- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോക്ക് കൈവശം വെച്ചതിനു വിയ്യൂർ ജയലിലായ തടവുപുള്ളി 5 മാസത്തിനിടെ ഫോൺ വിളിച്ചത് 2000 തവണ; നിരന്തരമുള്ള ഫോൺ വിളികൾ മാളയിലെ വ്യാപാരിയെ ഭീഷണിപ്പെടുത്തി 25 ലക്ഷം തട്ടാനുള്ള ക്വട്ടേഷന്റെ ഭാഗം; സംസ്ഥാനത്തെ ജയിലുകൾ ഗുണ്ടാ സംഘങ്ങളുടെ സുഖവാസ കേന്ദ്രമായി മാറുന്ന വിധം
തൃശൂർ: സംസ്ഥാനത്തെ ജയിലുകൾ ക്വട്ടേഷൻ സംഘങ്ങൾക്ക് യഥേഷ്ടം വിലസാനുള്ള അവസരങ്ങൾ ഒരുക്കുന്ന കേന്ദ്രങ്ങളാണ് എന്ന കാര്യത്തിൽ ആർക്കും തർക്കമില്ലാതായത് അടുത്ത കാലത്ത് പുറത്തുവന്ന വാർത്തകളാണ്. കൊടി സുനിക്കും കൂട്ടർക്കും അടക്കം യഥേഷ്ടം വിഹരിക്കാവുന്ന കേന്ദ്രങ്ങളാണ് ജയിലുകൾ. ഈ ജയിലിൽ നിന്നും ക്വട്ടേഷൻ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും യാതൊരു തടസ്സവും ഇല്ലാതെ തുടരുകയാണ്.
ലൈസൻസില്ലാത്ത തോക്ക് കൈവശം വച്ചതിനു വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന തടവുകാരൻ നടത്തിയ ഓപ്പറേഷനുകളുടെ വിവരങ്ങൾ ശരിക്കും ഞെട്ടിക്കുന്നതാണ്. യഥേഷ്ടം ഫോൺവിളിയുമായി ഇയാൾ ക്വട്ടേഷൻ പുറത്തുള്ളവരെ കൊണ്ട് നടപ്പിലാക്കുകയായിരുന്നു. 5 മാസത്തിനിടെ ഈ തടവുകാരൻ പുറത്തേക്കു വിളിച്ചത് രണ്ടായിരത്തിലധികം തവണയാണ്. ഫോൺ നമ്പർ പരിശോധിച്ച ശേഷം ഇരിങ്ങാലക്കുട പൊലീസ് ഒന്നര വർഷം മുൻപു കോടതിയിൽ സമർപ്പിച്ച രഹസ്യ റിപ്പോർട്ടിലാണ് ഈ വിവരം.
റിപ്പോർട്ടിന്റെ ഉള്ളടക്കം ഇപ്പോഴാണു പുറത്തുവരുന്നത്. വിയ്യൂർ പാടൂക്കാട്ടെ മൊബൈൽ ടവറിൽ നിന്നാണു വിളികൾ പോയതെന്നും റിപ്പോർട്ടിലുണ്ട്. മാള സ്വദേശിയായ വ്യാപാരിയെ ഭീഷണിപ്പെടുത്തി 25 ലക്ഷം തട്ടാനുള്ള ക്വട്ടേഷനായിരുന്നു വിളികളിൽ പ്രധാനം. തിരുവനന്തപുരം വെഞ്ഞാറമൂട് ഗീതാലയത്തിൽ രാജീവ് എന്ന തടവുകാരന്റേതാണ് കേസിലുൾപ്പെട്ട ഫോൺ. അനധികൃതമായി തോക്ക് കൈവശം വച്ചതിനൊപ്പം ഒരു പീഡനക്കേസിലും പ്രതിയാണു രാജീവ്.
സെൻട്രൽ ജയിലിൽ നിന്നു രാജീവ് തന്നെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുകയാണെന്നു കാട്ടി മാള സ്വദേശി ജോഷി പെരേപ്പാടൻ പൊലീസിനു പരാതി നൽകിയിരുന്നു. 25 ലക്ഷം രൂപ നൽകിയില്ലെങ്കിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്നായിരുന്നു ഭീഷണി. 6 വ്യത്യസ്ത നമ്പറുകളിൽ നിന്നു ജോഷിയുടെ ഫോണിലേക്കു ജയിലിൽനിന്നു വിളികളെത്തി. ഇതിൽ 2 നമ്പറുകൾ ജയിൽ ജീവനക്കാരുടേതാണെന്നു സൂചനയുണ്ട്.
കേസെടുത്ത ശേഷം ഈ മൊബൈൽ നമ്പറുകളിൽ നിന്നുള്ള ഫോൺവിളിയുടെ വിശദാംശങ്ങൾ പൊലീസ് ചികഞ്ഞപ്പോഴാണ് 5 മാസത്തിനിടെ മാത്രം 2000ലേറെ വിളികൾ പുറത്തേക്കു പോയതായി കണ്ടത്. ഇതു വ്യക്തമാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. എന്നാൽ, കുറ്റപത്രം സമർപ്പിച്ചപ്പോൾ രാജീവിനെതിരെ കാര്യമായ പരാമർശങ്ങളുണ്ടായില്ല. ജയിലിലെ ഫോൺവിളി വേണ്ടവിധം അന്വേഷിച്ചതുമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചപ്പോൾ പുനരന്വേഷണത്തിന് ഉത്തരവിറങ്ങിയെങ്കിലും നടപ്പായിട്ടില്ല.
999520 എന്നു തുടങ്ങുന്ന നമ്പറിൽ നിന്ന് 2019 ജനുവരിയിൽ മാത്രം രാജീവ് പുറത്തേക്കു വിളിച്ചത് മുന്നൂറോളം തവണ. മറ്റു നമ്പറുകളിൽ നിന്നുള്ള വിളികൾ കൂടി കൂട്ടിയാൽ ജനുവരിയിൽ 450ൽ അധികം കോളുകളുണ്ട്. പുറത്തുള്ള ഗുണ്ടാ സംഘങ്ങളുമായി ബന്ധപ്പെട്ടു ക്വട്ടേഷനുകളും ഭീഷണിപ്പെടുത്തി പണം തട്ടലുമായിരുന്നു ഫോണിലൂടെ നടത്തിയിരുന്നത്.
അതിനിടെ വിയ്യൂർ സെൻട്രൽ ജയിലിലെ ഫോൺവിളി വിവാദത്തിൽ സൂപ്രണ്ട് എ.ജി.സുരേഷിനെതിരെ കർശന നടപടിയെടുക്കണമെന്ന ശുപാർശയോടെ ഉത്തരമേഖലാ ജയിൽ ഡിഐജിയുടെ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളിലുൾപ്പെടെ സൂപ്രണ്ടിനെ സംശയത്തിൽ നിർത്തിയുള്ള റിപ്പോർട്ട് ഡിഐജി എം.കെ.വിനോദ്കുമാർ, ജയിൽ മേധാവി ഷേക് ദർവേഷ് സാഹേബിനു കൈമാറി. സൂപ്രണ്ടിനെതിരെ വിശദമായ അന്വേഷണത്തിനും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
ഫ്ളാറ്റ് കൊലക്കേസ് പ്രതി റഷീദ്, ടിപി കേസ് പ്രതി കൊടി സുനി എന്നിവരിൽനിന്നു പിടിച്ചെടുത്ത ഫോണുകളിൽ നിന്ന് ആയിരത്തിലേറെ വിളികൾ നടത്തിയിട്ടുണ്ടെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വകുപ്പുതല അന്വേഷണം. ഒരു വർഷത്തോളം സൂപ്രണ്ടിന്റെ ഓഫിസ് സഹായിയായിരുന്നു റഷീദ്.
സ്വർണക്കടത്ത് കേസ് പ്രതികളായ സന്ദീപും സരിത്തും തൃശൂർ അതീവസുരക്ഷാ ജയിലിലായിരുന്ന കാലം സൂചിപ്പിച്ചുകൊണ്ടാണു സർക്കാർ വിരുദ്ധ പ്രവർത്തനങ്ങളിൽ സൂപ്രണ്ടിനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത്. ആ സമയത്ത് അതീവ സുരക്ഷാ ജയിൽ സൂപ്രണ്ടായിരുന്നു ഇദ്ദേഹം. വിയ്യൂർ സെൻട്രൽ ജയിലിൽ റഷീദ് ഉൾപ്പെടെ ഒരു സംഘം തടവുകാരുടെ സ്വൈരവിഹാരമാണു നടന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. ഇവർ യഥേഷ്ടം ഫോൺ ഉപയോഗിക്കുകയും പുറത്തുള്ളവരുമായി തുടർച്ചയായി ബന്ധം പുലർത്തുകയും ചെയ്തു. സത്യസന്ധരായ ഉദ്യോഗസ്ഥരെ ഇവർ ഭീഷണിപ്പെടുത്തി.
റഷീദിൽ നിന്നു ഫോൺ പിടികൂടിയ ഉദ്യോഗസ്ഥർക്കു സൂപ്രണ്ടിന്റെ പിന്തുണയ്ക്കു പകരം ശാസനയാണു ലഭിച്ചത്. റെയ്ഡിനു നേതൃത്വം നൽകിയ ചില ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. കൊടുംകുറ്റവാളികളെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ ഗുരുതരമായ അച്ചടക്കലംഘനവും സുരക്ഷാ പാളിച്ചയുമുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. സൂപ്രണ്ട് നാലു തവണ സസ്പെൻഷനു വിധേയനായിട്ടുണ്ടെന്നു പരാമർശിക്കുന്ന റിപ്പോർട്ടിൽ, ഇതിന്റെ ഉത്തരവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെയും തടവുകാരുടെയും മൊഴികൾ അനുബന്ധമായി ചേർത്തിട്ടുണ്ട്.
ജയിലിൽ തന്നെ വകവരുത്താൻ ഉന്നത ജയിൽ ഉദ്യോഗസ്ഥന്റെ ഒത്താശയോടെ 2 സഹതടവുകാർക്കു കൊടുവള്ളി സ്വർണക്കടത്ത് സംഘം ക്വട്ടേഷൻ നൽകിയെന്ന കൊടി സുനിയുടെ മൊഴി റിപ്പോർട്ടിലുണ്ട്. ഈ മൊഴി സാധൂകരിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നു റിപ്പോർട്ടിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ