- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരുമ മൃഗങ്ങളെ തടയാനാവില്ല; അപ്പാർട്മെന്റുകളിൽ വിലക്കുന്നത് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി; സമീപ അപ്പാർട്മെന്റുകളുടെ ഉടമയ്ക്കോ താമസക്കാർക്കോ ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും കോടതി
കൊച്ചി: അപ്പാർട്മെന്റുകളിൽ അരുമ മൃഗങ്ങളെ വളർത്തുന്നതു തടയാനാവില്ലെന്ന് ഹൈക്കോടതി. അതു വിലക്കുന്നതു നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും ഹൈക്കോടതി. റസിഡന്റ്സ് അസോസിയേഷനുകളുടെ ഇത്തരം നിബന്ധനകൾ നടപ്പാക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. അതേസമയം അനിയന്ത്രിതമായ അവകാശങ്ങളല്ല മൃഗങ്ങൾക്കും ഉടമകൾക്കും ഉള്ളതെന്നും സമീപ അപ്പാർട്മെന്റുകളുടെ ഉടമയ്ക്കോ താമസക്കാർക്കോ ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും കോടതി പറഞ്ഞു.
പീപ്പിൾ ഫോർ അനിമൽസ് സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്. സ്വന്തം അപ്പാർട്ട്മെന്റിലും വാടകയ്ക്ക് താമസിക്കുന്ന അപ്പാർട്ട്മെന്റുകളിലും അരുമ മൃഗങ്ങളെ വളർത്തുന്നതും അവയ്ക്കായി ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങളും പൊതുസ്ഥലങ്ങളും ഉപയോഗിക്കുന്നതും വിലക്കുന്ന വ്യവസ്ഥകൾ നിയമപരമല്ല. ദൈവത്തിന്റെ സ്വന്തം നാട്ടിൽ മിണ്ടാപ്രാണികളുടെ അവകാശങ്ങൾ അംഗീകരിക്കുന്ന സംസ്കാരം വളർന്നു വരണം. സ്കൂൾ തലം മുതൽ ബോധവൽക്കരണത്തിനു സർക്കാർ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.
വളർത്തുമൃഗങ്ങൾക്ക് വിലക്ക് നിർദേശിച്ചുള്ള ബോർഡുകളും നോട്ടിസുകളും പാടില്ല. നിരോധിക്കുന്നതിനു പകരം ന്യായമായ വ്യവസ്ഥകൾ ഏർപ്പെടുത്താൻ അസോസിയേഷനുകൾക്കു അനുവാദമുണ്ട്. കേന്ദ്ര മൃഗക്ഷേമ ബോർഡ് 2015 ഫെബ്രുവരി 26നു പുറപ്പെടുവിച്ച മാർഗനിർദേശങ്ങളും ഉത്തരവിന്റെ ഭാഗമാക്കിയിട്ടുണ്ട്. അപ്പാർട്മെന്റുകളിൽ അരുമ മൃഗങ്ങളെ വിലക്കരുതെന്നും ലിഫ്റ്റ് ഉപയോഗിക്കുന്നതിനു പ്രത്യേക ഫീസ് ഈടാക്കരുതെന്നുമാണ് ഉത്തരവിൽ പറയുന്നത്.
മറുനാടന് ഡെസ്ക്