കൊച്ചി: പാതയോരത്തെ കൈവരികളിൽ കൊടികളും തോരണങ്ങളും കെട്ടരുതെന്ന് പറയുമ്പോൾ ഒരു പ്രത്യേക നിറത്തിന് എതിരാണെന്ന് വരുത്തിത്തീർക്കുകയാണെന്നു ഹൈക്കോടതി. ഒരു നിറത്തെയും കോടതിക്കു ഭയമില്ല. കോടതിയുടെ ഉത്തരവുകൾ ജനങ്ങൾക്കു വേണ്ടിയാണെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കൊച്ചി നഗരത്തിൽ കൊടി തോരണങ്ങൾ അനുമതിയില്ലാതെ സ്ഥാപിച്ചോയെന്ന ചോദ്യത്തിന് മറുപടി നൽകാത്ത കോർപറേഷൻ റിപ്പോർട്ടിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.

ഹർജികൾ വിഡ്ഢിദിനമായ ഏപ്രിൽ ഒന്നിനു പരിഗണിക്കേണ്ടതാണെന്ന് ഒരു ഘട്ടത്തിൽ കോടതി പറഞ്ഞെങ്കിലും ഇവ പിന്നീടു പരിഗണിക്കാൻ മാറ്റി. സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ കൊടി തോരണങ്ങൾ സ്ഥാപിച്ചതിനെ ഹൈക്കോടതി നേരത്തേ വിമർശിച്ചിരുന്നു. കോടതി ഉത്തരവുകളെത്തുടർന്നു കൊച്ചി നഗരത്തിലുണ്ടായ മാറ്റവും ചൂണ്ടിക്കാട്ടി.

പാതയോരങ്ങളിൽ കൊടി തോരണങ്ങൾ വയ്ക്കുന്നത് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരായ രാഷ്ട്രീയപ്പാർട്ടികളുടെ നീക്കത്തിനെതിരയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. രാഷ്ട്രീയപാർട്ടികളുടെ ശ്രമം ഉത്തരവ് മറികടക്കാനെന്ന് കോടതി വിലയിരുത്തി. കോടതി ഇടപെട്ടതോടെ കൊച്ചിയുടെ മുഖച്ഛായ തന്നെ മാറിയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു.

സമ്മേളനങ്ങൾ, ഉത്സവങ്ങൾ എന്നിവയോടനുബന്ധിച്ചു സംസ്ഥാനത്തെ പാതയോരങ്ങളിൽ മാർഗതടസ്സമുണ്ടാക്കാതെ, ബന്ധപ്പെട്ടവരുടെ അനുമതിയോടെ താൽക്കാലികമായി കൊടിതോരണങ്ങൾ കെട്ടാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു. ഗതാഗതത്തിനും കാൽനടയ്ക്കും തടസ്സമുണ്ടാക്കുന്ന രീതിയിൽ കൊടിതോരണങ്ങളും പരസ്യങ്ങളും പ്രദർശിപ്പിക്കരുത്. രാഷ്ട്രീയപ്പാർട്ടികൾക്കും മതസമുദായസാംസ്‌കാരിക സംഘടനകൾക്കും പ്രചാരണത്തിന് അവസരം നിഷേധിക്കരുതെന്നും തീരുമാനിച്ചു.

സംസ്ഥാനത്തെ പാതയോരങ്ങളിൽ കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകളുടെ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായി സർവകക്ഷിയോഗം ചേർന്നത്. യോഗ തീരുമാനങ്ങൾ പൊതുസമൂഹത്തിന്റെ അഭിപ്രായമായി ഹൈക്കോടതിയെ അറിയിക്കാൻ അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി. ഇക്കാര്യം അറിയിച്ചതിനു പിന്നാലെയാണ് കോടതി സർക്കാർ നീക്കത്തെ വിമർശിച്ചത്.

മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനടക്കം വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തിരുന്നു. വിഷയത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി മുഖ്യമന്ത്രി ചർച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. പാതയോരങ്ങളിൽ നിയമവിരുദ്ധമായി കൊടിതോരണങ്ങൾ സ്ഥാപിച്ചത് ആരാണെന്നത് ഹൈക്കോടതിക്ക് വിഷയമല്ലെന്നും ആരു സ്ഥാപിച്ചാലും നടപടിയുണ്ടാകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞിരുന്നു. കൊച്ചി നഗരത്തിൽ നിയമവിരുദ്ധമായി കൊടിതോരണങ്ങൾ സ്ഥാപിച്ചതിനെതിരെയുള്ള കേസ് പരിഗണിക്കവേയാണ് ജസ്റ്റിസിന്റെ പ്രതികരണം.

സിപിഎം സമ്മേളനവുമായി ബന്ധപ്പെട്ട് നഗരത്തിൽ കൊടിതോരണങ്ങൾ സ്ഥാപിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതി ആദ്യം പരോക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തുടർന്ന് മാടമ്പിമാർക്ക് ചെങ്കൊടി ഇഷ്ടമല്ലെന്നും അവരുടെ പിന്തുണയോടെയല്ല സിപിഎം ഇവിടെ വരെ എത്തിയതെന്നും പാർട്ടി സംസ്ഥാന സമ്മേളനത്തിൽ പിണറായി വിജയൻ പറഞ്ഞിരുന്നു. നഗരത്തിലെ കൊടികൾ പാർട്ടിക്കാർ തന്നെ കൊണ്ടുപോയതിൽ സന്തോഷമമുണ്ടെന്നും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടിക്ക് കോടതി കൂട്ടുനിൽക്കില്ലെന്നും ജ. ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ ഹൈക്കോടതിക്ക് പ്രത്യേക താൽപര്യങ്ങളില്ലെന്നും നഗരം മോടിപിടിക്കുന്നതിനിടെയാണ് ഇത്തരം പ്രവൃത്തികളുണ്ടാകുന്നതും അദ്ദേഹം വ്യക്തമാക്കിയിരുന്നു.