- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന് തുടർച്ചയായി തിരിച്ചടികളുടെ ദിനം; നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി അനുവദിച്ചു ഹൈക്കോടതി; മെയ് 30നകം അന്വേഷണം പൂർത്തിയാക്കാൻ നിർദ്ദേശം; അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കരുത്; ഇക്കാര്യം ഡിജിപി ഉറപ്പാക്കണമെന്നും കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. മെയ് 30ന് മുമ്പ് അന്വേഷണം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കരുതെന്നും ഡിജിപി ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. കേസിനെ ബാധിക്കുന്ന വിധത്തിൽ പ്രചാരണങ്ങൾ പുറത്തേക്ക് കൊടുക്കരുതെന്നം കോടതി പറഞ്ഞു.
നേരത്തെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണം പക്ഷപാതപരമെന്ന് സ്ഥാപിക്കാൻ ദിലീപിന് സാധിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു.
ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് എന്തെങ്കിലും ദുരുദ്ദേശ്യമുള്ളതായി കണ്ടെത്താനായിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണം നിക്ഷ്പക്ഷമാകില്ലെന്ന ദിലീപിന്റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. എഫ്ഐആർ റദ്ദാക്കേണ്ട സാഹചര്യം ഈ കേസിലില്ല. അത്രമേൽ സവിശേഷമായ സാഹചര്യത്തിൽ മാത്രമേ ക്രിമിനൽ നടപടിച്ചട്ടം 482 പ്രകാരം എഫ്ഐആർ റദ്ദാക്കാനാവൂ. ജാമ്യ ഉത്തരവിലെ കണ്ടെത്തലുകൾ ഈ കേസിൽ കണക്കിലെടുക്കാനാവില്ലെന്നും കോടതി പറഞ്ഞു.
അതിനിടെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ നൽകിയ നിർണായക ശബ്ദരേഖ പുറത്തു വന്നിരുന്നു. ദിലീപിന്റെ അഭിഭാഷകനും സഹോദരൻ അനൂപും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. വിചാരണ വേളയിൽ കോടതിയിൽ നൽകേണ്ട മൊഴികൾ എങ്ങനെ വേണമെന്ന് അഭിഭാഷകൻ അനൂപിന് പറഞ്ഞുകൊടുക്കുന്നതാണ് ശബ്ദരേഖയിൽ ഉള്ളത്. പ്രോസിക്യൂഷൻ സാക്ഷിയായ ദിലീപിന്റെ സഹോദരനെ സ്വാധീനിക്കുന്നതിന്റെ പ്രത്യക്ഷത്തിലുള്ള തെളിവാണിത്.
ദിലീപിന്റെ മുൻഭാര്യ മഞ്ജു വാര്യർ മദ്യപിക്കാറുണ്ടെന്ന് മൊഴി നൽകണമെന്നാണ് അഭിഭാഷകൻ അനൂപിനോട് ആവശ്യപ്പെടുന്നത്. മഞ്ജു മദ്യപിക്കാറുണ്ടോ എന്ന് അഭിഭാഷകൻ ചോദിക്കുമ്പോൾ 'എനിക്ക് അറിയില്ല, ഞാൻ കണ്ടിട്ടില്ല' എന്നായിരുന്നു അനൂപിന്റെ മറുപടി. എന്നാൽ മഞ്ജു മദ്യപിക്കുമെന്ന് കോടതിയിൽ മൊഴി നൽകണമെന്നാണ് അഭിഭാഷകൻ പറയുന്നത്. അഭിഭാഷകന്റെ പിന്നീടുള്ള വാക്കുകൾ ഇങ്ങനെ:-
'വീട്ടിൽനിന്ന് പോകുന്നതിന്റെ മുമ്പുള്ള സമയത്ത് മഞ്ജു മദ്യപിക്കാറുണ്ടെന്ന് പറയണം. മഞ്ജു പലവട്ടം മദ്യപിച്ച് വീട്ടിൽ വന്നിട്ടുണ്ടെന്ന് പറയണം. വീട്ടിൽ എല്ലാവർക്കും അത് അറിയാം. ഇക്കാര്യം ചേട്ടനുമായി സംസാരിച്ചു. ചേട്ടൻ നോക്കാം എന്ന് പറഞ്ഞതെല്ലാതെ ഒന്നും പറഞ്ഞില്ല. ഇതുസംബന്ധിച്ച് ചേട്ടനും ഭാര്യയും തമ്മിൽ ഞങ്ങളുടെ മുന്നിൽവെച്ച് തർക്കമുണ്ടായിട്ടില്ലെന്നും പറയണം. പത്തുവർഷത്തിൽ കൂടുതലായിട്ട് ചേട്ടൻ മദ്യം തൊടാറില്ലെന്നും പറയണം.'
ഇതിനുപുറമേ നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ആശുപത്രിയിൽ അഡ്‌മിറ്റായിരുന്നു എന്ന വാദത്തിന് നൽകേണ്ട മൊഴികളും അഭിഭാഷകൻ അനൂപിന് പറഞ്ഞുകൊടുത്തിരുന്നു. സംഭവദിവസം ദിലീപിന് പനിയും തൊണ്ടവേദനയും ചുമയും ഉണ്ടായിരുന്നു, പറ്റുമ്പോഴെല്ലാം ദിലീപിനെ ആശുപത്രിയിൽ പോയി കാണുമായിരുന്നു എന്ന് പറയണമെന്നുമാണ് അഭിഭാഷകന്റെ നിർദ്ദേശം. ഇനി എന്തെങ്കിലും ചോദിച്ചാൽ ചോദ്യം മനസിലായില്ലെന്ന് പറഞ്ഞാൽ മതി. ബാക്കിയൊന്നും മൈൻഡ് ചെയ്യേണ്ടെന്നും അഭിഭാഷകൻ അനൂപിനോട് പറയുന്നുണ്ട്.
രണ്ട് മണിക്കൂർ നീളുന്ന ശബ്ദരേഖയിൽ മഞ്ജു വാര്യരെ കുറിച്ചും ശ്രീകുമാർ മേനോനെ കുറിച്ചും അടക്കം പരാമർശങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ. സാക്ഷികളെ സ്വാധീനിച്ചു എന്നതിന് നിർണായക തെളിവാണ് ഈ ശബ്ദരേഖയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. ദിലീപിന്റെ അടക്കമുള്ള ഫോണുകളിൽ നിന്നും വിവരങ്ങൾ തിരിച്ചെടുത്ത കൂട്ടത്തിൽ നിന്നാണ് ഈ നിർണായക ശബ്ദരേഖ ലഭിച്ചിരിക്കുന്നത്. ദിലീപിന് ശത്രുക്കളുണ്ടെന്ന് കോടതിയിൽ പറയണമെന്ന് അനൂപിനോട് ഓഡിയോയിൽ അഭിഭാഷകൻ പറയുന്നു.