തിരുവനന്തപുരം: സർക്കാരിന്റെ ഐടി പദ്ധതികളിൽ പ്രൈസ് വാട്ടർ ​​ഹൗസ് കൂപ്പേഴ്‌സിന് രണ്ടു വർഷത്തെ വിലക്കേർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടി ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. തങ്ങളെ കേൾക്കാതെയാണ് സർക്കാരിന്റെ തീരുമാനം എന്ന പി ഡബ്യൂ സി യുടെ വാദം അംഗീകരിച്ചാണ് സിംഗിൾ ബെഞ്ചിന്റെ നടപടി. സർക്കാർ നടപടി ഏകപക്ഷീയമാണ് എന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ താൽക്കാലിക സ്റ്റേ. ഹർജി വീണ്ടും ഈ മാസം 16ന് പരിഗണിക്കും

ഐടി വകുപ്പിന് കീഴിലുള്ള സ്‌പേസ് പാർക്കിൽ സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പി ഡബ്യൂസിയെ വിലക്കാൻ സർക്കാർ തീരുമാനിച്ചത്.എന്നാൽ സ്വപ്ന സുരേഷിന്റെ നിയമനം പ്രത്യേകിമായി പറയാതെ യോഗ്യതയില്ലാത്തവരെ നിയമിച്ചു എന്ന കാരണം പറഞ്ഞാണ് സർക്കാർ നടപടിയെടുത്തത്. കെ ഫോൺ പദ്ധതിയിൽ നിന്ന് പ്രൈസ് വാട്ടർ കൂപ്പേഴ്‌സിനെ ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചിരുന്നു.

സ്വപ്നയുടെ നിയമനത്തിലെ അപാകത ചൂണ്ടിക്കാണിച്ചാണ് കൺസൾട്ടൻസി സ്ഥാപനമായ പി.ഡബ്യു.സിയെ ഐ.ടി വകുപ്പ് വിലക്കിയത്. അതേസമയം സർക്കാർ ഉത്തരവിൽ സ്വപ്നയുടെ പേര് പരാമർശിക്കുന്നില്ല. യോഗ്യതയില്ലാത്ത ആളെ നിയമിച്ചു, കരാർ വ്യവസ്ഥയിൽ ഗുരുതര വീഴ്ച വരുത്തി എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്.

ഇ മൊബിലിറ്റി പദ്ധതിയിൽ നിന്നും നേരത്തെ പ്രൈസ് വാട്ടർഹൗസ് കൂപ്പറിനെ ഒഴിവാക്കിയിരുന്നു. കെ ഫോണുമായുള്ള കരാർ അവസാനിച്ചതിന് പിന്നാലെയാണ് ഐ.ടി വകുപ്പ് വിലക്കേർപ്പെടുത്തിയത്. സ്വ‍ർണക്കടത്ത് കേസും സ്വപ്ന സുരേഷ് വിഷയവും ച‍ർച്ചയായതോടെയാണ് പി.ഡബ്യു.സിയുമായുള്ള സർക്കാർ സഹകരണം അവസാനിപ്പിക്കാൻ ചീഫ് സെക്രട്ടറി നിർദ്ദേശിച്ചത്.

സ്വപ്നയെ കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് കീഴിലെ സ്‌പേസ് പാർക്കിൽ ഓപ്പറേഷൻസ് മാനേജറായി നിയമിച്ചത് പിഡബ്ല്യുസി വഴിയായിരുന്നു. സ്വർണക്കടത്ത് കേസിൽ സ്വപ്‌നയുടെ പേരുയർന്നതോടെ ഈ നിയമനവും വിവാദമായി. സ്വപ്‌നയുടെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. സ്വപ്നയുടേത് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റാണെന്ന് തെളിഞ്ഞതിന് പിന്നാലെ സ്വപ്നയുടെ നിയമനത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കെ.എസ്‌ഐ.ടി.എൽ പി.ഡബ്ല്യൂ.സിക്ക് നോട്ടീസ് അയച്ചിരുന്നു.

വ്യാജ ബിരുദ സർട്ടഫിക്കറ്റ് ഹാജരാക്കിയാണ് സ്വപ്ന സുരേഷ് ഐ.ടി വകുപ്പിന് കീഴിലെ കെ.എസ്‌ഐ.ടി.എല്ലിലെ സ്പേസ് പാർക്ക് പദ്ധതിയിൽ എത്തിയത്. നിയമനത്തിൽ എം. ശിവശങ്കർ ഇടപെട്ടതായി പിന്നീട് കണ്ടെത്തിയിരുന്നു. മാസം ഒരുലക്ഷത്തി ഏഴായിരം രൂപയായിരുന്നു സ്വപ്നയുടെ ശമ്പളം.