ന്യൂഡൽഹി: തൊഴിൽ തേടി ഗൾഫ് രാജ്യങ്ങളിലേക്ക് മലയാളികൾ ഒഴുകുയ വേളയിലാണ് ഇവിടേക്ക് ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ എത്തിയത്. ആദ്യകാലത്ത് തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് തൊഴിലാളികൾ കേരളത്തിലേക്ക് എത്തിയതെങ്കിൾ ഇപ്പോൾ ബംഗാളിൽ നിന്നും അസമിൽ നിന്നും അടക്കമുള്ളവരാണ് ഇവിടേക്ക് എത്തുന്നത്. ചുരുക്കത്തിൽ കേരളം ഇതര സംസ്ഥാന തൊഴിലാളികളുടെ ഗൾഫായി തന്നെ നിലനിൽക്കുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോർട്ടാണ് ഒടുവിൽ പുറത്തുവന്നത്. കേരളം ആഭ്യന്തര കുടിയേറ്റക്കാരുടെ മുഖ്യ ലക്ഷ്യസ്ഥാനമെന്ന് ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ബിഹാർ, ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്കുള്ള കുടിയേറ്റം കൂടുതൽ. ഉയർന്ന പ്രതിശീർഷ വരുമാനവും കുറഞ്ഞ ജനനനിരക്കുമാണ് കേരളത്തിലേക്ക് കുടിയേറാൻ തൊഴിലാളികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ. ബിഹാറിലെ പ്രതിശീർഷ വരുമാനത്തിന്റെ നാലിരിട്ടിയാണ് കേരളത്തിലേതെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. അതേസമയം ബിജെപി അടക്കമുള്ളവർ നടത്തുന്ന കുപ്രചണങ്ങൾക്കുള്ള മറുപടിയും ഈ റിപ്പോർട്ടിലുണ്ട്.

ബിഹാറിലെ പ്രതിശീർഷവരുമാനം സൊമാലിയയ്ക്കും കേരളത്തിലെ ജനനനിരക്ക് ഡെന്മാർക്കിനും തുല്യമാണെന്നാണ് റിപ്പോർട്ട് . അതേസമയം, കേരളത്തിൽ നിന്ന് ഏറെപ്പേരും കുടിയേറുന്നത് കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കാണ്. 2001 മുതൽ 2011 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ ആഭ്യന്തര കുടിയേറ്റം ഇരട്ടിയായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഭ്യന്തര കുടിയേറ്റത്തിൽ പ്രതിവർഷം നാലര ശതമാനത്തോളം വർധനയുണ്ടാകുന്നു. ഏഷ്യയിൽ പുണെയും സൂറത്തുമാണ് കുടിയേറ്റം ഏറ്റവുമേറെയുള്ള നഗരങ്ങൾ. മുംബൈയിലെ ഉയർന്ന ജീവിതച്ചെലവും കൂടിയ ജനസാന്ദ്രതയും കുടിയേറ്റക്കാരെ തൊട്ടടുത്ത പുണെ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നു. സൂറത്തിലെ തുണി, വജ്ര വ്യവസായങ്ങളാണ് കുടിയേറ്റത്തൊഴിലാളികളെ ആകർഷിക്കുന്നത്.

രാജാന്ത്യര കുടിയേറ്റത്തെക്കാൾ മൂന്നിരിട്ടി അധികമാണ് ആഭ്യന്തര കുടിയേറ്റം. പ്രതിവർഷം 50-60 ലക്ഷം ആളുകളാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നത്. ഏറ്റവും വേഗത്തിൽ വളരുന്ന 100 നഗരങ്ങളുടെ പട്ടികയിൽ നാലിലൊന്നും ഇന്ത്യയിലാണ്. ഡൽഹി, കൊൽക്കത്ത, മുംബൈ എന്നിവ ലോകത്തെ ജനനിബിഡമായ 10 നഗരങ്ങളിലുൾപ്പെടുന്നു. ഫരീദാബാദ്, ലുധിയാന, സൂറത്ത് എന്നിവിടങ്ങളിലെ ജനസംഖ്യയുടെ പകുതിയലധികവും (55ശതമാനം) കുടിയേറ്റക്കാരാണ്. ആഗ്ര, അലഹാബാദ് എന്നീ നഗരങ്ങളിൽ താരതമ്യേന കുടിയേറ്റം (15ശതമാനം) കുറവാണ്.

അതേസമയം മറ്റൊരു സംസ്ഥാനങ്ങളിലും ഇല്ലാത്ത വിധത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ സംരക്ഷണത്തിന് സംസ്ഥാന സർക്കാർ കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതി നടപ്പിലാക്കിയിരുന്നു. 1979ൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ ഇന്റർ‌സ്റ്റേറ്റ് വർക്ക്‌മെൻ ആക്ടിനെ പിന്തുടർന്നാണ് കേരളത്തിൽ 2010ൽ കേരള കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി സർക്കാർ നടപ്പാക്കിയത്. ഇതുപ്രകാരം അഞ്ചിൽ കൂടുതൽ ഇതര സംസ്ഥാന തൊഴിലാളികളുള്ള സ്ഥാപനങ്ങൾ തൊഴിലാളികളെ രജിസ്റ്റർ ചെയ്ത് ക്ഷേമപദ്ധതിയിൽ ചേർക്കുകയും തൊഴിൽസുരക്ഷ, പാർപ്പിടം, ചികിത്സ തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കുകയും വേണം.

അംഗത്വം നിലനിൽക്കെ അംഗം മരിച്ചാൽ ധനസഹായമായി 50,000 രൂപ, ജോലിക്കിടെ ആറുമാസത്തിൽ കുറയാതെ ചികിത്സയിലായാൽ 10,000, മാരകരോഗങ്ങൾ ബാധിച്ചയാൾക്ക് ദിവസം 50 നിരക്കിൽ രണ്ടായിരം രൂപ വരെ നൽകണം, അഞ്ചുവർഷത്തിലധികം അംഗമായ ആൾക്ക് വാർഷിക അധിക ധനസഹായം, മരിച്ചാൽ ഭൗതിക ശരീരം നാട്ടിലത്തെിക്കാൻ ധനസഹായം, മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം എന്നിവ ഈ പദ്ധതി നിർദേശിക്കുന്നു. എന്നാൽ, നിർബന്ധിത സ്വഭാവം ഇല്ലാത്തതിനാൽ തൊഴിലുടമകൾ തൊഴിലാളികളെ രജിസ്റ്റർ ചെയ്യുകയോ ആനുകൂല്യങ്ങൾ നൽകുകയോ ചെയ്യാറുണ്ടായിരുന്നില്ല.

തുല്യജോലിക്ക് തുല്യകൂലി എന്നാണ് നിയമമെങ്കിലും പത്തും പതിനാലും മണിക്കൂർ കഠിന ജോലിചെയ്തുകൊടിയ ചൂഷണമാണ് ഇവർ നേരിടുന്നത്. മിക്കയിടത്തും വൃത്തിയുള്ള താമസ സൗകര്യങ്ങളും ഇല്ല. ഇക്കാര്യങ്ങളിൽ പരാതിപ്പെട്ടാലും രേഖയിൽ ഇല്ലാത്തവരായതിനാൽ നടപടിയെടുക്കാനും തൊഴിൽവകുപ്പിന് കഴിഞ്ഞിരുന്നില്ല. ഈ രംഗത്ത് നിരന്തരം മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായി മനുഷ്യാവകാശ കമീഷനും ബാലാവകാശ കമീഷനും ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം ക്ഷേമ പദ്ധതികളെല്ലാം ഇതര സംസ്ഥാന തൊഴിലാളികളെ കേരത്തിലേക്ക് എത്തിക്കുന്നു.