കൊച്ചി: അമിതമായ ആത്മവിശ്വാസവും ചെയ്ത ക്വട്ടേഷനിൽ നിന്നും രക്ഷപെടാൻ വേണ്ടി വീണ്ടും സൈബർ ക്വട്ടേഷൻ നൽകി പൊലീസ് അന്വേഷണത്തെ സ്വാധീനിക്കാനുമുള്ള ദിലീപിന്റെ ശ്രമങ്ങൾക്കേറ്റ തിരിച്ചടിയാണ് ഇന്ന് ഹൈക്കോടതിയിൽ നിന്നും ഉണ്ടായത്. ദിലീപിന് ജാമ്യം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവിൽ ഹൈക്കോടതി താരത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വ്യക്തമാക്കുക കൂടി ചെയ്തത് പൊലീസിന്റെ ആത്മവീര്യം വർദ്ധിപ്പിക്കുകയും ചെയ്തു. സഹോദരൻ അനൂപിന്റെ വീരവാദം ഒരു വശത്തും മറുവശത്ത് പി സി ജോർജ്ജിനെ പോലെ ശക്തനായ രാഷ്ട്രീയ നേതാവിന്റെ അടിയുറച്ച പിന്തുണയും കാശെറിഞ്ഞ് പി ആർ ഏജൻസി വഴി നൽകിയ സൈബർ ക്വട്ടേഷനും ദിലീപിന് ഗുണത്തിന് പകരം ദോഷം ചെയ്തുവെന്നാണ് വ്യക്തമാക്കുന്നത്.

ദിലീപിന് ജാമ്യം നൽകിയാൽ അന്വേഷണത്തെ സ്വാധീനിക്കാനും കേസൊതുക്കാനും സാക്ഷികളെയും മറ്റും സ്വാധീനിക്കാനും ശ്രമങ്ങളുണ്ടാകുമെന്ന് പ്രോസിക്യൂഷൻ വാദിച്ചത് ഇപ്പറഞ്ഞ മൂന്ന് കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ്. മലയാള സിനിമയിലെ അധികാര കേന്ദ്രമായി പ്രവർത്തിച്ചു വന്ന വ്യക്തിയാണ് ദിലീപ്. അതുകൊണ്ട് തന്നെ ഈ കേസുമായി ബന്ധപ്പെട്ട സാക്ഷികൾക്കും സിനിമാ ബന്ധമുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ദിലീപിന് ജാമ്യം നൽകിയാൽ അത് കേസിനെ സ്വാധീനിക്കുമെന്ന കാര്യം സാധൂകരിക്കാൻ സോഷ്യൽ മീഡിയയിലെ അനുകൂല പ്രചരണവും ഞങ്ങൾ കളി തുടങ്ങാൻ പോവുന്നേയുള്ളൂ എന്ന അനൂപിന്റെ പരാമർശവും ധാരാളമായിരുന്നു.

ഗൂഢാലോചന ദിലീപിന്റേതല്ല ദിലീപിനെ ഇല്ലാതാക്കാനുള്ളതാണ്. ദിലീപിനെ കുടുക്കിയവർ ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകും. എല്ലാവരുടെയും പണി കഴിയട്ടേ, അപ്പോൾ ഞങ്ങൾ തുടങ്ങും. അനാവശ്യ ആക്ഷേപങ്ങൾ മടുത്തു. നാടുവിടാൻപോലും ആലോചിച്ചു. ശരിക്കുള്ള തെളിവുകൾ വരുമ്പോൾ നിരപരാധിത്വം ബോധ്യപ്പെടുമെന്നും അനൂപ് മാധ്യമങ്ങളോട് പറഞ്ഞത്. തെളിവില്ല, നൂറു ശതമാനം തെളിവില്ല. അവിടെയും ഇവിടെയും ഉണ്ടെന്ന സംശയത്തിന്റെ പേരിലാണ് അറസ്റ്റ്. ഇതൊന്നുമല്ല, എല്ലാം കെട്ടിച്ചമച്ചതാണ്. ഇതിന്റെ പേരിൽ ആളുണ്ട്. വക്കീലും കാര്യങ്ങളുമായി പോകുമ്പോൾ സത്യം പുറത്തുവരും. ബിഗ് ട്രാപ്പാണിത്. ഇത് എല്ലാവർക്കും വരും. ഗൂഢാലോചന നടത്തിയതു ദിലീപല്ല. ദിലീപിനെ കുടുക്കാനാണു ഗൂഢാലോചന നടന്നത്.

അനൂപിന്റെ ഈ വീരവാദം ശരിക്കും ഭീഷണിയുടെ രൂപത്തിലായിരുന്നു. പണവും പ്രതാപവും സ്വാധീന ശേഷിയുമുള്ള പ്രതിയുടെ സഹോദരന്റെ ഭാഗത്തു നിന്നുള്ള ഈ ഭീഷണിയെ അവഗണിക്കാൻ കോടതിക്ക് കഴിയുമായിരുന്നില്ല. ഇതിന് പിന്നാലെ പൊലീസ് തെളിവുകൾ ഹാജരാക്കിയ സമയത്തും പി സി ജോർജ്ജിൽ നിന്നും വലിയ പിന്തുണയാണ് ദിലീപിന് ലഭിച്ചത്. കേരളത്തിലെ വലിയ ജനപിന്തുണയുള്ള നേതാവ് പരസ്യമായി പിന്തുണച്ചത് പൊലീസ് അന്വേഷണത്തെ സ്വാധീനിക്കാൻ പോലും പോന്നതാണെന്ന തോന്നലും ശക്തമായിരുന്നു.

സംസ്ഥാനത്തെ പ്രധാനപ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ആസൂത്രിതനീക്കമാണ് ദിലീപിന്റെ അറസ്റ്റെന്നായിരുന്നു പി സി ജോർജ്ജ് വാദിച്ചിരുന്നത്. മുൻപും നടിമാർക്കെതിരെ ആക്രമണമുണ്ടായിട്ടും അമ്മയും സർക്കാരും ഒന്നും ചെയ്തിട്ടില്ല. ദിലീപ് കുറ്റക്കാരനെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും പിസി ജോർജ് ആവശ്യപ്പെടുകയുണ്ടായി. ഈ പിന്തുണയെല്ലാം ഫലത്തിൽ താരത്തിന് തിരിച്ചടിയായി മാറി. പൊലീസ് അന്വേഷണത്തിൽ ക്രിമിനൽ കേസ് അന്വേഷണത്തിൽ പൊലീസിനെ അപകീർത്തിപ്പെടുത്തുന്ന നവമാധ്യമ പ്രചാരണങ്ങൾക്കുവേണ്ടി 'സൈബർ ക്വട്ടേഷൻ' ശക്തമായിരുന്നു. ദിലീപിന് വേണ്ടി സോഷ്യൽ മീഡിയിയിൽ ശക്തമായ പ്രചരണമാണ് നടന്നത്.

അറസ്റ്റിലായ നടൻ ദിലീപിനു പ്രതികൂലമായ അഭിപ്രായം പറഞ്ഞ ചലച്ചിത്ര പ്രവർത്തകരെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണങ്ങൾക്കും സൈബർ ക്വട്ടേഷൻ സംഘം നേതൃത്വം നൽകിയിരിരുന്നു. മാധ്യമങ്ങളിൽ ദിലീപിന് അനുകൂലമായി അഭിപ്രായം പറയാൻ അറിയപ്പെടുന്ന പലർക്കും പണം വാഗ്ദാനം ചെയ്തതായും അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. ഇത്തരത്തിൽ ദിലീപ് ജയിലിൽ ആയിരിക്കുമ്പോൾ തന്നെയാണ് പുറത്ത് ഇത്രയും ശക്തമായ പ്രചരണം ഇരയെ ഭീഷണിപ്പെടുത്തുന്ന വിധത്തിലായിരുന്നു. ഇങ്ങനെ സ്വാധീന ശേഷിയുള്ള വ്യക്തി പുറത്തിറങ്ങിയാൽ എന്തായിരിക്കും അവസ്ഥയെന്ന കാര്യമാണ് പ്രോസിക്യൂഷനും കോടതി മുമ്പാകെ കൊണ്ടുവന്നത്. ഈ വാദവും കോടതിയിൽ പ്രോസിക്യൂഷൻ വാദത്തിന് കരുത്തു പകർന്നു.

ഗൂഢാലോചനയുടെ കിങ് പിൻ ദിലീപ് ആണെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചത്. അതിനാൽത്തന്നെ പ്രതിക്ക് ജാമ്യം ലഭിച്ചാൽ കേസിന്റെ തുടർന്നുള്ള അന്വേഷണത്തെ അത് ബാധിക്കും. കേസിനെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. അതിനാൽ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. വാദത്തിനിടെ കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിൽ നിന്ന് ദിലീപിന് എഴുതിയതെന്ന് പറയുന്ന കത്ത് ഡിജിപി കോടതിയെ വായിച്ച് കേൾപ്പിച്ചു. കത്ത് ദിലീപിന് കൈമാറിയിട്ടില്ലെന്ന് അഭിഭാഷകൻ കെ രാംകുമാർ പറഞ്ഞു. എന്നാൽ കത്തുലഭിക്കാതെ ബ്ലാക്ക് മെയിലിംഗിനെ കുറിച്ച് ദിലീപ് എങ്ങനെയാണ് പരാതി നൽകിയതെന്ന് പ്രോസിക്യൂഷൻ ചോദിച്ചു. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കെ രാംകുമാറും പ്രോസിക്യൂഷന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായരുമാണ് ഹാജരായിരുന്നത്.

എല്ലാ സാക്ഷിമൊഴികളും വിരൽ ചൂണ്ടുന്നത് ദിലീപിലേക്കാണ്. ദിലീപും പൾസർ സുനിയും തമ്മിൽ നാലുതവണ കണ്ടതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷന് വേണ്ടി വ്യക്തമാക്കി. ഇങ്ങനെ കൃത്യമായി കോടതിയിൽ കാര്യങ്ങൾ നിരത്തിയതോടെ ദിലീപ് ശരിക്കും വെട്ടിലാകുകയാണ് ചെയ്തത്. ഒരു ക്രിമിനലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ മുന്നോട്ട് പോകുന്നതെന്നും കെ രാംകുമാർ ചൂണ്ടിക്കാട്ടിയെങ്കിലും സാഹചര്യ തെളിവുകൾ ദിലീപിന് എതിരായി മാറുകയായിരുന്നു. ചുരുക്കത്തിൽ അന്വേഷണ സംഘത്തോട് കൂസലില്ലാതെ പെരുമാറിയതും പണം എറിഞ്ഞു നടത്തിയ പ്രചരണങ്ങളും ദിലീപിന് തിരിച്ചടിയായി മാറുകയായിരുന്നു.

ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കിയതോടെ താരത്തിന്റെ ഭാവിയെ തന്നെ കരിനിഴലിൽ വീഴ്‌ത്തിയിട്ടുണ്ട്. ജാമ്യവിധിയിലെ ഈ പരാമർശം തുടർന്നുള്ള തുടർന്നും ജാമ്യ തേടാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി മാറും. സുപ്രീം കോടതിയിൽ കേസ് എത്തുമ്പോൾ ഹൈക്കോടതിയിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടാൻ പ്രോസിക്യൂഷന് എളുപ്പം സാധിക്കുകയും ചെയ്യും. ചുരുക്കത്തിൽ വ്യക്തിവൈരാഗ്യം കൊണ്ട് സ്വയം തീർത്ത കുഴിയിൽ വീണ മലയാള സിനിമയിലെ കൊച്ചി രാജാവിന് ജയിലിൽ ഏറെക്കാലം ഇരുണ്ട ജീവിതം നയിക്കേണ്ടി വരുമെന്നത് ഉറപ്പാണ്.