തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപാധികൾ വച്ചതോടെ സംസ്ഥാന സർക്കാർ നേരിടുന്നത് കടുത്ത പ്രതിസന്ധി. സർക്കാർ തലത്തിൽ അടിയന്തിര കൂടിക്കാഴ്ചകൾ നടത്തുകയാണ്. മുഖ്യമന്ത്രിയും ഗവർണറും കൂടിക്കാഴ്ചക്കിടെ പരസ്പരം ക്ഷോഭിച്ച് സംസാരിച്ചുവെന്ന വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ എ കെജി സെന്ററിൽ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളും മറ്റ് നേതാക്കളും മന്ത്രിമാരും അടിയന്തിര കൂടിയാലോചനകൾ നടത്തുകയാണ്.

വെള്ളിയാഴ്ച നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കേയാണ് ഗവണർണർ ഉപാധികൾ മുന്നോട്ട് വച്ച് നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ വിസമ്മതിച്ചത്. സ്ഥിരം ജീവനക്കാർ പങ്കാളിത്ത പെൻഷന് തുക നൽകുമ്പോൾ മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫിനു പെൻഷൻ നൽകുന്നത് ശരിയല്ലെന്നാണ് ഗവർണരുടെ നിലപാട്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതുവരെ തയ്യാറായിട്ടില്ല. നിയമസഭാ സ്പീക്കറും മുഖ്യമന്ത്രിയും നേരിട്ട് ഇടപെട്ടെങ്കിലും ഇതുവരേയും പ്രസംഗത്തിൽ ഒപ്പിടാൻ ഗവർണർ തയ്യാറായിട്ടില്ല. ഇന്നലെ നിയമസഭാ സ്പീക്കറും ഇന്ന് ഉച്ചയ്ക്ക് മുഖ്യമന്ത്രിയും പിന്നീട് ചീഫ് സെക്രട്ടറിയും നേരിട്ട് രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അദ്ദേഹം അനുനയത്തിന് തയ്യാറായിട്ടില്ല.

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ സർവ്വീസിൽ രണ്ട് വർഷം പൂർത്തിയാക്കിയാൽ പെൻഷൻ അർഹരാവും എന്ന ചട്ടം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതിരിക്കുന്നത്. പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർ സിഎജിയേയും ബന്ധപ്പെട്ടിട്ടുണ്. സിഎജിയെ നേരിൽ വിളിച്ചാണ് ഗവർണർ ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടത്. സർക്കാർ ഉദ്യോഗസ്ഥരെ പോലെ എങ്ങനെ പേഴ്‌സണൽ സ്റ്റാഫിന് പെൻഷൻ നൽകും എന്ന ചോദ്യമാണ് ഗവർണർ ഉന്നയിക്കുന്നത്.

എന്നാൽ ഇതുമാത്രമല്ല മറ്റു ചില വിഷയങ്ങളും രാജ്ഭവനിലെ പൊട്ടിത്തെറിക്ക് കാരണമായെന്നാണ് സൂചന. അഡീഷണൽ പി.എയുടെ നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തു വിട്ട കത്താണ് ഗവർണറുടെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമെന്നാണ് വിവരം. തന്റെ അഡീഷണൽ പി.എയുടെ നിയമനത്തിൽ സർക്കാർ എഴുതിയ കത്ത് പുറത്തു വിട്ടത് മര്യാദക്കേടാണെന്നാണ് ഗവർണറുടെ നിലപാട്. അഡീ.പിഎ നിയമനത്തിൽ ഇല്ലാത്ത ഭരണഘടനാ പ്രശ്‌നമുണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമം ഉണ്ടായി.

ഗവർണറുടെ അഡീഷണൽ പിഎ ആയി നിയമിതനായ ഹരി എസ് കർത്ത ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അംഗമാണെന്ന് തെറ്റായ പ്രചരണം ചില കേന്ദ്രങ്ങൾ നടത്തി. ഹരി എസ് കർത്ത ബിജെപി സംസ്ഥാന സമിതി അംഗമല്ലെന്ന് ഇന്റലിജൻസ് എഡിജിപിയുടെ റിപ്പോർട്ടിന് ശേഷമാണ് സർകാരിലേക്ക് കത്ത് നൽകിയതെന്നും ഗവർണർ മുഖ്യമന്ത്രിയോട് പറഞ്ഞുവെനന്നാണ് വിവരം. വാക്കാൽ സംസാരിക്കേണ്ട കാര്യം കത്താക്കിയതെന്തിനാണെന്ന് ഗവർണർ മുഖ്യമന്ത്രിയോട് ചോദിച്ചുവെന്നാണ് വിവരം.

പൊതു ഭരണ സെക്രട്ടറി ഇത്തരമൊരു കത്തെഴുതില്ലെന്ന് തനിക്കറിയാമെന്നും അഡീഷണൽ പി.എ യെ നിയമിക്കാൻ ഗവർണർക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രിയോട് ഗവർണർ പറഞ്ഞതായാണ് വിവരം. തന്നോട് നേരിട്ട് സംസാരിക്കുന്നതിന് പകരം പൊതുഭരണസെക്രട്ടറിയെ കൊണ്ടൊരു കത്ത് എഴുതി തന്നെ അപമാനിച്ചുവെന്ന പരാതിയും ഗവർണർ മുഖ്യമന്ത്രിയോട് പറഞ്ഞു.

നയപ്രഖ്യാപനത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് ഗവർണർക്കു വിയോജിപ്പ് ഇല്ലെന്നറിയിരുന്നു. മുഖ്യമന്ത്രി ഗവർണറെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചിട്ടും നിലപാട് മാറ്റാൻ അദ്ദേഹം തയാറായിട്ടില്ല. നാളെ രാവിലെ ഒൻപതു മണിക്കാണു നയപ്രഖ്യാപനം നടക്കേണ്ടത്.

പാർട്ടി കേഡറിനെ വളർത്താൻ പെൻഷൻ രീതി ഉപയോഗിക്കുകയാണെന്നും ഇതു മാറ്റണമെന്നുമാണു ഗവർണറുടെ ആവശ്യം. അതിനിടെ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാലിനെ സർക്കാർ മാറ്റി. ശാരദ മുരളീധരനു പകരം ചുമതല നൽകി. ഗവർണറെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണു സൂചന. എന്നാൽ ഗവർണർ വഴങ്ങിയിട്ടില്ല.

നയപ്രഖ്യാപന പ്രസംഗം ഗവർണർ അംഗീകരിച്ച് തിരികെ സർക്കാരിലേക്ക് അയക്കണമെന്നാണ് ചട്ടം. ഇതിനു ശേഷമാണ് വെള്ളിയാഴ്ച നിയമസഭയിൽ ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തുക. ബജറ്റ് സമ്മേളനത്തിന് തുടക്കമാവുന്നത് തന്നെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ്. ചരിത്രത്തിൽ ഇതുവരെയില്ലാത്ത അസാധാരണമായ ഒരു പ്രതിസന്ധിയെയാണ് ഇതോടെ സർക്കാർ അഭിമുഖീകരിക്കുന്നത്. നേരത്തെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ സർക്കാരുമായി നേരിട്ട് ഏറ്റുമുട്ടിയിരുന്നു.

പിന്നീട് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് ശീതസമരം അവസാനിപ്പിച്ചത്. ഈ അടുത്ത് ജന്മഭൂമി മുൻ എഡിറ്ററെ എതിർപ്പ് പരസ്യമാക്കി തന്നെ ഗവർണറുടെ പി.ആർ.ഒ ആയി സർക്കാർ നിയമിച്ചിരുന്നു. ഗവർണർ ആവശ്യപ്പെട്ട പ്രകാരം രാജ്ഭവനിലെ ഫോട്ടോഗ്രാഫർക്കും ഇന്നത്തെ മന്ത്രിസഭായോഗം സ്ഥിരം നിയമനം നൽകിയിരുന്നു. കൊടുത്തും വാങ്ങിയും സർക്കാരും ഗവർണറും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം.

നയപ്രഖ്യാപന പ്രസംഗത്തിനായി നാളെ ഗവർണർ നിയമസഭയിൽ എത്തിയില്ലെങ്കിൽ അസാധാരണ പ്രതിസന്ധിയിലേക്കാവും കാര്യങ്ങൾ എത്തുക. രാജ്യത്തിന്റെ 75 വർഷത്തെ ചരിത്രത്തിൽ ഇതുവരെ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. നയപ്രഖ്യാപന പ്രസംഗം ഗവർണറുടെ ഭരണഘടനാപരമായ ബാധ്യതയാണ് എന്നിരിക്കെ നാളെ നിയമസഭയിൽ ഗവർണർ എത്തിയില്ലെങ്കിൽ പുതിയ പ്രതിസന്ധിയിലേക്കാവും സംസ്ഥാനം എത്തുക.