കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചാവേറാണ് മന്ത്രി കെ സി ജോസഫ് എന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. സോളാർ കേസിൽ ഇടം കൈയും വലം കൈയും നഷ്ടമായ ഉമ്മൻ ചാണ്ടി നേരിടുന്ന മറ്റൊരു ഭീഷണി കൂടിയാണ് കെ സി ജോസഫിന് എതിരായി കോടതി അലക്ഷ്യ കേസ്. ഹൈക്കോടതി ജസ്റ്റിസ് അലക്‌സാണ്ടർ തോമസിനെതിരെ വിമർശനം നടത്തിയതിന്റെ പേരിൽ ഫെബ്രുവരി 16ാം തീയ്യതി കോടതിഅലക്ഷ്യ കേസ് പരിഗണിക്കുമ്പോൾ കോടതി മുമ്പാകെ മാപ്പു പറയാതെ തടിയൂരാൻ കെ സി ജോസഫിന് സാധിക്കില്ല. ക്രിമിനൽ കോടതി അലക്ഷ്യകേസാണ് എന്നതിനാൽ മന്ത്രിക്ക് മുമ്പിൽ മറ്റു മാർഗ്ഗങ്ങളില്ല. ന്യായാധിപനെതിരെ ശുംഭൻ പരാമർശം നടത്തിയതിന്റെ പേരിൽ എം വി ജയരാജൻ മാപ്പു പറയാൻ കൂട്ടാക്കാത്തതിനെ തുടർന്നാണ് ജയിലിൽ പോകേണ്ടി വന്നത്. ജസ്റ്റിസ് അലക്‌സാണ്ടർ തോമസിനോടും കോടതിയോടും മാപ്പു പറഞ്ഞില്ലെങ്കിൽ കെ സി ജോസഫിനെയും കാത്തിരിക്കുന്നത് ഇതേ വഴിതന്നെയാണ്.

അഡ്വക്കേറ്റ് ജനറൽ കെ പി ദണ്ഡപാണിയുടെ ഓഫീസ് കേസ് നടത്തിപ്പിൽ നടത്തുന്ന നിരന്തരം വീഴ്‌ച്ചകൾ വരുത്തുന്നതിനെ കുറിച്ച് സൂചിപ്പിച്ചാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് വിമർശനം ഉന്നയിച്ചത്. ഈ വിമർശനത്തിന്റെ മുന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നേരെയും നീണ്ട വേളയിലാണ് പ്രതിരോധം തീർക്കാൻ വേണ്ടി കെ സി ജോസഫ് ഫേസ്‌ബുക്കിൽ കുറിച്ചതാണ് പരാമർശമാണ് വിവാദത്തിന് ഇടയാക്കിയത്. മുഖ്യമന്ത്രിക്കും ദണ്ഡപാണിക്കും വേണ്ടിയായിരുന്നു ജസ്റ്റിസിനെ മന്ത്രി വിമർശിച്ചത്.

ജൂലൈ 24 നാണ് അറ്റോർണി ജനറലിനെതിരെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് എന്താണ് അവകാശമെന്ന ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്റെ പരാമർശത്തിനെതിരെ കെ.സി ജോസഫ് തന്റെ ഫേസ്‌ബുക്ക് പേജിൽ പ്രതികരിച്ചത്. ജസ്റ്റിസ് അലക്‌സാണ്ടർ തോമസിന്റെ പരാമർശം അജ്ഞതയുടെ തെളിവാണെന്നും മുഖ്യമന്ത്രിയുമായി ബന്ധപ്പെടാത്ത ഒരു കേസിൽ അദ്ദേഹത്തെ വലിച്ചിഴച്ചുകൊണ്ടുവന്ന് അഭിപ്രായം പറയാൻ അലക്‌സാണ്ടർ തോമസിന് അവകാശമില്ലെന്നും അഭിപ്രായം പറഞ്ഞവരുടെ പൂർവ്വകാല ചരിത്രം നോക്കിയാൽ അവർ പറയുന്നതിൽ അൽഭുതപ്പെടേണ്ടതില്ല. ചായത്തൊട്ടിയിൽ വീണ് രാജാവായ കുറുക്കൻ അറിയാതെ ഓരിയിട്ടുപോയാൽ കുറ്റപ്പെടുത്താൻ കഴിയുമോ? കേരളത്തിന്റെ താൽപര്യങ്ങൾക്ക് വേണ്ടി സംസാരിക്കാൻ മുഖ്യമന്ത്രിക്ക് ആരുടേയും അനുമതി ആവശ്യമില്ലെന്നുമായിരുന്നു ജോസഫിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

ചായത്തൊട്ടിയിൽ വീണ കുറുക്കൻ എന്ന പരാമർശം കടുത്തതോടെ കാര്യങ്ങൾ പിടി വിട്ടു പോകുകയായിരുന്നു. ഇത് തിരുത്തിയെങ്കിലും ജോസഫ് രക്ഷപെട്ടില്ല. ഫലത്തിൽ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിനെ സംരക്ഷിക്കുന്ന വിധത്തിൽ ഇട്ട പോസ്റ്റിന്റെ പേരിൽ കെ സി ജോസഫ് തന്നെ കുഴിയിൽ ചാടുകയായിരുന്നു. കണ്ണൂർ ജില്ലയിലെ പെരിങ്ങോമിലെ വ്യാജ പട്ടയക്കാരെ സഹായിക്കാൻ വേണ്ടി ദണ്ഡപാണി ഒളിച്ചുകളിച്ചപ്പോഴാണ് ഓഫീസിനെ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് രൂക്ഷ വിമർശനം ഉന്നയിച്ചത്.

കേസ് നടത്തിപ്പിൽ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് നിരന്തരമായി വീഴ്‌ച്ച വരുത്തുന്നു എന്ന് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് രൂക്ഷമായി വിമർശിച്ചതും ഒടുവിൽ ചീഫ് സെക്രട്ടറിയോട് അന്വേഷിക്കാൻ നിർദ്ദേശിക്കുകയും ചെയ്തത് എജി ഓഫീസിൽ നിന്നുള്ള ഗുരുതരമായ കൃത്യവിലോപത്തെ തുടർന്നാണെന്ന് വ്യക്തമായി. പെരിങ്ങോം ഭൂമി കേസിൽ മൂന്ന് തവണ രേഖകൾ ഹാജരാക്കാൻ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ഉത്തരവിട്ടിരുന്നു. ഇക്കാര്യങ്ങൾ മാദ്ധ്യമങ്ങളിൽ വാർത്ത ആയതുമില്ല. മറിച്ച് വാർത്ത ആയത് അദ്ദേഹം നടത്തിയ വിമർശനങ്ങളായിരുന്നു. എന്നാൽ, ഈ വിമർശനങ്ങൾ പുറത്തുവന്നില്ലായിരുന്നുവെങ്കിൽ പെരിങ്ങോം കേസിലെ കള്ളക്കളികളെ കുറിച്ച് പുറംലോകം അറിയുക പോലുമില്ലായിരുന്നു.

പയ്യന്നൂരിലെ പെരിങ്ങോം ഭൂമി കേസിൽ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് രേഖകൾ ഹാജരാക്കണമെന്ന് മൂന്ന് തവണയാണ് ഉത്തവിട്ടത്. എന്നാൽ കോടതിയുടെ ഉത്തരവ് പാലിക്കാതെ ഉദ്യോഗസ്ഥർ ഒളിച്ചുകളിക്കുകയാണ് ഉണ്ടായത്. ഈ കേസിൽ കോടതി അലക്ഷ്യത്തിന് കേസെടുക്കാവുന്ന വിധത്തിലുള്ള വീഴ്‌ച്ചയാണ് എജി ഓഫീസ് വരുത്തിയത്. ഒടുവിൽ ഇക്കാര്യത്തിൽ കോടതിയിൽ നിന്ന് വിവരങ്ങൾ മറച്ചുവയ്ക്കുന്നത് ക്രിമിനൽ കോടതിയലക്ഷ്യമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

പെരിങ്ങോം കേസിൽ മൂന്ന് തവണയാണ് കോടതിയുടെ ഭാഗത്തു നിന്നും ഉത്തരവുണ്ടായത്. കേസിൽ ജൂൺ നാലിനും 30നും ജൂലൈ 14നുമായിുന്നു ഈ മൂന്ന് ഉത്തരവുകൾ. ആദ്യ ഉത്തരവ് പുറപ്പെടുവിച്ച ശേഷം രേഖകൾ ഹാജരാക്കാൻ വേണ്ട സമയം കോടതി നൽകിയിരുന്നു. ഇത് ഹാജരാക്കാനുള്ള സമയത്തിനുള്ളിൽ രേഖകൾ നൽകാത്തതിനെ തുടർന്നാണ് രണ്ടാമതും മൂന്നാമതും ഉത്തരവുകൾ പുറപ്പെടുവിച്ചത്.

എന്നാൽ ഇതൊക്കെ അവഗണിച്ചതോടെ ക്ഷമ നശിച്ച് കേസിനെ ബാധിക്കുമെന്ന കണ്ടായിരുന്നു ജസ്റ്റിസിന്റെ കടുത്ത നിലപാട്. മൂന്നുത്തരവുകളും അവഗണിച്ചപ്പോഴാണ് വെള്ളിയാഴ്‌ച്ച നിലപാട് കടുപ്പിച്ച് അഡ്വക്കറ്റ് ജനറൽ ഓഫിസിന്റെ വീഴ്ചകളെ കുറിച്ച് അന്വേഷിക്കാൻ ജസ്റ്റീസ് അലക്‌സാണ്ടർ തോമസ് ഉത്തരവിട്ടത്.

പയ്യന്നൂരിനടുത്ത് പെരിങ്ങോമിലെ സർക്കാർ ഭൂമി അനധികൃതമായി പതിച്ചു നൽകിയതാണ് കേസ്. ഈ കേസിൽ ഉന്നതർക്കുള്ളം താൽപ്പര്യം മൂലമായിരുന്നു ഈ ഇടപാടുകൾ. ദേവസ്വംഭൂമിയുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പ് പുറപ്പെടുവിച്ച ഉത്തരവുകൾ ഈ കേസിൽ ബാധകമാണോ എന്നാണ് സർക്കാരിനോട് കോടതി ജൂൺ 4ന്‌ചോദിച്ചത്. ജൂൺ നാലിന് ചോദിച്ച ചോദ്യത്തിനുള്ള ഉത്തരവ് നൽകാൻ 26 ദിവസം കിട്ടിയെങ്കിലും കോടതിയിൽ ഹാജരായ ഉദ്യോഗസ്ഥൻ നൽകിയില്ല. ജൂൺ 30 ന് കേസ് പരിഗണിച്ചപ്പോഴും വിശദീകരണം കിട്ടിയില്ല.

ഇതോടെ വിവരങ്ങൾ നൽകാതിരിക്കുന്നത് ക്രമിനിൽ കോടതിയലക്ഷ്യമായി പരിഗണിക്കുമെന്ന് കോടതി അന്ന് പുറപ്പെടുവിച്ച ഉത്തരവിൽ മുന്നറിയിപ്പ് നൽകി. ജൂലൈ 14ന് കേസ് പരിഗണിക്കുമ്‌ബോൾ വിശദീകരണം നൽകാനും ഉത്തരവ് നൽകി. ഈ ഉത്തരവും പാലിക്കപ്പെട്ടില്ല. ഇതേ തുടർന്ന് ഇക്കാര്യം ഏജിയും ഡിജിപിയും പരിശോധിക്കണമെന്ന നിർദ്ദേശവും കോടതി നൽകി. വെള്ളിയാഴ്‌ച്ച കേസ് പരിഗണിച്ചപ്പോൾ വീണ്ടും സമയമാവശ്യപ്പെട്ടതോടെയാണ് കോടതി അന്വേഷണത്തിന് ഉത്തരവ് നൽകിയത്. ഇങ്ങനെ കോടതിക്ക് മുബാകെ രേഖകൾ ഹാജരാക്കാതിരിക്കുന്നതിൽ ഉദ്യോഗസ്ഥർ നടത്തിയ വീഴ്‌ച്ചക്ക് കാരണം പ്രതികൾക്ക് വേണ്ടി വാദിച്ചത് അഡ്വക്കേറ്റ് ജനറൽ ദണ്ഡപാണിയുടെ മകനായിരുന്നു എന്നതിനാലായിരുന്നു.

പെരിങ്ങേം തട്ടിപ്പു കേസിന്റെ സൂത്രധാരൻ എന്ന് കേസന്വേഷിച്ച വിജിലൻസ് ഡിവൈ.എസ്‌പി ചൂണ്ടിക്കാട്ടിയ സി.കെ. രാമചന്ദ്രന്റെ വക്കാലത്ത് എടുത്തിരിക്കുന്നത് അഡ്വക്കറ്റ് ജനറൽ കെ.പി. ദണ്ഡപാണിയുടെ സ്വന്തം നിയമകാര്യ സ്ഥാപനമായ ദണ്ഡപാണി അസോസിയേറ്റ്‌സായിരുന്നു. കോടതിയിൽ ഹാജരായത് ദണ്ഡപാണിയുടെ മകൻ മില്ലു ദണ്ഡപാണിയുമായിരുന്നു.

പെരിങ്ങോം വില്ലേജിൽ അഞ്ചേക്കർ സ്ഥലം വ്യാജരേഖയുണ്ടാക്കി പട്ടയം തരപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് പയ്യന്നൂരിലെ മുൻ അഡീഷണൽ തഹസീൽദാർ ടി. രാമചന്ദ്രൻ, പയ്യന്നൂരിലെ മുൻ റവന്യൂ ഇൻസ്‌പെക്റ്റർ കെ.കെ. ഗോപാലകൃഷ്ണൻ, മുൻ വില്ലെജ് ഓഫിസർമാരായ രാമചന്ദ്രൻ നായർ, സി.കെ. ഷാജിമോൻ, മുൻ വില്ലെജ് അസിസ്റ്റന്റ് എം. ദിവാകരൻ, തട്ടിപ്പിലെ ഇടനിലക്കാരൻ സി.പി. രാമചന്ദ്രൻ എന്നിവർക്കെതിരേയായിരുന്നു വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് പരിഗണിച്ചത്.

ഒരു വിജിലൻസ് കേസിൽ നിന്ന് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കുന്ന തരത്തിൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ആനുകൂല്യം തങ്ങൾക്കും ലഭിക്കണമെന്നു പ്രതികൾ ആവശ്യപ്പെട്ടു. പ്രസ്തുത ഉത്തരവിന്റെ വിശദാംശങ്ങൾ, ഉത്തരവ് ഇവർക്ക് ബാധകമാവുമോ എന്നകാര്യം തുടങ്ങിയവ അറിയിക്കാൻ കോടതി പലതവണ നിർദ്ദേശിച്ചിട്ടും മറുപടി നൽകാൻ സർക്കാർ അഭിഭാഷകർക്കു കഴിഞ്ഞില്ല. ഇതാണ് രൂക്ഷ വിമർശനത്തിന് ഇടയാക്കിയത്. ഇത് ദണ്ഡപാണിയുടെ മകന് കേസ് ജയിക്കാൻ വേണ്ടിയാണെന്ന തരത്തിലായിരുന്നു ജസ്റ്റീസ് അലക്‌സാണ്ടർ തോമസിന്റെ നിരീക്ഷണവും ഉത്തരവും.

ഇങ്ങനെ അഡ്വക്കേറ്റ് ജനറലിനെ വിമർശിച്ച ജസ്റ്റിസിനെ പരോക്ഷമായി നിയമസഭയ്ക്കുള്ളിൽ മുഖ്യമന്ത്രിയും വിമർശിച്ചു. വന്ന വഴി ആരും മറക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. എന്നാൽ, പിന്നാലെ മന്തി കെസി ജോസഫ് എല്ലാ സീമകളും വിട്ട് വിമർശനവുമായെത്തി. വെള്ളത്തിൽ വീണ കുറുക്കനെന്ന പ്രയോഗം അതിരുകടന്നതായി. കെ സി ജോസഫിനെതിരെ ചീഫ് ജസ്റ്റിസി്‌ന പരാതി നൽകി അഡ്വ. ജയശങ്കറിനെ പോലുള്ളവർ രംഗത്തു വന്നു. കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന ആവശ്യമായിരുന്നു ഇവരും ഉന്നയിച്ചത്.

ഇതിനിടെയാണ് ശിവൻകുട്ടി എംഎൽഎ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. അഡ്വക്കേറ്റ് ജനറലിന്റെ അനുമതിയോടെ മാത്രമേ സാധാരണ കോടതയിലക്ഷ്യ നടപടി ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യാൻ സാധിക്കുകയുള്ളൂ. മന്ത്രിക്കെതിരായാണ് പരാതിയെന്നതിനാൽ സർക്കാരിന്റെ ഭാഗമായ അഡ്വക്കേറ്റ് ജനറലിൽനിന്ന് അനുമതി ലഭിക്കില്ലെന്നതിനാലാണ് ചീഫ് ജസ്റ്റിസിന് പരാതിയായി നൽകിയിരുന്നത്. ഈ കേസിൽ തന്നെ മന്ത്രിയെ രക്ഷിക്കാൻ ദണ്ഡപാണിയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ നടത്തിയെങ്കിലും അതൊക്കെ പാഴാകുകയാണ് ഉണ്ടായത്. എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ കെ സി ജോസഫിന് കോടതിയോടെ മാപ്പ് പറയാതെ മറ്റു മാർഗ്ഗങ്ങളൊന്നും ഉണ്ടാകില്ല.