- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'റോഡുകളിലെ മരണങ്ങൾ മനുഷ്യനിർമ്മിത ദുരന്തം; ഇന്ത്യയിൽ മറ്റൊരിടത്തും ഇത്രയും മോശമായ ദേശീയപാതയില്ല; അപകടങ്ങളിൽ ആളുകൾ മരിച്ചുകൊണ്ടിരിക്കുന്നു; ഒരാഴ്ചയ്ക്കുശേഷം റോഡിൽ കുഴികൾ പാടില്ല'; ദേശീയ പാത അഥോറിറ്റിയോട് ഹൈക്കോടതി; കളക്ടർമാർക്ക് വിമർശനം
കൊച്ചി: ദേശീയ പാതാ അഥോറിറ്റിയുടെ കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണി ഒരാഴ്ചക്കകം പൂർത്തീകരിക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. റോഡുകളുടെ ശോച്യാവസ്ഥയ്‌ക്കെതിരായ ഹർജികൾ പരിഗണിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് ഉത്തരവ്. 21നാണ് ടെൻഡർ നടപടികൾ എന്ന് എൻഎച്ച്എഐ (ദേശീയ പാത അഥോറിറ്റി) അറിയിച്ചു. അതിനു മുൻപ് തന്നെ താൽകാലിക പണികൾ പൂർത്തീകരിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു.
റോഡുകളിലെ മരണങ്ങൾ മനുഷ്യനിർമ്മിത ദുരന്തമാണെന്ന നിരീക്ഷണത്തോടെയാണ് കോടതി കുഴിയടയ്ക്കാൻ ഒരാഴ്ച സമയം അനുവദിച്ചിരിക്കുന്നത്. ആളുകളെ ഇങ്ങനെ മരിക്കാൻ അനുവദിക്കരുതെന്ന് കോടതി പറഞ്ഞു. കലക്ടർമാരെ വിമർശിച്ച കോടതി, എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നു ചോദിച്ചു. ഇന്ത്യയിൽ മറ്റൊരിടത്തും ഇത്രയും മോശമായ ദേശീയപാതയില്ലെന്നും ഹൈക്കോടതി പറഞ്ഞു.
റോഡിലെ അപകടങ്ങളിൽ ആളുകൾ മരിച്ചുകൊണ്ടിരിക്കുകയാണ്. എത്രകാലം ഇതുകണ്ടു നിശബ്ദമായിരിക്കാൻ പറ്റുമെന്നു ചോദിച്ച ഹൈക്കോടതി ജില്ലാ കലക്ടർമാർക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. ജില്ലാ കലക്ടർമാർ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും അപകടങ്ങൾ സംഭവിക്കാനായി കാത്തിരിക്കുകയാണോ എന്നും കോടതി ചോദിച്ചു.
ആളുകൾ യാത്ര തിരിച്ചാൽ ജീവനോടെ തിരിച്ചെത്തുമോയെന്ന് പറയാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിലെ റോഡുകളിലുള്ളത്. റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചതു പോലെയുള്ള സംഭവങ്ങൾ ഒറ്റപ്പെട്ട അപകടങ്ങളായി കാണാനാകില്ല. കൊടുങ്ങല്ലൂർ ബൈപ്പാസിന്റെ അവസ്ഥയെന്താണെന്ന് ആരാഞ്ഞ കോടതി ജില്ലാ കലക്ടർമാർക്കു തങ്ങളുടെ അധികാര പരിധിയിൽ നടക്കുന്ന സംഭവങ്ങളിൽ ഉത്തരവാദിത്തമില്ലേ എന്നു ചോദിച്ചു. റോഡിലെ കുഴിയിൽ വീണു ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കോടതി നടുക്കം രേഖപ്പെടുത്തി.
മഴ കാരണമാണ് കുഴികൾ ഉണ്ടായതെന്ന വാദമാണ് ദേശീയ പാതാ അഥോറിറ്റി കോടതിയിൽ ഉയർത്തിയത്. അപകടങ്ങളിൽ ദേശീയ പാതാ അഥോറിറ്റിക്ക് ഉത്തരവാദിത്വമില്ല. കരാർ കമ്പനിക്കാണ് അപകടങ്ങളുടെ ഉത്തരവാദിത്തമെന്നും അഥോറിറ്റി വാദിച്ചു. എന്നാൽ ദേശീയ പാതയുടെ നിർമ്മാണത്തിനു നേതൃത്വം വഹിച്ച ഉദ്യോഗസ്ഥർക്കും ഉത്തരവാദിത്തം ഉണ്ടെന്നു കോടതി വ്യക്തമാക്കി.
റോഡുകളുടെ അറ്റകുറ്റപ്പണി നടത്തിക്കുന്നതിൽ ജില്ലാ കലക്ടർക്ക് മാത്രമല്ല വില്ലേജ് ഓഫീസർമാർക്കും ഉത്തരവാദിത്തം ഉണ്ടെന്ന് എൻ എച്ച് എ ഐ വാദിച്ചു. മോശം റോഡുകൾ ഉണ്ടെങ്കിൽ അവർക്കും അറിയിക്കാൻ ബാധ്യത ഉണ്ടെന്നും ദേശീയ പാത അഥോറിറ്റി പറഞ്ഞു. നാഷണൽ ഹൈവേ ആക്ടിന്റെ വിവിധ വകുപ്പുകൾ കോടതി പരിശോധിച്ചു.
നാലുവരി പാതയുള്ള റോഡിൽ 90km ആണ് സ്പീഡ്. അതിൽ ഇങ്ങനെ കുഴികൾ ഉണ്ടായാൽ എന്താണ് അവസ്ഥ എന്ന് ആലോചിക്കാവുന്നതാണെന്ന് കോടതി പറഞ്ഞു. ജില്ലാ കളക്ടറുമാർ എന്ത് ചെയ്യുക ആണ്. മരിച്ചു കഴിഞ്ഞിട്ട് ആണോ അവർ നടപടിയെടുക്കാൻ ഉദ്ദേശിക്കുന്നത്. ദുരന്ത നിവാരണ അഥോറിറ്റി അവർ അല്ലേ. കളക്ടർമാർ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല. മരിച്ചവരുടെ കുടുംബങ്ങളോട് ആരു സമാധാനം പറയുമെന്നും കോടതി ചോദിച്ചു.
മഴ കാരണം ആണ് റോഡുകൾ പൊളിഞ്ഞത് എന്ന് ദേശീയപാത അഥോറിറ്റി വാദിച്ചു. ഈ കാരണം വീണ്ടും വീണ്ടും പറയരുത് എന്ന് കോടതി ശാസിച്ചു. ഇത് മനുഷ്യ നിർമ്മിത ദുരന്തങ്ങളാണെന്നും കോടതി പറഞ്ഞു. റോഡുകൾ മോശം ആണ് എന്നുള്ള ബോർഡുകൾ വെക്കാൻ ഉള്ള മര്യാദ പോലും ഇല്ലേ എന്ന് കോടതി ചോദിച്ചു. ഇനി എത്ര ജീവൻ കൊടുത്താൽ ആണ് ഇത് നന്നാവുക.
കരാറുകാരനുമായി നഷ്ടപരിഹാരത്തിന് ഉള്ള വകുപ്പുകൾ ഉണ്ടോ എന്ന് ദേശീയപാത അഥോറിറ്റിയോട് കോടതി ചോദിച്ചു. ഉണ്ട് .എന്ന് ദേശീയപാത അഥോറിറ്റി പറഞ്ഞു. നഷ്ടപരിഹാരം നൽകാൻ കരാറുകാരൻ ബാധ്യസ്ഥനാണ്. അതിനായി എൻക്വയറി നടത്തണം. പുതിയ കോൺട്രാക്ടറെ നോക്കുന്നുണ്ട് എന്നും ദേശീയപാത അഥോറിറ്റി അറിയിച്ചു. കരാറു കാരനുമായുള്ള കരാർ എന്തെന്ന് അറിയിക്കണമെന്ന് കോടതി പറഞ്ഞു.
ദേശീയ പാത 66ന്റെ പണികൾ തുടങ്ങുന്നതേ ഉള്ളൂ എന്ന് ദേശീയപാത അഥോറിറ്റി പറഞ്ഞു. വിവിധ കേസുകൾ നിലവിൽ ഉണ്ടതുകൊണ്ടാണ് പൂർത്തീകരിക്കാൻ ആവാത്തത് എന്നും അവർ പറഞ്ഞു. കരാറുകാരനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
അപകടകരമായ റോഡുകൾ ശ്രദ്ധയിൽപ്പെട്ടാലുടൻ നടപടി എടുക്കാൻ ജില്ലാ കലക്ടർമാരോടു ഹൈക്കോടതി നിർദ്ദേശിച്ചു. കലക്ടർമാർ കാണികളായി നോക്കിയിരിക്കുന്നതിനു പകരം ദുരന്തനിവാരണ നിയമപ്രകാരം നടപടികൾ എടുക്കണമെന്നും ആവശ്യപ്പെട്ടു. ഈ മാസം 19നു പരിഗണിക്കുന്നതിനു ഹർജികൾ മാറ്റിവച്ചു. കഴിഞ്ഞ ദിവസം കുഴിയിൽ വീണു മരിച്ച ഹാഷിമിന്റ കുടുംബത്തെ അമിക്കസ് ക്യൂറി സന്ദർശിച്ചിരുന്നു.