- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇംഗ്ലണ്ടും ചൈനയും യുഎസ്എയും കോട്ടിട്ട പരിഷ്കാരികൾ ആയപ്പോൾ ഇന്ത്യ വെറും പുതപ്പ് പുതച്ച പശു മാത്രം; 'കോവിഡ് 19 ഗ്ലോബൽ മെഡിക്കൽ സമ്മിറ്റ് ' എന്ന കേരള ലളിതകലാ അക്കാദമി ഓണറബിൾ മെൻഷൻ പുരസ്‌ക്കാരം നേടിയ കാർട്ടൂൺ വിവാദം ആകുന്നു; എതിർപ്പുമായി ബിജെപി
തിരുവനന്തപുരം: പുരസ്‌കാരങ്ങൾ കലാകാരന്മാർക്ക് പ്രോത്സാഹനം ആണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, അത് ഭരിക്കുന്ന പാർട്ടിയോടുള്ള പ്രീണനത്തിന് കൊടുക്കുന്ന സമ്മതിയാണെങ്കിലോ? കാർട്ടൂണിസ്റ്റുകൾ എല്ലാവരെയും വിമർശിക്കാൻ ലൈസൻസുള്ളവരാണ് എന്നാണ് പറയാറുള്ളത്. നെഹ്‌റുവിനെ ആർ.ശങ്കർ വരച്ചത് മുതൽ വരയാശാന്മാർ രാഷ്ട്രീയ നേതാക്കളെ തല്ലിയിട്ടും തലോടിയിട്ടുമുണ്ട്. എന്നൽ, കേരള ലളിത കലാ അക്കാദമിയുടെ ഇത്തവണത്തെ പുരസ്‌കാരം കിട്ടിയ രചനകൾ, നല്ല രചനകളോ എന്ന വിവാദം തലപൊക്കിയിരിക്കുന്നു. കാരണം വേറൊന്നുമല്ല, ഇടതുപക്ഷ പ്രീണനം തന്നെ. അതിനുവേണ്ടി, വലതുപക്ഷത്തെ വിശേഷിച്ച് രാജ്യം ഭരിക്കുന്ന പാർട്ടിയായ ബിജെപിയെ ഇകഴ്‌ത്തി കാട്ടുന്നു. പ്രധാനമന്ത്രിയെ മാത്രമല്ല, രാജ്യത്തെ തന്നെ മോശമായി ചിത്രീകരിക്കുന്ന സ്ഥിതിവിശേഷം. കാർട്ടൂൺ അവാർഡുകളിൽ ഏറ്റവും അധികം വിവാദം ക്ഷണിച്ചുവരുത്തിയത്, ഓണറബിൾ മെൻഷൻ പുരസ്‌ക്കാരം ലഭിച്ച അനൂപ് രാധാകൃഷ്ണന്റെ 'കോവിഡ് ഗ്ലോബൽ മെഡിക്കൽ സമ്മിറ്റ്' എന്ന ശീർഷകത്തിലുള്ള കാർട്ടൂണാണ്.
ഇംഗ്ലണ്ട്, ചൈന, യുഎസ്എ എന്നീ രാജ്യങ്ങൾ അല്ലെങ്കിൽ, രാജ്യ പ്രതിനിധികൾ പരിഷ്‌കാരികളായി ഗമയിൽ പങ്കെടുക്കുമ്പോൾ, ഇന്ത്യൻ പ്രതിനിധി പുതപ്പ് പുതച്ച ഒരു പശുവാണ്. കോവിഡിന്റെ പേരിൽ രാജ്യത്ത് ഒരിവിഭാഗം ഉയർത്തി കാട്ടിയ ചില അന്ധവിശ്വാസങ്ങളെയോ, ചികിത്സാരീതികളെയോ പരിഹസിക്കുകയാണ് എന്ന് കാർട്ടൂണിസ്റ്റിന് അവകാശപ്പെടാം. എന്നാൽ, ബിജെപി ഇതിനെതിരെ ശക്തമായി രംഗത്ത് എത്തിക്കഴിഞ്ഞു. രാജ്യത്തെ അപമാനിക്കാൻ സർക്കാർ വക അവാർഡ് എന്നാണ് ആരോപണം. പാക്കിസ്ഥാന്റെയും ചൈനയുടെയും ഡിഎൻഎ പേറുന്ന രാജ്യ ദ്രോഹികൾ എന്നാണ് ബിജെപി നേതാവ് എസ്.സുരേഷ് ഫേസ്‌ബുക്കിൽ കുറിച്ചത്. 135 കോടി വരുന്ന ഇന്ത്യാക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അഡ്വ.എസ് സുരേഷിന്റെ പോസ്റ്റ് വായിക്കാം:
കേരള ലളിതകലാ അക്കാദമിയുടെ അവാർഡിനർഹമായ കാർട്ടൂൺ കാണുക...!?
പ്രതികരിക്കുക...
ജനിച്ച നാടിനെ അപമാനിക്കാൻ കേരള സർക്കാർ വക അവാർഡ്...!?
പാക്കിസ്ഥാന്റേയും ചൈനയുടെയും DNA പേറുന്ന രാജ്യദ്രോഹികൾ...
ഇവർ അപമാനിച്ചത്... COVID-വാക്‌സിൽ 110 കോടി പേർക്ക് നൽകിയ ഇന്ത്യയെ....
COVID- കാരണം ഏറ്റവും കുറച്ച് മരണം മാത്രം സംഭവിച്ച ഇന്ത്യയെ...
COVID- വാക്‌സിൽ ലോകത്ത് ആദ്യം കണ്ട് പിടിച്ച ഇന്ത്യയെ...
COVID വാക്‌സിൻ ലോകത്ത് ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യയെ...
COVID... വാക്‌സിൻ ദരിദ്രരാജ്യം ങ്ങൾക്കുൾപ്പെടെ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്ത ഇന്ത്യയെ...
COVID കാലത്ത് 82 കോടി കുടുംബങ്ങൾക്ക് ഒന്നരവർഷമായി സൗജന്യ ഭക്ഷ്യധാന്യം നൽകുന്ന ഇന്ത്യയെ...
COVID കാരണം ഒരു പട്ടിണി മരണം പോലും നടക്കാത്ത ഇന്ത്യയെ..
COVID കാലത്ത് ധാന്യ ഉൽപ്പാതനം റിക്കാർഡ് ആക്കിയ ഇന്ത്യയെ...
COVID കാലത്ത് കാർഷിക GDP 2.5% -ൽ നിന്ന് 3.5% ആക്കിയ ഇന്ത്യയെ..
COVID കാലത്ത് മൂന്ന് ട്രില്യൻ ക്ലബിൽ അംഗമായ സാമ്പത്തിക ശക്തിയായ ഇന്ത്യയെ...
COVID കാലത്ത് 3 ലക്ഷം കോടിയിലേറെ രൂപയുടെ ജനകീയ ആശ്വാസ പദ്ധതികൾ നടപ്പാക്കിയ ഇന്ത്യയെ...
COVID കാലത്തിൽ ലോകത്തിലെ ഏറ്റവും നല്ല ഭരണാധികാരിയായ നരേന്ദ്ര മോദിയുടെ ഇന്ത്യയെ...
135..കോടി ഇന്ത്യാക്കാരന്റെ ആത്മാഭിമാനത്തെ...
മികച്ച കാർട്ടൂണിന് ഉള്ള പുരസ്‌കാരം കിട്ടിയത് ദിൻരാജിനാണ്. 'രാജാ ആൻഡ് മഹാരാജ' എന്ന ശീർഷകത്തിലുള്ള കാർട്ടൂണാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. എയർ ഇന്ത്യയെ ടാറ്റയ്ക്ക് വിറ്റതിനെയാണ് കാർട്ടൂണിസ്റ്റ് പരിഹസിക്കുന്നത്. രാജയായി മോദിയാണ് കാർട്ടൂണിൽ പ്രത്യക്ഷപ്പെടുന്നത്. കടക്കെണിയിൽ മുങ്ങിയ എയർ ഇന്ത്യയെ കരകയറ്റാൻ ടാറ്റയ്ക്ക് കൈമാറിയതിനെ പരിഹസിക്കുന്ന കാർട്ടൂണിന് എതിരെയും വിമർശനം ഉയർന്നിട്ടുണ്ട്.
ഓണറബിൾ മെൻഷൻ പുരസ്‌ക്കാരത്തിന് അർഹനായ രതീഷ് രവി കൊച്ചി പെരുമാനൂർ സ്വദേശിയാണ്. 'മരട് ഫ്‌ളാറ്റ്' എന്ന ശീർഷകത്തിലുള്ള കാർട്ടൂണാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. യും ചെയ്യുന്നു.
2019 ലെ കേരള ലളിത കലാ അക്കാദമി കാർട്ടൂൺ പുരസ്‌കാരവും വിവാദമായിരുന്നു. ഹാസ്യകൈരളി മാസികയിൽ ബിഷപ് ഫ്രാങ്കോയെ പരിഹസിച്ചു വരച്ച കാർട്ടൂണിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ഇതാണ് വിവാദത്തിന് അടിസ്ഥാനമായതും. ക്രിസ്ത്യൻ മതവികാരത്തെ അവഹേളിക്കുന്ന കാർട്ടൂൺ അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ സർക്കാർ പുരസ്‌കാരം മരവിപ്പിച്ചിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ കേന്ദ്ര കഥാപാത്രമായ കാർട്ടൂണിൽ ക്രിസ്തീയ മത ചിഹ്നങ്ങളും ഉപയോഗിച്ചിരുന്നു. ഇതിനെതിരെ കെ.സി.ബി.സി ഉൾപ്പടെ രംഗത്തെത്തിയതോടെയാണ് പുരസ്‌കാരം പുനഃപരിശോധിക്കാൻ സർക്കാർ ലളിതകലാ അക്കാദമിക്ക് നിർദ്ദേശം നൽകിയത്.
മതപ്രതീകങ്ങളെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അന്നത്തെ സംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ പറഞ്ഞിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ നീക്കമായി ഇതിനെ ചിത്രീകരിക്കേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ പ്രതികരണം അറിയാൻ ഇരിക്കുന്നതേയുള്ളു.