- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാറിന് വൻ തിരിച്ചടി; കെ റെയിൽ എന്ന് എഴുതിയ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി; ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടത്; സിൽവർ ലൈനിൽ കോടതിയെ ഇരുട്ടത്ത് നിർത്തരുത്; പദ്ധതിയിൽ കേന്ദ്ര നിലപാട് എന്താണെന്ന് വ്യക്തമാക്കണെന്നും കോടതി
കൊച്ചി: കെ റെയിൽ പദ്ധതിയിൽ വെല്ലുവിളിച്ച് മുന്നോട്ടു പോകുന്ന പിണറായി സർ്ക്കാറിന് വൻ തിരിച്ചടി. കെ റെയിൽ പദ്ധതിക്കായി അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. കെ റെയിൽ പദ്ധതിയുടെ സർവേയ്ക്ക് വേണ്ടി ഇതിനോടകം രണ്ടായിരത്തോളം കല്ലുകൾ സ്ഥാപിച്ചതായി ഇന്ന് കെ റെയിൽ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ഇപ്പോൾ ഇട്ടിരിക്കുന്ന തൂണുകൾ നിയമ വിരുദ്ധം ആണെന്ന് കോടതി അഭിപ്രായപ്പെട്ടത്.
ആ കല്ലുകൾ എടുത്തു മാറ്റാൻ എന്ത് നടപടി സ്വീകരിക്കും എന്നും കേരള റെയിൽ ഡെവലപ്പ്മെന്റ കോർപ്പറഷേൻ വ്യക്തമാക്കണെന്നും കോടതി ആവശ്യപ്പെട്ടു. ഇത്രേം വലിയ തൂണുകൾ സ്ഥാപിച്ചു ആളുകളെ പേടിപ്പിച്ചതാണ് നിലവിലെ വിവാദങ്ങൾക്ക് കാരണം എന്ന വിമർശനത്തോടെയാണ് കെ റയിൽ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നതിന് താൽക്കാലിക വിലക്ക് കോടതി ഏർപ്പെടുത്തിയത്. കല്ലുകൾ സ്ഥാപിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സർവേ നിയമപ്രകാരമല്ലാത്ത അതിരളടയാളക്കല്ലുകൾ സ്ഥാപിക്കരുതെന്നാണ് ഇടക്കാല ഉത്തരവ്. കേസ് ഇനി ജനുവരി 20-ന് വീണ്ടും പരിഗണിക്കും.
സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്യുന്ന അതിവേഗ തീവണ്ടിപ്പാതയായ സിൽവർലൈൻ നടപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് കേരള ഹൈക്കോടതി. സിൽവർ ലൈൻ പദ്ധതിയിൽ കോടതിയെ ഇരുട്ടത്ത് നിർത്തരുത്. പദ്ധതിയിൽ കേന്ദ്ര നിലപാട് എന്താണെന്ന് വ്യക്തമാക്കണം. പദ്ധതിക്ക് കേന്ദ്രം തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെന്ന് കെ റയിൽ അഭിഭാഷകൻ പറയുന്നുണ്ടെങ്കിലും ഇതിലും വ്യക്തതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിനും കേന്ദ്ര റയിൽവേ മന്ത്രാലയത്തിനും വേണ്ടി ഒരു അഭിഭാഷകൻ ഹാജരാകുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു.
അസിസ്റ്റന്റ് സോിളസിറ്റർ ജനറൽ നേരിട്ട് ഹാജരായി നിലപാട് അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. നിയമപ്രകാരം സർവേ നടത്തുന്നതിന് എതിരല്ലെന്നും കെ റെയിൽ പദ്ധതിക്കെതിരായ ഹർജികൾ പരിഗണിച്ചു കൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഇത്രയും വലിയ പദ്ധതി പോർവിളിച്ച് നടത്താനാകില്ലെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടതെന്നും കോടതി ഓർമിപ്പിച്ചു. വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞാണ് കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നത്. ഇതൊന്നും അനുവദിക്കാനാകില്ല. കേന്ദ്ര സർക്കാർ ഒന്നും മിണ്ടാതെ നിൽക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. പദ്ധതിക്കായി തിടുക്കം കൂട്ടുന്നതാണ് വിവാദത്തിന് കാരണം. ഇരുട്ടിൽ നിർത്തി ഇത്രയും വലിയ ഒരു പ്രോജക്ടുമായി മുന്നോട്ട് പോകാനാവില്ലെന്നും കോടതി സംസ്ഥാന സർക്കാരിനേയും കേന്ദ്രസർക്കാരിനേയും ഓർമ്മിപ്പിച്ചു.
അതേസമയം കെ റെയിൽ പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ഉണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും അവകാശപ്പെട്ടത്. കെ റെയിലുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കലുമായി മുന്നോട്ടുപോകാൻ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന് അനുമതി നൽകിയിട്ടുണ്ടെന്നും റെയിൽവെ ബോർഡ് പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
കെ റെയിൽ പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകർക്കുമെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. പശ്ചാത്തലസൗകര്യ വികസന പദ്ധതികൾക്കായി കടമെടുക്കാത്ത ഒരു സർക്കാരും ലോകത്തില്ല. പശ്ചാത്തല സൗകര്യ വികസനം സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനോടൊപ്പം വരുമാനം വർധിപ്പിക്കുന്നതിനുതകുമെന്ന കാര്യം ഏവരും അംഗീകരിക്കുന്നതാണ്. സംസ്ഥാനത്തിനുള്ളിലെ യാത്രാസമയം നാലിലൊന്നായി ചുരുങ്ങുന്നത്, ബിസിനസ്, സാങ്കേതിക ടൂറിസം മേഖലകൾ എന്നിവ ഉൾപ്പെടെയുള്ള സമസ്ത മേഖലകളെയും പരിപോഷിപ്പിക്കുമെന്ന കാര്യത്തിൽ രണ്ടഭിപ്രായം ഉണ്ടാകില്ല.
പദ്ധതി ആരംഭിക്കുന്നതിനു മുമ്പ് ഭൂമി ഏറ്റെടുക്കുന്നതിലൂടെ ആയിരക്കണക്കിന് കുടുംബങ്ങൾ ഭവനരഹിതരാകുന്നു എന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ ഭൂമി ഏറ്റെടുക്കൽ അർഹമായ നഷ്ടപരിഹാരം നൽകിക്കൊണ്ടാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. അതിനാൽ തന്നെ ഒരാളുപോലും ഇതിനാൽ ഭവനരഹിതനാകുന്ന പ്രശ്നം ഉദിക്കുന്നില്ല. ഇത്തരം പദ്ധതികൾ നിലവിൽ വരുമ്പോൾ തുടക്കത്തിലുണ്ടായ പ്രചരണവും ആശങ്കയും മറികടന്നുകൊണ്ട് അവ നടപ്പിലാക്കാൻ കഴിഞ്ഞ അനുഭവം ഗെയ്ൽ, പവർ ഹൈവേ, ജലപാത - നമ്മുടെ മുന്നിലുണ്ട് എന്ന യാഥാർത്ഥ്യവും കാണാതിരുന്നുകൂടാ എന്നും മുഖ്യമന്ത്രി ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
മറുനാടന് മലയാളി ബ്യൂറോ