ടറികൾ പൂർണമായി പുനഃസ്ഥാപിക്കും. കൊവിഡിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ലോട്ടറികളുടെ ഘടനയും പ്രവർത്തനങ്ങളും എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. എഴുത്തുലോട്ടറി പോലുള്ള അനധികൃത ഭാഗ്യക്കുറികൾക്കെതിരേ നടപടി സ്വീകരിക്കുന്നതിന് പ്രത്യേക സെൽ രൂപീകരിക്കുമെന്നും ബജറ്റ് നിർദേശങ്ങളിൽ മന്ത്രി വ്യക്തമാക്കി.