- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല മേൽശാന്തിയായി മലയാള ബ്രാഹ്മണർ മാത്രം: ധൃതി പിടിച്ച് തീരുമാനമെടുക്കാനാവില്ലെന്ന് ഹൈക്കോടതി; വിശദമായി പരിശോധിക്കേണ്ട കാര്യമാണ്; കേസിന്റെ മെരിറ്റിലേക്കു കടന്ന് ഈ ഘട്ടത്തിൽ ഒന്നും പറയാനാവില്ലെന്ന് കോടതി; കേസ് പരിണിക്കുന്നത് ഓഗസ്റ്റ് 12ലേക്ക് മാറ്റി
കൊച്ചി: ശബരിമല മേൽശാന്തി നിയമന വിജ്ഞാപനത്തിലെ തുടർ നടപടികൾ സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. ശബരിമല, മാളികപ്പുറം മേൽശാന്തിമാരായി നിയമിക്കുന്നതിന് മലയാള ബ്രാഹ്മണരിൽനിന്നു മാത്രം അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. വിശദമായി പരിശോധിക്കേണ്ട കാര്യമാണ്. കേസിന്റെ മെരിറ്റിലേക്കു കടന്ന് ഈ ഘട്ടത്തിൽ ഒന്നും പറയാനാവില്ല. ധൃതി പിടിച്ച് തീരുമാനമെടുക്കാവുന്ന കാര്യമല്ല ഇതെന്ന് അഭിപ്രായപ്പെട്ട കോടതി കേസ് ഓഗസ്റ്റ് 12 ലേക്കു മാറ്റി.
മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് അടുത്ത മാസം പന്ത്രണ്ടിന് അകം സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് ജസ്റ്റീസുമാരായ സി.ടി രവികുമാർ, മുരളീ പുരുഷോത്തമൻ എന്നിവർ അടങ്ങിയ ബെഞ്ച് അറിയിച്ചു. ദേവസ്വം ബോർഡ് വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.വി വിഷ്ണുനാരായണൻ, ടി.എൽ സിജിത്ത് എന്നിവർ നൽകിയ ഹർജിയിലാണ് നടപടി. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 17ന് അവസാനിച്ചതായും നടപടികൾ സ്റ്റേ ചെയ്തില്ലെങ്കിൽ ഹർജി കാലഹരണപ്പെടുമെന്നും ഹർജിക്കാരുടെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ കോടതി ഇത് അനുവദിച്ചില്ല.
ശബരിമല മാളികപ്പുറം മേൽശാന്തി പദവിയിലേക്ക് അപേക്ഷിക്കുന്നവർ മലയാള ബ്രാഹ്മണൻ ആയിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹർജി. ദേവസ്വം ബോർഡ് വിജ്ഞാപനത്തിലെ വ്യവസ്ഥകൾ. ശബരിമല മേൽശാന്തിയായി ബ്രാഹ്മണർ അല്ലാത്തവരെ കൂടി പരിഗണിക്കണം എന്ന ആവശ്യം ഉന്നയിച്ചു പ്രക്ഷോഭത്തിലാണ് ബിഡിജെഎസ്. ഇക്കാര്യം ഉന്നയിച്ചു കൊണ്ട് അവർ കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് പടിക്കൽ സമരവും സംഘടിപ്പിക്കുകയുണ്ടായി. എന്നാൽ, എൻഡിഎ ഘടകക്ഷി ഉന്നയിച്ച ഈ ആവശ്യം ബിജെപി ഇതുവരെ ഏറ്റെടുത്തിട്ടില്ല. സംഭവം സജീവ വിഷയമായി ഉരുമ്പോഴും ഈ ആവശ്യം തിരുവിതാംകൂർ ദേവസ്വം ബോർഡ് തള്ളിയിരുന്നു.
ബ്രാഹ്മണപൂജയാണ് ശബരിമലയിലെ അംഗീകൃത സമ്പ്രദായമെന്ന നിലപാടിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലയുറപ്പിച്ചു. എല്ലാവരുമായി ചർച്ച ചെയ്ത് മാറ്റം ആലോചിക്കാമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. 'ശബരിമല അയ്യപ്പന് അയിത്തമോ' എന്ന മുദ്രാവാക്യം ഉന്നയിച്ചു കൊണ്ടാണ് വിഷയം ബിഡിജെഎസ് ഏറ്റെടുത്തിരിക്കുന്നത്.
ബ്രാഹ്മണപൂജയാണ് ശബരിമലയിലെ സമ്പ്രദായം. പൂജാവിധി പഠിച്ചവരെ ജാതിവ്യത്യാസമില്ലാതെ ശബരിമലയിലെ മേൽശാന്തി നിയമനത്തിന് പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നത് ബിജെപിയുടെ ഘടകകക്ഷിയായ, തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ബി.ഡി.ജെ.എസ്. ആണ്. ശബരിമല യുവതീ പ്രവേശന വിഷയങ്ങളിൽ ജാഗ്രതക്കുറവുമൂലം കൈപൊള്ളിയ തിരുവിതാംകൂർ ദേവസ്വം ബോർഡിന് അബ്രാഹ്മണ ശാന്തികാര്യത്തിൽ എടുത്തുചാട്ടമില്ല. അതിനാൽ ഹൈക്കോടതി അംഗീകരിച്ച ബ്രാഹ്മണപൂജാ സമ്പ്രദായത്തിനൊപ്പമാണ് ബോർഡ് എന്ന് ദേവസ്വം പ്രസിഡന്റ് എൻ. വാസു വ്യക്തമമാക്കുന്നു.
ഒരു വിഭാഗത്തിനും എതിർപ്പില്ലെങ്കിൽ സമവായത്തിലൂടെ മാറ്റം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'മലയാള ബ്രാഹ്മണർ ആയിരിക്കണം ശബരിമലയിലെ മേൽശാന്തി എന്നാണ് ആ ഗൈഡ് ലൈനിൽ പറഞ്ഞിരിക്കുന്നത്. എടുത്തുചാടി ഒരു തീരുമാനം എടുക്കാൻ സാധിക്കില്ല. ഏകപക്ഷീയമായ ഒരു നിലപാടും ഇക്കാര്യത്തിലുണ്ടാവില്ല'- അദ്ദേഹം പറഞ്ഞു.
എൻ.ഡി.എയിൽ ആലോചിച്ചല്ല, ഘടകകക്ഷിയായ ബി.ഡി.ജെ.എസ്. വിഷയത്തിൽ പ്രതിഷേധത്തിന് ഇറങ്ങിയത്. ശബരിമലയിലെ ആചാരം വൈകാരികമായി ഉന്നയിക്കുന്ന ബിജെപി. ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകൾ അബ്രഹ്മണ പൂജാ വിഷയത്തിൽ പ്രതികരിച്ചിട്ടുമില്ല. അതിനാൽ ശബരിമലയിൽ പുതിയ വിവാദത്തിനുള്ള കളമൊരുക്കലാണെന്ന സംശയത്തിലാണ് ദേവസ്വം ബോർഡും സർക്കാരും.
മറുനാടന് മലയാളി ബ്യൂറോ