തിരുവനന്തപുരം: കണ്ണൂർ സർവകലാശാല തനിക്കെതിരെ കോടതിയെ സമീപിച്ചാൽ ചാൻസലറെന്ന നിലയിൽ കർശന നടപടി സ്വീകരിക്കാമെന്നു ഗവർണർക്കു നിയമോപദേശം ലഭിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വർഗീസിന്റെ നിയമനം ഗവർണർ മരവിപ്പിച്ചതിനെതിരെ കോടതിയെ സമീപിക്കുമെന്നു വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇത് പിന്നീട് സർക്കാർ ഇടപെട്ട് വേണ്ടെന്ന് വച്ചു. കോടതിയിൽ പോയാൽ അതിശക്തമായ നടപടിയുണ്ടാകുമെന്ന സൂചന സർക്കാരിനും ഗവർണ്ണർ നൽകിയിട്ടുണ്ട്.

വിസിക്കും അദ്ദേഹത്തിന്റെ നിർദേശപ്രകാരം കോടതിയെ സമീപിക്കുന്ന രജിസ്റ്റ്രാർക്കുമെതിരെ നടപടിയെടുക്കാം. കേരള സർവകലാശാലയുടെ ഇന്നു ചേരുന്ന സെനറ്റ് യോഗത്തിൽ ഗവർണർക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകിയാൽ വൈസ് ചാൻസലർ ഡോ. വി.പി.മഹാദേവൻപിള്ളയ്‌ക്കെതിരെയും നടപടി വരും. ഗവർണർ നിയമിച്ച വിസിമാർ അദ്ദേഹത്തിനെതിരെ പരസ്യനിലപാടു സ്വീകരിക്കുന്നത് ഗുരുതര അച്ചടക്കലംഘനമാണെന്നു നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. കണ്ണൂർ വിസി കുറച്ചുകാലമായി തന്നെ പരസ്യമായി വെല്ലുവിളിക്കുന്നതിൽ ഗവർണർക്ക് അതൃപ്തിയുണ്ട്. കേരള സർവീസ് ചട്ടങ്ങൾ വിസിമാർക്കും ബാധകമാണ്; അതിനാൽ നിയമനാധികാരിയായ ഗവർണർക്കു വിസിയെ സസ്‌പെൻഡ് ചെയ്യാം.

ഗവർണർക്കെതിരെ കേസ് കൊടുക്കാനുള്ള കണ്ണൂർ സർവകലാശാലയുടെ നീക്കം കോടതിയിൽ നിലനിൽക്കില്ലെന്ന വിലയിരുത്തിലിലാണ് സർക്കാരും. ചാൻസലറുടെ ഉത്തരവ് കീഴുദ്യോഗസ്ഥർ ലംഘിക്കുന്നതും കോടതിയിൽ ചോദ്യം ചെയ്യുന്നതും ജോലിയിലുള്ള വീഴ്ചയായി കണക്കാക്കി ശിക്ഷിക്കാൻ അധികാരമുണ്ട്. അതുകൊണ്ട് തന്നെ നിയമ നടപടി വെറുതെയാകുമെന്ന് സർക്കാർ വിലയിരുത്തുന്നു. കേരള സർവകലാശാലയുടെ പുതിയ വിസിയെ തിരഞ്ഞെടുക്കാൻ ഗവർണർ ഏകപക്ഷീയമായി സേർച് കമ്മിറ്റി രൂപീകരിച്ചതിനെ അപലപിച്ച് ഇന്നു സെനറ്റിൽ പ്രമേയം അവതരിപ്പിക്കുമെന്നു സിപിഎം മുഖപത്രം കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതും തൽകാലം ഉണ്ടാകില്ല. മുഖ്യമന്ത്രി പിണറായി വിജയനും ഈ നീക്കത്തിന് എതിരാണ്.

ചാൻസലർക്കെതിരെ പ്രമേയം അവതരിപ്പിക്കണമെങ്കിൽ വിസിയുടെ അനുമതി വേണം. സ്ഥാനമൊഴിയാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള ഡോ.മഹാദേവൻപിള്ള അനുമതി നൽകിയാൽ അത് പ്രശ്‌നമാകും. എംജി സർവകലാശാലാ വിസിയെ പുറത്താക്കിയ ചരിത്രമുണ്ടെങ്കിലും കേരളത്തിൽ ഇതുവരെ വിസിമാരെ സസ്‌പെൻഡ് ചെയ്തിട്ടില്ല. പുറത്താക്കണമെങ്കിൽ സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ സിറ്റിങ് ജഡ്ജിയെയോ റിട്ട. ജഡ്ജിയെയോ അന്വേഷണ കമ്മിഷനായി നിയമിക്കണം. വിസിയുടെ വിശദീകരണവും കേൾക്കണം. സിൻഡിക്കറ്റിലേക്കും സെനറ്റിലേക്കും താൻ നാമനിർദ്ദേശം ചെയ്തവരെ പിൻവലിക്കാനും ഗവർണർക്ക് അധികാരമുണ്ട്. 24നു മടങ്ങിയെത്തിയശേഷമാകും ഇക്കാര്യങ്ങളിൽ തീരുമാനം.

കേരള സർവകലാശാലയുടെ പ്രത്യേക സെനറ്റ് യോഗത്തിൽ, പുതിയ വൈസ് ചാൻസലറെ കണ്ടെത്താനുള്ള സേർച് കമ്മിറ്റിയിലെ സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള അജൻഡ ഒഴിവാക്കിയിട്ടുമുണ്ട്. സേർച് കമ്മിറ്റിയെ ഗവർണർ നിയമിച്ചിരുന്നു. സെനറ്റ് പ്രതിനിധിയെ കൂടി തിരഞ്ഞെടുത്താലേ അതു പൂർണമാകൂ. ഇതു തടയാനാണ് സർവകലാശാലയുടെ നീക്കം . സേർച് കമ്മിറ്റിയുടെ കാലാവധി 3 മാസം ആയതിനാൽ സെനറ്റ് പ്രതിനിധിയുടെ പേരു നിർദേശിക്കുന്നതു നീട്ടിക്കൊണ്ടു പോയാൽ അതു കാലഹരണപ്പെടും. ഇത് തന്ത്രപരമായ നീക്കമാണ്.

വിസി നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നിയമഭേദഗതി ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ വരുന്നുണ്ട്. സേർച് കമ്മിറ്റിയുടെ ഘടനയിൽ മാറ്റം വരുത്താനും കമ്മിറ്റി അംഗങ്ങളുടെ എണ്ണം കൂട്ടാനുമുള്ള ബിൽ പാസായതിനു ശേഷമേ സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കാൻ സാധ്യതയുള്ളൂ. ഇതിലൂടെ വിസിയെ കണ്ടെത്താനുള്ള ഗവർണ്ണറുടെ ഇടപെടൽ നടക്കില്ല.

ജൂലൈ 15ന് ചേർന്ന് സെനറ്റിന്റെ വിശേഷാൽ യോഗം സേർച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധി ആയി ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ.വി.കെ.രാമചന്ദ്രന്റെ പേര് നിർദേശിച്ചിരുന്നു. എന്നാൽ അദ്ദേഹം ഒഴിവായി. സേർച് കമ്മിറ്റി രൂപീകരിക്കാനുള്ള സമയം കഴിഞ്ഞതു കൊണ്ട് ചാൻസലറുടെയും യുജിസിയുടെയും പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തിയാണ് ഗവർണർ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചത്. സെനറ്റ് പ്രതിനിധിയുടെ പേരു ലഭ്യമാകുന്ന മുറയ്ക്ക് കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു.

സിൻഡിക്കറ്റിലെ വിദ്യാർത്ഥി പ്രതിനിധിയുടെ തിരഞ്ഞെടുപ്പും ഒരു എയ്ഡഡ് കോളജിൽ പുതിയതായി സ്വാശ്രയ കോഴ്‌സ് അനുവദിക്കുന്നതും മാത്രമാണ് ഇന്നത്തെ സെനറ്റ് യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അജൻഡയ്ക്കു പുറത്തുള്ള ഇനമായി സെനറ്റ് പ്രതിനിധിയുടെ തിരഞ്ഞെടുപ്പും ഗവർണർക്കെതിരെയുള്ള പ്രമേയവും വരുമോ എന്ന് വ്യക്തമല്ല.