കൊച്ചി: ലോക രാഷ്ട്രങ്ങൾ ആഗോള സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ടിരിക്കുന്ന ഇക്കാലത്ത് ഇന്ത്യയിലെ ബാങ്കുകൾ റെക്കോർഡു ലാഭമുണ്ടാക്കി പ്രവർത്തിക്കുന്നത് സമ്പന്ന രാഷ്ട്രങ്ങൾ ആശ്ചര്യത്തോടെയാണ് നോക്കിക്കാണുന്നതെന്ന് വി. ഡി. സതീശൻ എംഎൽഎ. പറഞ്ഞു. വരാപ്പുഴയിൽ കേരള ഗ്രാമീൺ ബാങ്കിന്റെ 575-ാമത് ശാഖ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാങ്കിങ്ങ് റെഗുലറേറ്ററി നിയമ പ്രകാരം, റിസർവ്വ് ബാങ്കിന്റെ മേൽനോട്ടത്തിൽ, നിയമപരമായി നിയന്ത്രിക്കപ്പെട്ട ബാങ്കിങ്ങ് സംവിധാനം ലോകത്ത് ആദ്യമായി നടപ്പിലാക്കിയ രാജ്യമാണ് ഇന്ത്യ. അതിനാലാണ് സമ്പന്ന രാജ്യങ്ങളിലെ ബാങ്കിങ്ങ് ഭീമന്മാർ തകർന്നപ്പോഴും, ഗ്രീസ് പോലുള്ള രാജ്യങ്ങളിൽ സമ്പത്ത് വ്യവസ്ഥ തന്നെ അപ്രത്യക്ഷമായപ്പോഴും ഇന്ത്യയിൽ ബാങ്കുകൾക്ക് പുതിയ ശാഖകൾ തുറക്കുന്നതിനും കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ജനങ്ങൾക്കു നൽകുന്നതിനും സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്ഥലം എംഎൽഎ. വി. ഡി. സതീശനൊപ്പം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിൽ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. വി. കുഞ്ഞുമോൻ, വരാപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. മുഹമ്മദ്, വാർഡ് മെമ്പർ എൽസമ്മ ജോയ് എന്നിവരുടെ ആദ്യ ഔദ്യോഗിക ചടങ്ങായിരുന്നു ഗ്രാമീൺ ബാങ്ക് ശാഖ ഉദ്ഘാടന വേദി.

ബാങ്ക് ജനറൽ മാനേജർ എൻ. കെ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റീജിയണൽ മാനേജർ മോഹനൻ എം. സ്വാഗതം പറഞ്ഞു. എ.ടി.എമ്മിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. മുഹമ്മദും, ലോക്കറിന്റെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പർ എൽസമ്മ ജോയിയും, കിസാൻ കാർഡിന്റെ ഉദ്ഘാടനം കൃഷി ഓഫീസർ ബിന്ദു സി. എസ്സും, ഡെപ്പോസിറ്റിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി പയസ് എ.കെയും നിർവ്വഹിച്ചു. ചീഫ് മാനേജർ കെ.പി. വാസുദേവൻ, സി.ഡി.എസ്. ചെയർ പേഴ്‌സൺ നിഷാ മാർട്ടിൻ എന്നിവരും പങ്കെടുത്തു. ബ്രാഞ്ച് മാനേജർ സനൽ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.