കൊച്ചി: സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് വിമൺ ഇൻ സിനിമാ കളക്ടീവ് (WCC) നൽകിയ ഹർജിയിൽ അനുകൂല വിധിയുമായി ഹൈക്കോടതി. ആഭ്യന്തര പരിഹാര പരാതി സെൽ നിർബന്ധമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. 2018 ൽ നൽകിയ ഹർജിയിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

രാജ്യത്ത് നിലനിൽക്കുന്ന നിയമമുണ്ട്. ഏത് തൊഴിൽമേഖലയിലാണെങ്കിലും സ്ത്രീകൾക്കെതിരേ ചൂഷണം നടന്നാൽ അത് പരിഹരിക്കാനും തടയുന്നതിനും ആഭ്യന്തര പരാതി പരിഹാര സെൽ വേണം. ഈ നിയമം സിനിമയ്ക്കും ബാധകമാണ്. സിനിമയിൽ ഒട്ടേറെ സ്ത്രീകളാണ് ജോലി ചെയ്യുന്നത്- ഹൈക്കോടതി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് ഡബ്യൂ.സി.സി ഈ ആവശ്യവുമായി ശക്തമായ രംഗത്ത് വന്നത്. ബോളിവുഡിലടക്കം ഇന്ന് ആഭ്യന്ത പരാതി പരിഹാര സെല്ലുകളുണ്ട്. ആഭ്യന്തര പരാതി പരിഹാര സെൽ ഇല്ലെങ്കിൽ പ്രൊഡക്ഷൻ കമ്പനികൾക്ക് അംഗീകാരം നൽകേണ്ടെന്ന നിലപാടും ബോളിവുഡ് സ്വീകരിച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ടതിന് പിറകേ 2018-ലാണ് ഡബ്ല്യുസിസി ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഫെഫ്ക, അമ്മ അടക്കമുള്ള സംഘടനകൾ എങ്ങനെയാകും ഈ ഉത്തരവിനോട് പ്രതികരിക്കുക എന്നതാണ് ഇനി പ്രധാനം. വനിതാകൂട്ടായ്മയുടെ ഈ ആവശ്യം ന്യായമാണെന്ന് സംസ്ഥാനവനിതാ കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. കമ്മീഷനെ ഇക്കഴിഞ്ഞ ജനുവരി 31-നാണ് ഹർജിയിൽ ഹൈക്കോടതി കക്ഷി ചേർത്തത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹർജിയിൽ ഉത്തരവ് പറഞ്ഞത്.

നമ്മുടെ രാജ്യത്ത് നിലനിന്ന നിയമം തന്നെയാണിതെന്നും, ഇത് സിനിമാ സംഘടനകളെക്കൊണ്ടും അഭിനേതാക്കളുടെ സംഘടനയെക്കൊണ്ടും അംഗീകരിപ്പിക്കാൻ നിയമപോരാട്ടം വേണ്ടി വന്നു എന്നതാണ് നിർഭാഗ്യകരമെന്നും ഡബ്ല്യുസിസി അംഗം ദീദി ദാമോദരൻ പ്രതികരിക്കുന്നു. വളരെ സ്വാഗതാർഹമാണ് ഹൈക്കോടതി ഉത്തരവെന്ന് സംസ്ഥാനവനിതാകമ്മീഷൻ അധ്യക്ഷ പി സതീദേവിയും പറഞ്ഞു.

അതേസമയം, മലയാളസിനിമാ രംഗത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമനിർമ്മാണം വേണമെന്ന ആവശ്യം ന്യായമാണെന്ന് ഇന്നലെ സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു. അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ടും, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടും ഉടനടി പഠിച്ച് നിയമനിർമ്മാണമുണ്ടാകും. വല്ലാത്ത ചൂഷണമാണ് പലപ്പോഴും സിനിമാരംഗത്ത് സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നതെന്നും, ഇതിനെ നേരിടാൻ നിയമനിർമ്മാണം അത്യാവശ്യമാണെന്നും സജി ചെറിയാൻ വ്യക്തമാക്കുന്നു.

പാർവതി, അഞ്ജലി മേനോൻ, പത്മപ്രിയ എന്നിങ്ങനെ ഡബ്ല്യുസിസി അംഗങ്ങൾ പലരും സെറ്റുകളിൽ ലൈംഗികപീഡനം തടയാനുള്ള നിയമം നടപ്പാക്കണമെന്നും, ആഭ്യന്തരപരാതി പരിഹാരസമിതി വേണമെന്നും പല തവണ ആവശ്യപ്പെട്ടിരുന്നതാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്നും ഡബ്ല്യുസിസി സാംസ്‌കാരികവകുപ്പ് മന്ത്രിയെയും വനിതാകമ്മീഷൻ അധ്യക്ഷയെയും നേരിട്ട് കണ്ട് ആവശ്യപ്പെട്ടിരുന്നു.

2019-ലാണ് വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹേമ, മുതിർന്ന നടി ശാരദ, വിരമിച്ച ഉന്നത ഉദ്യോഗസ്ഥ കെ ബി വത്സലകുമാരി എന്നിവർ അംഗങ്ങളായി ഒരു കമ്മിറ്റി സംസ്ഥാനസർക്കാർ രൂപീകരിച്ചത്. സിനിമാമേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച് പരിഹാരം കാണുന്നതിനായിരുന്നു സമിതി.