ന്യൂഡൽഹി: ശബരിമല മേൽനോട്ടത്തിന് ഹൈക്കോടതി സമിതിയെ നിയോഗിച്ചപ്പോൾ ഏറ്റവും വലിയ വിമർശനവുമായി എത്തിയത് സംസ്ഥാന സർക്കാരായിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയിൽ അപ്പീലും നൽകി. മേൽനോട്ട സമിതിയിൽ അംഗമായ ഫയർഫോഴ്‌സ് മേധാവി എ ഹേമചന്ദ്രനെ അംഗീകരിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു ഇതിന് പിന്നിൽ. ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ സുപ്രീംകോടതി ഉടൻ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. അതുകൊണ്ട് മാത്രമാണ് മേൽനോട്ട സമിതിക്കെതിരെ സർക്കാർ നടത്തിയ നീക്കം ഫലവത്താകാത്തത്. അങ്ങനെ സർക്കാരിന്റെ അധികാരങ്ങളിൽ മേൽ കടന്നു കയറുമെന്ന സർക്കാർ തന്നെ പറഞ്ഞ സമിതിയെ കുറിച്ചാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇപ്പോൾ പരാതി പറയുന്നത്. എല്ലാം ചെയ്യേണ്ടത് സർക്കാരണെന്നും മേൽനോട്ട സമിതി അതിന് തടസമാണെന്ന് വാദിച്ചവർ ഇപ്പോൾ മേൽനോട്ട സമിതി ഒന്നും ചെയ്യുന്നില്ലെന്ന് പരാതി പറയുമ്പോൾ അത് വിരോധാഭാസമാവുകയാണ്.

എന്തുവന്നാലും സുപ്രീംകോടതി വിധി നടപ്പാക്കുമെന്നും നവോത്ഥാനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നുമാണ് ശബരിമല വിഷയത്തിൽ പിണറായി സർക്കാർ എടുത്ത ആദ്യ നിലപാട്. തിരുവനന്തപുരത്ത് പുത്തരികണ്ടത്ത് മുഖ്യമന്ത്രി നടത്തിയ പ്രസംഗം സോഷ്യൽ മീഡിയ ഏറെ ചർച്ചയായിരുന്നു. ഇത് മുഖവിലയ്‌ക്കെടുത്താണ് പല ആക്ടിവിസ്റ്റുകളും ദർശനത്തിന് എത്തിയത്. മനിതി സംഘം സർക്കാരിന് മുൻകൂട്ടി കത്തെഴുതി. നിലയ്ക്കൽ എത്തുന്ന എല്ലാവരേയും ശബരിമലയിൽ കൊണ്ടു പോകുമെന്നായിരുന്നു മറുപടി. എന്നാൽ മനിതിക്കാരെ കൊണ്ടു വരാൻ പൊലീസ് തന്നെ മധുരയിൽ പോയി. അവരെ പമ്പയിലെത്തിച്ചു. പ്രതീക്ഷിക്കാത്ത പ്രതിഷേധമാണ് ഉയർന്നത്. ഇതോടെ സർക്കാർ വലിയ പ്രതിസന്ധിയിലായി. ഇതോടെയാണ് തീരുമാനം മേൽനോട്ട സമിതിയെടുക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടതും. അപ്പോൾ തന്നെ ദൈനംദിന ക്രമസമാധാനപാലനം സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് സമിതി അറിയിക്കുകയും ചെയ്തു. അതിന് ശേഷവും സർക്കാരും മന്ത്രിയും മേൽനോട്ട സമിതിയെ കുറ്റപ്പെടുത്തുകയാണ്.

ശബരിമലയിൽ സർക്കാരിന് വലിയ പിഴവുണ്ടായി എന്ന് പൊതുസമൂഹത്തിൽ ചർച്ച സജീവമാണ്. ഇത് മറികടക്കാനുള്ള ആയുധമായി മേൽനോട്ട സമിതിയെ കുറ്റപ്പെടുത്താനാണ് സർക്കാരിന്റെ നീക്കം. പ്രശ്‌നമെത്തുമ്പോൾ ഉത്തരവാദിത്തം മേൽനോട്ട സമിതിക്ക് കൈമാറാനുള്ള നീക്കം. ഇതാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഈ തൊട്ടുകളി പൊളിക്കുന്നതാണ് നിരീക്ഷണ സമിതിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ നൽകിയ അപ്പീലിലെ വാചകങ്ങൾ. മേൽനോട്ട സമിതി ഭരണപരമായ പ്രതിസന്ധി ഉണ്ടാക്കുമെന്ന വാദമാണ് സർക്കാർ ഹൈക്കോടതിയിൽ ഉന്നയിച്ചത്. കോടതിയുടെ നടപടി ഭരണഘടനാവിരുദ്ധമെന്നും സർക്കാർ കരുതുന്നു. വിധി നടപ്പിലാക്കാൻ ഹൈക്കോടതിയല്ല മേൽനോട്ടം വഹിക്കേണ്ടതെന്നാണ് സർക്കാർ വാദം. ശബരിമലയിൽ പൊലീസ് ചില ഏകപക്ഷീയമായ നടപടികൾ സ്വീകരിച്ചുവെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി മൂന്നംഗ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയത്. സ്ഥിതിഗതികൾ വിലയിരുത്തി കൃത്യമായി കോടതിയെ അറിയിക്കുന്നതിനാണ് മൂന്നംഗ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയത്. പൊലീസിൽ കോടതിക്ക് ഇപ്പോഴും വിശ്വാസമാണെന്നും എന്നാൽ ഭക്തരെ ബുദ്ധിമുട്ടിച്ചുകൊണ്ടാകരുത് നടപടികളെന്നും ഡിവിഷൻ ബെഞ്ച് ഓർമിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ പൊലീസിന് തന്നെയാണ് ശബരിമലയിലെ ക്രമസമാധാനത്തിന്റെ ചുമതല.

ശബരിമല മേൽനോട്ട സമിതിയിൽ ഡിജിപി ഹേമചന്ദ്രനും അംഗമാണ്. ഇതോടെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് മുകളിൽ ഹേമചന്ദ്രൻ ശബരിമല കാര്യത്തിൽ എത്തിയിരുന്നു. ഇതിനെ തുടർന്നാണ് സുപ്രീംകോടതിയെ സംസ്ഥാന സർക്കാർ അടിയന്തരമായി സമീപിച്ചത്. പൊലീസിന്റെ തീരുമാനങ്ങളിൽ ഹേമചന്ദ്രൻ ഇടപെടുമോ എന്നതായിരുന്നു ഭയം. എന്നാൽ മാന്യതയുമായി ഇത്തരം വിഷയങ്ങളിൽ ഹേമചന്ദ്രൻ ഇടപെട്ടില്ല. പൊലീസിനെ കുറ്റപ്പെടുത്തുന്ന വിലയിരുത്തലുകളും നടത്തിയില്ല. ഇതിനിടെയാണ് യുവതികൾ മലകയറാൻ എത്തിയത്. യുവതികളോട് ശബരിമലയിലേക്ക് വരാനും സുരക്ഷ ഒരുക്കാമെന്നും പറഞ്ഞത് സർക്കാരും പൊലീസുമാണ്. അങ്ങനെ എത്തിയ യുവതികളുടെ കാര്യത്തിൽ മേൽനോട്ട സമിതിയുടെ തീരുമാനം വേണമെന്ന് കടകംപള്ളി പരസ്യമായി പറഞ്ഞു. കാര്യങ്ങൾ കൈവിട്ടു പോയപ്പോഴായിരുന്നു ഇത്. എന്നാൽ ഹൈക്കോടതി ചോദിച്ചാൽ റിപ്പോർട്ട് നൽകുമെന്നും തീരുമാനമെടുക്കൽ അല്ല മേൽനോട്ടമാണ് ഉള്ളതെന്നും സമിതി പറഞ്ഞതോടെ സർക്കാർ വെട്ടിലായി. മണ്ടത്തരങ്ങളുമായി സർക്കാർ മുന്നോട്ട് പോയപ്പോൾ വിശ്വാസികളുടെ ചെറുത്ത് നിൽപ്പ് വിജയിച്ചു.

മേൽനോട്ട സമിതി ഹൈക്കോടതി നടപടി പൊലീസിനും എക്‌സിക്യൂട്ടീവിനും മേലുള്ള കടന്നുകയറ്റമാണെന്നും ശബരിമലയിലെ പൊലീസിന്റെ പ്രവർത്തനത്തെ ഇതു ബാധിക്കുന്നുവെന്നും സർക്കാർ സുപ്രീംകോടതിയിൽ നൽകിയ അപ്പിലിൽ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ഹൈക്കോടതിയല്ല മേൽനോട്ടം വഹിക്കേണ്ടതെന്ന വാദമാണ് സർക്കാർ ഉയർത്തിയത്. ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് എസ്. സിരിജഗൻ എന്നിവരാണ് ഡിജിപി എ.ഹേമചന്ദ്രന് പുറമേ നിരീക്ഷക സമിതിയിലുള്ളത്. പിണറായി സർക്കാരിന്റെ കണ്ണിലെ കരടായിരുന്നു ഐപിഎസുകാരനായ എ ഹേമചന്ദ്രൻ. പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നല്ല പുസ്തകത്തിൽ സ്ഥാനം നേടാൻ ഹേമചന്ദ്രന് കഴിഞ്ഞിരുന്നില്ല. ഇതാണ് പൊലീസിൽ ഹേമചന്ദ്രന് തിരിച്ചടിയായത്. ഇതെല്ലാം തിരിച്ചറിഞ്ഞാണ് ഫയർ ഫോഴ്‌സ് മേധാവിയായ ഹേമചന്ദ്രനെ ശബരിമലയിലെ സൈനാധിപനാക്കി ഹൈക്കോടതി മാറ്റിയത്. പിണറായി സർക്കാർ ഇതിൽ അസ്വസ്ഥരായിരുന്നു. പ്രതീക്ഷിച്ചതൊന്നും സംഭവിച്ചില്ല. ഹേമചന്ദ്രൻ ഹൈക്കോടതി നൽകിയ ഉത്തരവാദിത്തം മാത്രമാണ് നടത്തിയതും. അങ്ങനെ പൊലീസിന്റെ പ്രവർത്തനത്തിൽ ഇടപെടരുതെന്ന് സർക്കാർ ആഗ്രഹിച്ച സമിതിയാണ് ഹൈക്കോടതിയുടെ മേൽനോട്ട സമിതി. എന്നാൽ പ്രതിസന്ധിയെത്തുമ്പോൾ പഴി മുഴുവൻ സമിതിക്കും.

സമിതി ശബരിമലയിൽ പ്രായോഗികമല്ലെന്നും അതുകൊണ്ടുതന്നെ സമിതിയെ നിരോധിക്കണമെന്നുമായിരുന്നു സർക്കാരിന്റെ ആവശ്യം. ഇത്തരത്തിലൊരു സമിതിയെയാണ് ശബരിമലയിൽ കാര്യങ്ങളിൽ തീരുമാനം എടുക്കാത്തതിന്റെ പേരിൽ സർക്കാർ കുറ്റപ്പെടുത്തുന്നത്. വലിയ വിമർശനമാണ് ഇന്നും സമിതിക്കെതിരെ കടകംപള്ളി ഉയർത്തുന്നത്. ഹൈക്കോടതി നിരീക്ഷക സമിതിക്കെതിരെ നേരത്തെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു. ശബരിമലയിൽ എത്ര കക്കൂസുണ്ട്, കുളിമുറിയുണ്ട് എന്ന് അന്വേഷിക്കാനല്ല ഹൈക്കോടതി നിരീക്ഷക സമിതിയെ നിയോഗിച്ചത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന പ്രത്യേക സാഹചര്യത്തിലാണ് നിയോഗിച്ചത്. അവർ സർക്കാരിനേയും ദേവസ്വംബോർഡിനേയും ക്രമസമാധാന പ്രശ്നങ്ങളെ സംബന്ധിച്ച് ഉപദേശിക്കണം. മറ്റു കാര്യങ്ങൾ നോക്കാൻ നേരത്തെ തന്നെ അവിടെയൊരു കമ്മീഷനുണ്ടെന്നും മന്ത്രി ഇപ്പോൾ പരിഹസിക്കുന്നത്. ഇതോടെയാണ് സമിതിക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ അപ്പീലിലെ വസ്തുതകൾ ചർച്ചയാകുന്നത്.

ശബരിമലയിലെ സർവ്വ സൈന്യാധിപനായാണ് ഹേമചന്ദ്രനെ ഹൈക്കോടതി നിരീക്ഷകർക്കൊപ്പം നിയോഗിച്ചതെന്ന വിലയിരുത്തൽ സജീവമായിരുന്നു. സുഗമ തീർത്ഥാടനം ഉറപ്പാക്കാൻ മുൻ ജഡ്ജിമാർ ഉൾപ്പെട്ട മൂന്നംഗ നിരീക്ഷണ സംഘത്തെ ഹൈക്കോടതി നിയോഗിച്ചത്. ദേവസ്വം ഓംബുഡ്‌സ്മാൻ ജസ്റ്റിസ് പി.ആർ.രാമൻ, ഉന്നതാധികാര സമിതി ചെയർമാൻ ജസ്റ്റിസ് എസ്.സിരിജഗൻ എന്നിവരാണ് മറ്റ് രണ്ട് പേർ. ഇവർ വിരമിച്ച ജഡ്ജിമാരാണ്. എന്നാൽ മൂന്നാമൻ സർവ്വീസിലുള്ള പൊലീസുകാരനും. മുതിർന്ന ഐപി എസ് ഉദ്യോഗസ്ഥനെ സംഘത്തിൽ നിയോഗിച്ചത് പൊലീസിന്റെ കടിഞ്ഞാൺ ഹൈക്കോടതിക്ക് ലഭിക്കാൻ കൂടി വേണ്ടിയാണ്. അതുകൊണ്ട് തന്നെ സന്നിധാനത്ത് ഹേമചന്ദ്രൻ പറയുന്നതും പൊലീസിന് അനുസരിക്കേണ്ടി വരും. എന്നാൽ ഹേമചന്ദ്രന്റെ വാക്കുകളെ അനുസരിക്കരുതെന്ന അനൗദ്യോഗിക നിർദ്ദേശം പല പൊലീസുകാർക്കും സർക്കാർ തലത്തിൽ നൽകിയിരുന്നു. ഇത് മനസ്സിലാക്കി പൊലീസ് മേധാവിയുമായി ഏറ്റുമുട്ടലിന് പോകാതെ ഹേമചന്ദ്രൻ ഹൈക്കോടതിയുടെ നിരീക്ഷകനെന്ന നിലയിൽ പ്രവർത്തിച്ചു. കാര്യങ്ങൾ ഹൈക്കോടതിയെ അറിയിക്കും വിധമായിരുന്നു ഇടപെടൽ.

പൊലീസിന്റെ ഇടപെടലുകളിലെ പോരായ്മകൾ ഹൈക്കോടതിയെ അറിയിക്കാനും തെറ്റ് തിരുത്താനും അധികാരമുള്ളവരാണ് മേൽനോട്ട സമിതി. എന്നാൽ പൊലീസിനോടോ സർക്കാരിനോടോ യാതൊരു ഉത്തരവാദിത്തമില്ല. അതുകൊണ്ട് തന്നെ ദൈനംദിന ക്രമസമാധാന പ്രശ്‌നങ്ങൽ പൊലീസിന്റെ ഉത്തരവാദിത്തമാണ്. നിരോധനാജ്ഞ തീരുമാനത്തിൽ പോലും അതുകൊണ്ട് തന്നെ സമിതി പ്രതികൂല അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് വസ്തുത. അത്തരത്തിലൊരു സമിതിയെയാണ് മന്ത്രി കടകംപള്ളി വിമർശിക്കുന്നത്. ശബരിമല നിരീക്ഷണ സമിതിക്ക് മൂക്ക് കയർ ഇടാനുള്ള ഇടത് സർക്കാർ നീക്കമായിരുന്നു ഹൈക്കോടതി തീരുമാനത്തിന്നെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക് നീങ്ങിയത്. നിരീക്ഷണ സമിതി ശബരിമലയിൽ കർശന ഇടപെടൽ നടത്തുമെന്നും സമിതി തീരുമാനങ്ങളും ഇടപെടലുകളും സർക്കാർ വിരുദ്ധമാകുമെന്നും സർക്കാർ ഭയന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് സമിതിയെ നിർവീര്യമാക്കാനുള്ള സർക്കാർ നീക്കം നടന്നതും.

ശബരിമല പ്രശ് ശബരിമല ഒരു രാഷ്ട്രീയ പ്രശ്നമാക്കി നിലനിർത്താൻ സർക്കാർ ശ്രമിക്കുന്നുവെന്നു മനസിലാക്കിയാണ് ഹൈക്കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചത്. ശബരിമലയിലെത്തുന്ന ഭക്തർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യം ഒരുക്കുക, 24 മണിക്കൂറും ഭക്ഷണം ഉറപ്പാക്കുക എന്നിവയാണ് സമിതിയുടെ മുൻഗണനാ ക്രമത്തിലെ വിഷയങ്ങൾ.