തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം നിയമസഭയിൽ.സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി കടുത്ത പ്രതി സന്ധിയിലെന്ന് ധവളപത്രം. സംസ്ഥാനത്തിന്റെ ബാധ്യത പതിനായിരം കോടിയിലേറെയെന്നും ഇതുകൊടുത്ത് തീർക്കുക അസാധ്യമാണെന്നും ധവളപത്രത്തിൽ പറയുന്നു. യുഡിഎഫിന്റെ ധനകാര്യ മാനേജ്‌മെന്റിന് അതി രൂക്ഷ വിമർശനമാണ് ധവളപത്രത്തിൽ. താങ്ങാവുന്നതിലും അധികം കടം സംസ്ഥാനം വരുത്തിവച്ചതായാണ് പറയുന്നത്. ആവശ്യത്തിന് പണമുണ്ടോയെന്ന് നോക്കാതെയാണ് ബജറ്റിൽ പല പദ്ധതികൾക്കും പണം അനുവദിച്ചത്. നിക്ഷേപമായി പ്രതീക്ഷത് 2400 കോടിയാണ് എന്നാൽ ലഭിച്ചത് വെറും 1800 കോടി മാത്രമാണെന്നും ധവളപത്രത്തിൽ പറയുന്നു. നിയമസഭയിൽ കഴിഞ്ഞ മൂന്നു തവണ അവതരിപ്പിച്ച ബജറ്റുകളും അസംബന്ധമാണെന്നും ധവളപത്രത്തിൽ പറയുന്നു. നികുതി പിരിവ് വളർച്ച 17.4 ശതമാനത്തിൽ നിന്നും 12 ശതമാനമായി കുറഞ്ഞതായും ചൂണ്ടിക്കാണിക്കുന്നു.

നികുതി വരുമാനത്തിൽ വൻതോതിൽ കുറവുണ്ടായി. അടിയന്തരമായി വരുമാനം കൂട്ടണം. ഇടക്കാല ബജറ്റിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളല്ല ഇപ്പോഴത്തേതെന്നും ധവളപത്രത്തിൽ പറയുന്നു.നികുതി വരുമാനത്തിൽ കുറവുണ്ടായതോടെ വൻതോതിൽ റവന്യൂക്കമ്മി ഉയർന്നു. സംസ്ഥാനത്തിന്റെ വായ്പാ പരിധിയെ മറികടക്കുന്ന തരത്തിലാണ് റവന്യൂക്കമ്മി എത്തിനിൽക്കുന്നതെന്നും ധവളപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.സംസ്ഥാനത്തിന്റെ ധനസ്ഥിതി ഗുരുതരമാണെന്ന കാര്യം മറച്ചുവച്ചാണ് കഴിഞ്ഞ യുഡിഎഫ് സർക്കാറിന്റെ അവസാന ബജറ്റ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവതരിപ്പിച്ചത്. നികുതി ഭരണം തകരുമ്പോൾ യുഡിഎഫ് സർക്കാർ നോക്കനിന്നു. നികുതി വരുമാനം കൂട്ടാൻ വി എസ് സർക്കാർ സ്വീകരിച്ച നടപടികൾ യുഡിഎഫ് സർക്കാർ തുടർന്നില്ല. അതു ചെയ്തിരുന്നെങ്കിൽ സ്ഥിതി ഇത്രയും മോശമാകുമായിരുന്നില്ലെന്നും ധവളപത്രത്തിൽ പറയുന്നു.

കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിലെ സാമ്പത്തിക നടപടികൾ ധവളപത്രം തുറന്നുകാട്ടിയാണ് ധവളപത്രം പുറത്തിറക്കിയിരിക്കുന്നത്. ധവളപത്രം കഴിഞ്ഞ സർക്കാരിനെതിരായ കുറ്റപത്രമായിരിക്കുമെന്ന് നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. പൊതുകടം, സർക്കാറിന് അടിയന്തരമായി കൊടുത്തുതീർക്കേണ്ട സാമ്പത്തിക ബാധ്യത, നികുതി വരുമാനത്തിൽ വന്ന കുറവ്, സർക്കാർ ചെലവുകളിലെ വർധന, പലിശബാധ്യത, റവന്യൂ-ധന കമ്മികളിൽ വന്ന വർധന എന്നിവയൊക്കെ ഇതിൽ വിശദമായി പ്രതിപാദിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിർദ്ദേശങ്ങളടങ്ങുന്ന ധവളപത്രത്തിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നൽകി.

പൊതുകടം ഒന്നരലക്ഷം കോടി കടന്നെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കടം അഞ്ചുവർഷംകൊണ്ട് ഇരട്ടിയായി. സർക്കാർ അടിയന്തരമായി കൊടുത്തുതീർക്കേണ്ട ബാധ്യത 5965 കോടിയുടേതാണ്. പെൻഷൻ കുടിശ്ശിക 1000 കോടിയും വിവിധ വകുപ്പുകൾക്ക് നൽകാനുള്ള ബിൽ 2000 കോടിയും കരാറുകാർക്ക് നൽകാനുള്ള 1600 കോടിയും ഉൾപ്പെടുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും റവന്യൂ കുടിശ്ശിക 12,608 കോടി പിരിച്ചെടുക്കാനുണ്ട്. ഇതിൽ 7,695 കോടി നിയമനടപടികളിലാണ്. 5013 കോടി പിരിക്കുന്നതിന് പ്രയാസമില്ല.

15 വർഷത്തെ സാമ്പത്തികനില തുറന്നുകാട്ടുന്നതാണ് ധവളപത്രം. ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി കഴിഞ്ഞ ഇടതുസർക്കാറിന്റെ അവസാന കാലത്തേതുമായി താരതമ്യം ചെയ്തതും ധവളപത്രത്തിൽ പ്രതിപാധിക്കുന്നണ്ട്. നികുതിപിരിവിലെ വളർച്ചാ നിരക്കിന്റെ താരതമ്യവും ഇതിലുണ്ടാകും. 2001ൽ ആന്റണി സർക്കാറും സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറപ്പെടുവിച്ചിരുന്നു.