തിരുവനന്തപുരം: അമിതമായ പ്രൃകൃതി ചൂഷണത്തിന്റെ പരിണിത ഫലം കേരളം അനുഭവിക്കാൻ ഇരിക്കുന്നതേ ഉള്ളൂ എന്ന് വ്യക്തമാക്കുന്ന പഠനങ്ങൾ പുറത്ത്. വെറും ജാഗ്രത കൊണ്ട് ഇതിൽ നിന്നും രക്ഷ നേടാൻ ആവില്ലെന്നും അതിജാഗ്രത വേണമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ 43% മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതാ മേഖലയാണെന്ന് കേരളയുഎസ് സർവകലാശാലകളിലെ വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കണ്ടെത്തി. ഇതിൽ 17% പ്രദേശങ്ങൾ അതീവ അപകടമേഖലകളായി മാറി.ഇടുക്കി ജില്ലയുടെ 74 ശതമാനവും വയനാട് ജില്ലയുടെ 51 ശതമാനവും മണ്ണിടിച്ചിൽ സാധ്യതയുള്ള കുന്നിൻചെരുവുകളാണെന്നും ജിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

കേരളത്തിൽ അതിതീവ്രമഴ വ്യാപിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. സംസ്ഥാനത്തെ 1958 മുതലുള്ള ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ അപകടങ്ങൾ കൂടി പഠനത്തിൽ അവലോകനം ചെയ്തിട്ടുണ്ട്. ഔദ്യോഗിക കണക്കുപ്രകാരമുള്ള അപകടങ്ങളിൽ 590 പേരാണ് മരിച്ചത്.ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം ടൂൾ ഫോർ ഇൻഫിനിറ്റ് സ്ലോപ് സ്റ്റെബിലിറ്റി അനാലിസിസ് (ജിസ്ടിസ്സ) മോഡൽ ഉപയോഗിച്ച് ഓരോ ജില്ലയുടെയും ഉരുൾപൊട്ടൽ സാധ്യതാപ്രദേശങ്ങളുടെ മാപ് പഠനത്തിന്റെ ഭാഗമായി തയാറാക്കിയിട്ടുണ്ട്.

ഉരുൽപൊട്ടലിനെ അതിജീവിക്കാനുള്ള നിർദേശങ്ങളും പഠനം മുന്നോട്ടുവെക്കുന്നുണ്ട്.പ്രാദേശിക മഴപ്രവചനവും ഉരുൾപൊട്ടൽ സാധ്യതാപ്രദേശങ്ങളുടെ മാപ്പിങ്ങും വിലയിരുത്തി ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം വികസിപ്പിക്കുക,മൂന്നാറിൽ പരീക്ഷിച്ച വയർലെസ് സെൻസർ നെറ്റ്‌വർക്‌സ് സംവിധാനം ഉരുൾപൊട്ടൽ സാധ്യതാമേഖലകളിൽ വിന്യസിക്കുക,ഇന്റർഫെറോമെട്രിക് സിന്തെറ്റിക് അപെർചർ റഡാർ (ഇൻസാർ) ഉപയോഗിച്ചുള്ള മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുക,ഡ്രോൺ പോലുള്ള അൺമാൻഡ് ഏരിയൽ സിസ്റ്റം ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളിലൂടെ ലഭിക്കുന്ന ചിത്രങ്ങൾ ഫൊട്ടോഗ്രാമട്രി സാങ്കേതികവിദ്യയുടെ സഹായത്തോടെ വിലയിരുത്തി ഉരുൾ സാധ്യത കണ്ടെത്തുന്ന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക തുടങ്ങിയവയാണ് റിപ്പോർട്ടിലെ പ്രധാന മാർഗ്ഗ നിർദ്ദേശങ്ങൾ.

കേരള സർവകലാശാലയിലെ ജിയോളജി വിഭാഗം അസി. പ്രഫസർ ഡോ.കെ.എസ്.സജിൻ കുമാർ, യുഎസിലെ മിഷിഗൻ ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിലെ ജിയോളജിക്കൽ ആൻഡ് മൈനിങ് എൻജിനീയറിങ് വിഭാഗം പ്രഫസറും മലയാളിയുമായ ഡോ. തോമസ് ഉമ്മൻ എന്നിവർ ചേർന്നാണ് പഠനം നടത്തിയത്.