- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സർക്കാറിനോട് ഉടക്കിയ ഗവർണർ ഒപ്പിട്ടില്ല; ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ കാലാവധി കഴിഞ്ഞ 11 ഓർഡിനൻസുകൾ റദ്ദായി; അഴിമതി കേസിൽ ലോകായുക്ത വിധിക്കുമേൽ മുഖ്യമന്ത്രിക്ക് അധികാരം നൽകുന്ന വിവാദ ഭേദഗതി അസാധു; പുതിയ നിയമം വന്നില്ലെങ്കിൽ മുഖ്യമന്ത്രിക്ക് തന്നെ കുരുക്കാകും; ആരിഫ് മുഹമ്മദ് ഖാനെ പിണക്കാതെ രമ്യമായി പ്രശ്നം തീർക്കാൻ പിണറായിയുടെ ശമം
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാറിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെ കാലാവധി കഴിഞ്ഞ 11 ഓർഡിനൻസുകൾ റദ്ദായി. ഗവർണർ ഒപ്പിടാതെ വന്നതോടെയാണ് ലോകായുക്ത നിയമഭേദഗതി ഉൾപ്പടെയുള്ള ഓർഡിനൻസുകൾ റദ്ദായത്. ഓർഡിനൻസുകൾ പുനർവിളംബരം ചെയ്യാൻ വിസമ്മതിച്ചതോടെ ഗവർണറും സർക്കാരുമായുള്ള ഏറ്റുമുട്ടൽ പുതിയ വഴിത്തിരിവിലെത്തി.
പൊതുപ്രവർത്തകരുടെ അഴിമതി തെളിഞ്ഞാൽ അവർ സ്ഥാനത്ത് തുടരാൻ അർഹരല്ലെന്ന് വിധിക്കാനുള്ള ലോകായുക്തയുടെ അധികാരം എടുത്തുകളയുന്ന ഓർഡിനൻസാണ് ഇക്കൂട്ടത്തിലെ പ്രധാനപ്പെട്ടത്. ലോകായുക്ത വിധിക്കുമേൽ മുഖ്യമന്ത്രിക്ക് അധികാരം നൽകുന്ന വിവാദ ഭേദഗതിയായിരുന്നു നിലവിൽവന്നത്. കഴിഞ്ഞ മന്ത്രിസഭയിൽ കെ ടി ജലീൽ രാജിവെക്കേണ്ടി വന്നതിൽ ആധാരമായത് ലോകായുക്ത വിധിയായിരുന്നു. ഇത് കൂടാതെ മുഖ്യമന്ത്രിക്കെതിരായ കേസുകളും ലോകായുക്തയുടെ മുന്നിലുണ്ടായിരുന്നു. ഇതിനിടെയാണ് നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചതും.
ഈ ഓർഡിനൻസുകൾ റദ്ദായതോടെ പിണറായിക്കും കുറച്ചുകാലത്തേക്ക് ലോകായുക്തയെ പേടിക്കേണ്ടി വരും. അതേസമയം നിയമസഭ വിളിച്ചു ചേർത്ത് നിയമങ്ങൾ പാസാക്കാനാണ് സർക്കാറിന്റെ അടുത്ത ശ്രമം. തിങ്കളാഴ്ച രാത്രി 12 മണിവരെയായിരുന്നു ഓർഡിനൻസുകൾക്ക് സാധുതയുണ്ടായിരുന്നത്. അവ റദ്ദായതോടെ ഈ ഓർഡിനൻസുകൾ വരുന്നതിനുമുമ്പുള്ള നിയമം എന്തായിരുന്നുവോ അതാണ് നിലനിൽക്കുക. രാജ്ഭവൻ വഴിയും നേരിട്ടും സർക്കാർ പ്രതിനിധികൾ ഗവർണറെ അനുനയിപ്പിക്കാൻ നോക്കിയെങ്കിലും വഴങ്ങിയില്ല.
സർവകലാശാലകളിൽ ചാൻസലർ എന്നനിലയിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നടപടിയെ ചുറ്റിപ്പറ്റിയായിരുന്നു അനുനയനീക്കം. റദ്ദാക്കപ്പെടുന്നവയിൽ ഏഴുപ്രാവശ്യംവരെ പുതുക്കിയ ഓർഡിനൻസുകളുണ്ട്. നിയമസഭയിൽ അവതരിപ്പിച്ച് നിയമനിർമ്മാണം നടത്തുന്നതിനു പകരം ഓർഡിനൻസ് രാജിലേക്കാണ് സംസ്ഥാനം പോകുന്നതെന്നാണ് ഗവർണറുടെ വിമർശം.
എന്നാൽ, വി സി. നിയമനങ്ങളിൽ ചാൻസലറുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിനുള്ള ഓർഡിനൻസ് സർക്കാർ കൊണ്ടുവരാൻ തീരുമാനിച്ചതാണ് ഗവർണറെ പ്രകോപിപ്പിച്ചതെന്നാണ് വിലയിരുത്തൽ. ഉടനടി നടക്കേണ്ട കേരള സർവകലാശാല വി സി. നിയമനം ഇരുകൂട്ടരും തമ്മിലുള്ള തർക്കത്തിന് ആക്കംകൂട്ടി.
ഓർഡിനൻസുകളിൽ കണ്ണടച്ച് ഒപ്പിടില്ലെന്നതാണ് ആരിഫ് മുഹമ്മദ് ഖാൻ വിശദീകരിക്കുന്നത്. ഫയലുകൾ വിശദമായി പഠിക്കാൻ സമയം വേണം. ജനാധിപത്യത്തിൽ ഓർഡിനൻസിലൂടെ ഭരിക്കുന്നത് ഭൂഷണമല്ല. ദേശീയയോഗത്തിൽ പങ്കെടുക്കാൻ ഡൽഹിക്ക് പുറപ്പെടുന്നതിനു തൊട്ടുമുമ്പാണ് ഫയലുകൾ ഒന്നിച്ച് രാജ്ഭവനിലെത്തിയത്. അവ പരിശോധിക്കാൻ സമയം ലഭിച്ചിട്ടില്ല. തന്റെ അധികാരം കുറയ്ക്കാൻ നീക്കം നടക്കുന്നതായുള്ള ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ല. ഗവർണറുടെ അധികാരം സംബന്ധിച്ച് മുഖ്യമന്ത്രി ഉറപ്പുനൽകിയതാണ്. അടിയന്തര സാഹചര്യങ്ങളില്ലാതെ ഓർഡിനൻസ് ഇറക്കാനാണെങ്കിൽ നിയമനിർമ്മാണ സഭകളുടെ പ്രസക്തിയെന്താണ് എന്നും ഗവർണർ ചോദിക്കുന്നു.
ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചതോടെ ഇനി നിയമസഭയിൽ ബില്ലായി കൊണ്ടുവന്ന് പാസാക്കുകയാണ് സർക്കാരിനുമുമ്പിലുള്ള വഴി. ഓർഡിനൻസിലെ ഉള്ളടക്കത്തോടല്ല ഗവർണറുടെ എതിർപ്പ്. സഭ ഇവ പാസാക്കി ഗവർണർ ഒപ്പിടുമ്പോൾ മാത്രമേ നിയമമാകൂ. ഓർഡിനൻസ് റദ്ദാകുന്നതുമുതൽ സഭ ബിൽ പാസാക്കി ഗവർണർ ഒപ്പിടുന്നതുവരെയുള്ള ഇടക്കാലത്തേക്ക് നിയമത്തിന് പ്രാബല്യം നൽകണമെന്ന വ്യവസ്ഥകൂടി ബില്ലിൽ ഉൾപ്പെടുത്താൻ വ്യവസ്ഥയുണ്ട്. ഇത് നടപ്പാകുന്നതുവരെ പഴയ നിയമമായിരിക്കും ബാധകം.
ഇപ്പോഴത്തെ നിലയിൽ അനുരഞ്ജന പാതയിൽ മുന്നോട്ടു പോകാനാണ് സർക്കാർ ഒരുങ്ങുന്നത്. സർക്കാരിനോട് ഇടഞ്ഞു നിൽക്കുന്ന ഗവർണറെ കൂടുതൽ പ്രകോപിപ്പിക്കേണ്ടതില്ലെന്ന് സിപിഎം നേതൃയോഗത്തിൽ തീരുമാനം. ഓർഡിനൻസ് വിവാദത്തിൽ ഗവർണറുമായി ഏറ്റുമുട്ടലിനില്ല. ഓർഡിനൻസ് പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. ഓർഡിനൻസുകൾ ബില്ലുകളാക്കി അവതരിപ്പിക്കാൻ ഒക്ടോബറിൽ പ്രത്യേക സഭാ സമ്മേളനം വിളിക്കാനും സി പി എം നിർദ്ദേശിച്ചു.
മറുനാടന് മലയാളി ബ്യൂറോ