- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന്റെ സഹോദരി ഭർത്താവിനെതിരെ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്ന ഉത്തരവിൽ ഇളവു വരുത്തി ഹൈക്കോടതി; സൂരജിനെ കുറിച്ച് 'യാതൊന്നും' റിപ്പോർട്ടു ചെയ്യരുതെന്ന ഉത്തരവിലെ ഭാഗം നീക്കി ഡിവിഷൻ ബെഞ്ച്; വസ്തുതാ വിവരങ്ങൾ റിപ്പോർട്ടർ ടിവിക്ക് സംപ്രേഷണം ചെയ്യാം
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജിനെതിരെ ഒരു വാർത്തകളും പ്രസിദ്ധീകരിക്കരുതെന്ന ഹൈക്കോടതി ഉത്തരവിൽ ഇളവ്. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിൽ ചൂണ്ടിക്കാട്ടിയ 'എതിരായി യാതൊന്നും' റിപ്പോർട്ടു ചെയ്യരുതെന്ന ഭാഗത്തിലാണ് കോടതി ഇളവു നൽകിയത്. യാതൊന്നും റിപ്പോർ്ട്ടു ചെയ്യരുത് എന്നത് മാധ്യമ സ്വാതന്ത്യത്തെ ഹനിക്കുന്നതാണെന്ന വാദം ഭാഗികമായി ശരിവച്ചാണ് കോടതി ചാനലിന് ഇളവു നൽകിയിരിക്കുന്നത്.
ആറാം പ്രതിയും ദിലീപിന്റെ സഹോദരി ഭർത്താവുമായ സുരാജിനെതിരായ അഭ്യൂഹങ്ങളോ, ചാനൽ ചർച്ചകളോ നടത്തെരുതെന്നാണ് ഹൈക്കോടതി റിപ്പോർട്ടർ ടിവിക്ക് നൽദേശം നൽകിയിരുന്നത്. ഏപ്രിൽ 19 മുതൽ മൂന്നാഴ്ചക്കാലത്തേക്ക് സുരാജുമായി ബന്ധപ്പെട്ട് വാർത്തകൾ പ്രസിദ്ധീകരികയോ, സംപ്രേഷണം ചെയ്യുകയോ ചെയ്യരുത് എന്നാണ് നിർദ്ദേശം. ജസ്റ്റിസ് മുഹമ്മദ് നിയാസാണ് അന്ന് ഉത്തരവ് നൽകിയത്.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനും തനിക്കുമെതിരെ റിപ്പോർട്ടർ ചാനൽ മാധ്യമ വിചാരണ നടത്തുകയാണ്. ചാനൽ റേറ്റിങ്ങിനും സെൻസേഷണലിസത്തിനും വ്യാജ ആരോപണങ്ങൾ നിരന്തരം ഉന്നയിക്കുകയാണെന്നും ആരോപിച്ചാണ് സൂരജ് കോടതിയെ സമീപിച്ചത്. കേസിലെ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന് അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ ഹർജി പരിഗണിച്ചാണ് സുരാജിനെതിരെ യാതൊന്നും റിപ്പോർട്ടു ചെയ്യരുതെന്ന് ഓർഡറിൽ വന്നത്.
റിപ്പോർട്ടർ ടിവിയുടെ ചില വാർത്തകളുടെ ഭാഗങ്ങളും ഹർജിക്കൊപ്പം അദേഹം കോടതിയിൽ ഹാജരാക്കിയിരുന്നു. ചാനൽ വാർത്തയായി നൽകിയതു പലതും തെറ്റാണെന്ന് സൂരജ് കോടതിയിൽ വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചാനലിനെ കേസ് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും ചർച്ചകൾ സംഘടിപ്പിക്കുന്നതിൽ നിന്നും വിലക്കിയത്. കേസിലെ കോടതി ഉത്തരവുകൾ ഒഴികെ മറ്റൊന്നും പ്രസിദ്ധീകരിക്കരുതെന്നും റിപ്പോർട്ടർ ടിവിക്ക് ജസ്റ്റിസ് മുഹമ്മദ് നിയാസ് നിർദ്ദേശം നൽകിയിരുന്നു.
എന്നാൽ തങ്ങളെ കേൾക്കാതെയാണ് വാർത്തകൾക്ക് നിരോധനം ഏർപ്പെടുത്തിയ വിധി പ്രഖ്യാപിച്ചതെന്ന് റിപ്പോർട്ടർ ടിവി ആരോപിച്ചിരുന്നു. തുടർന്നാണ് കേസിൽ അപ്പീൽ നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധ ഗൂഢാലോചന കേസിൽ ആറാം പ്രതിയായ സുരാജിനെതിരെ വാർത്തകൾ വിലക്കിയത് എന്തിനെന്ന് അറിയില്ലെന്ന് എഡിറ്റർ എം വി നികേഷ് കുമാർ പ്രതികരി്ചിരുന്നു. അതപോലെ തന്നെ നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലും നാളിതുവരെ വസ്തുതാ വിരുദ്ധമായ ഒരു വാർത്തപോലും റിപ്പോർട്ട് ടിവി നൽകിയിട്ടില്ലെന്നുമാണ് ചാനൽ വാദിച്ചത്.
ഇരു കേസുകളിലും വസ്തുതാവിരുദ്ധമായി റിപ്പോർട്ടർ ടിവി വാർത്ത നൽകിയെന്ന് സുരാജ് പോലും ഹർജിയിൽ ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും നികേഷ് കുമാർ പറയുന്നു. നിയമപരിധിയിൽ നിന്നുകൊണ്ട് വാർത്തകൾ നൽകമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നൽകിയിരിക്കുന്ന ഇളവ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരാണ് കേസ് പരിഗണിച്ചത്. അതേസമയം വാർത്ത സെൻസേഷണലൈസ് ചെയ്യരുതെന്നും കോടതി ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച കേസിലെ കോടതി വിവരങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിലും കോടതി വിലക്കുണ്ട്.