- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റൂംബോയ്, തൂപ്പുകാർ, ഡ്രൈവർ, കുക്ക്, ഗാർഡനർ തുടങ്ങിയ താഴ്ന്ന വിഭാഗം തസ്തികളിൽ നിയമിച്ചത് ഡൽഹിയിലുള്ളവരെ; ഡൽഹി എകെജി സെന്ററിൽ ജോലി ചെയ്യുന്ന ഹിന്ദിക്കാരന്റെ ഭാര്യയക്ക് അടക്കം നിയമനം നൽകി; വി എസ് നൽകിയത് ഒന്നിലേറെ കത്ത്; കേരളാ ഹൗസ് നിയമന വിവാദത്തെ ഉമ്മൻ ചാണ്ടി പൊളിച്ചടുക്കിയത് ഇങ്ങനെ
തിരുവനന്തപുരം: ഡൽഹി കേരള ഹൗസിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളുടെ മറവിൽ കേരളത്തിലെ സർവകലാശാലകൾ ഉൾപ്പെടെ സ്ഥാപനങ്ങളിലെ ഉന്നത പദവികളിൽ നടത്തുന്ന നിയമവിരുദ്ധ നിയമനങ്ങൾ വെള്ള പൂശാനുള്ള നീക്കങ്ങളെ സമർത്ഥമായി പ്രതിരോധിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തെളിവുകൾ സഹിതമാണ് ഇടതു സർക്കാരിനെ പ്രതിരോധിക്കാനായി നടത്തിയ നീക്കത്തെ ഉമ്മൻ ചാണ്ടി പൊളിച്ചത്.
സ്ഥിരപ്പെടുത്തൽ മാമാങ്കത്തെ ന്യായീകരിക്കാനുള്ള ഇടതുസർക്കാർ ശ്രമം വിലപ്പോകില്ലെന്ന് ഉമ്മൻ ചാണ്ടി പറയുന്നു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ നല്കിയ കത്തുകളുടെ (22.2.2014, no.78/ lo/ 2014, ), (27.8.2013, 422/ lo, 2013) കൂടി അടിസ്ഥാനത്തിലാണ് 2015ൽ കേരള ഹൗസിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയമിച്ചതെന്ന് ഉമ്മൻ ചാണ്ടി വിശദീകരിച്ചു. ഇടത് സർക്കാരിന്റെ സ്ഥിരപ്പെടുത്തൽ മാമാങ്കത്തെ ന്യായീകരിക്കാനാണ് ഇത്തരം കഥകൾ സൈബർ സഖാക്കൾ ചർച്ചയാക്കിയത്. ഇതിന് വേണ്ടിയാണ് കേരളാ ഹൗസ് നിയമനങ്ങളേയും വലിച്ചിറക്കിയത്.
ഇടതുപക്ഷം മാത്രമല്ല യുഡിഎഫും സ്ഥിരപ്പെടുത്തലുകളുടെ ഉസ്താദ് ആണെന്ന് വരുത്തി പ്രതിരോധം തീർക്കാനായിരുന്നു സിപിഎം ശ്രമം. ഇതാണ് കൃത്യമായ വിശദീകരണത്തിലൂടെ ഉമ്മൻ ചാണ്ടി തകർത്തത്. കേരള ഹൗസിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾ പിഎസ് സിക്കു വിട്ടതല്ല. റൂംബോയ്, തൂപ്പുകാർ, ഡ്രൈവർ, കുക്ക്, ഗാർഡനർ തുടങ്ങിയ താഴ്ന്ന വിഭാഗം തസ്തികളിൽ ഡൽഹിയിലുള്ളവരെയാണ് നിയമിച്ചത്. ലോക്കൽ റിക്രൂട്ട്മെന്റ് പ്രകാരമുള്ള ഈ നിയമനത്തിൽ ഹിന്ദിക്കാർ ഉൾപ്പെടെയുണ്ട്. ഡൽഹി എകെജി സെന്ററിൽ ജോലി ചെയ്യുന്ന ഹിന്ദിക്കാരന്റെ ഭാര്യ ഉൾപ്പെടെ എല്ലാ പാർട്ടികളുടെയും ആളുകളുണ്ട്. ഇഎംഎസ് സർക്കാരിന്റെ കാലം മുതൽ ലോക്കൽ റിക്രൂട്ട്മെന്റാണ് കേരള ഹൗസിൽ നടന്നിട്ടുള്ളത്.
സ്പെഷൽ റൂൾസ് നിലവിൽ വന്നശേഷവും ലോക്കൽ റിക്രൂട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ ഈ സർക്കാരിന്റെ കാലത്ത് 5 പേരെ നിയമിച്ചു കഴിഞ്ഞു. 20 പേരെ നിയമിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു. കേരള ഹൗസിലെ ഉയർന്ന തസ്തികകളിലുള്ള നിയമനം പിഎസ് സി വഴിയാണ്. അവർ ഡൽഹിയിൽ ഡെപ്യുട്ടേഷനിലാണ് എത്തുന്നത്. ഈ തസ്തികകളിൽ പിഎസ്‌സിക്കു പുറത്ത് മറ്റൊരു നിയമനവും ഇതുവരെ നടന്നിട്ടില്ല. ലാസ്റ്റ് ഗ്രേഡ് പോസ്റ്റുകളിൽ കേരളത്തിൽ നിന്നു നിയമനം നടത്തിയാൽ അവർ ഒരിക്കലും ഡൽഹിയിൽ ജോലിയിൽ തുടരില്ല. കേരളത്തിലെ ചില ജില്ലകളിൽ പോലും സർക്കാർ ജീവനക്കാരുടെ അഭാവം പ്രകടമാണ്. അതുകൊണ്ടാണ് കേരള ഹൗസിൽ ലോക്കൽ റിക്രൂട്ട്മെന്റിലൂടെ എക്കാലവും നിയമനം നടന്നിട്ടുള്ളത്-ഉമ്മൻ ചാണ്ടി വിശദീകരിച്ചു.
ഇപ്പോൾ പാർട്ടിക്കാരെ പിഎസ് സി തസ്തിക ഉൾപ്പെടെയുള്ള ഉന്നതപദവികളിൽ കൂട്ടത്തോടെ നിയമിക്കുന്നതും ഡൽഹിയിൽ നടന്ന ലാസ്റ്റ് ഗ്രേഡുകാരുടെ നിയമനവും തമ്മിൽ ഒരു താരതമ്യവുമില്ലെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
മറുനാടന് മലയാളി ബ്യൂറോ