- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് വോട്ടെടുപ്പ് മെയ് ആദ്യവാരമെന്ന് സൂചന; പുതിയ സർക്കാർ മെയ് 15ന് മുമ്പ് അധികാരവുമേൽക്കും; കേരളത്തിലെ ഒരുക്കങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പൂർണ്ണ തൃപ്തി
തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ അവസാനമോ മെയ് ആദ്യമോ നടക്കും. രണ്ടു ഘട്ടമായകും തെരഞ്ഞെടുപ്പ് എന്നും സൂചനയുണ്ട്. സംസ്ഥാനത്തിൽ ക്രമസമാധാന പ്രശ്‌നമൊന്നും ഇല്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വിലയിരുത്തിക്കഴിഞ്ഞു. വോട്ടർപ്പട്ടികയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമാണ് രാഷ്ട്രീയ കക്ഷികൾ പരാതിയായി ഉയർത്തി
തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ അവസാനമോ മെയ് ആദ്യമോ നടക്കും. രണ്ടു ഘട്ടമായകും തെരഞ്ഞെടുപ്പ് എന്നും സൂചനയുണ്ട്. സംസ്ഥാനത്തിൽ ക്രമസമാധാന പ്രശ്‌നമൊന്നും ഇല്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വിലയിരുത്തിക്കഴിഞ്ഞു. വോട്ടർപ്പട്ടികയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമാണ് രാഷ്ട്രീയ കക്ഷികൾ പരാതിയായി ഉയർത്തിയത്. മെയ് 15 ഓടെ പുതിയ സർക്കാർ അധികാരമേൽക്കുന്ന തരത്തിൽ കാര്യങ്ങൾ ആസൂത്രണം ചെയ്യാനാണ് തീരുമാനം.
വിഷു ആഘോഷത്തെയും സ്‌കൂൾ പരീക്ഷകളെയും മറ്റ് പ്രധാന ഉൽസവങ്ങളെയും ബാധിക്കാത്ത തരത്തിലായിരിക്കും സംസ്ഥാനത്തു നിയമസഭാ തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുകയെന്നു മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ നസിം സെയ്ദി വ്യക്തമാക്കിയിട്ടുണ്ട്. മെയ് ആദ്യവാരം തെരഞ്ഞെടുപ്പിനുള്ള സാധ്യതയാണ് കമ്മീഷൻ മുന്നോട്ട് വയ്ക്കുന്നത്. മാർച്ച് ആദ്യവാരം തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്ന സൂചനയമാണു രാഷ്ട്രീയ കക്ഷികളുമായും ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിൽ കമ്മിഷൻ നൽകിയത്.
തിരഞ്ഞെടുപ്പ് ഏപ്രിലിൽ നടത്തണമെന്നു കമ്മിഷനോടു സിപിഐ(എം) ആവശ്യപ്പെട്ടപ്പോൾ, ഏപ്രിലിലോ മേയിലോ നടത്തുന്നതിനോടു യോജിക്കുന്നുവെന്നാണു കോൺഗ്രസ് അറിയിച്ചത്. കണ്ണൂർ, കാസർകോട്, കോഴിക്കോട്, പാലക്കാട് ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളിൽ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും മൈക്രോ ഒബ്‌സർവർമാരെ നിയമിക്കണമെന്നുമുള്ള ആവശ്യവും ഉയർന്നു. ഇത് കമ്മീഷൻ അംഗീകരിച്ചിട്ടുണ്ട്. കുറ്റമറ്റ സംവിധാനം ഇതിനവായി ഒരുക്കും.
വോട്ടർക്കു തൊട്ടടുത്തുള്ള പോളിങ് സ്റ്റേഷനിൽ തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കും. 21,498 പോളിങ് സ്റ്റേഷനുകളാണു കേരളത്തിലുള്ളത്. ഇതിൽ, എല്ലാ സൗകര്യങ്ങളും ഉറപ്പാക്കി 500 മാതൃകാ പോളിങ് സ്റ്റേഷനുകൾ പ്രത്യേകം സജ്ജമാക്കും. വോട്ടർമാരെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ കലക്ടർമാർക്കും എസ്‌പിമാർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രവാസി വോട്ടർമാർക്ക് പ്രോക്‌സി മുഖേനയോ ഇലക്ട്രോണിക് പോസ്റ്റൽ വോട്ടിങ് സംവിധാനത്തിലൂടെയോ വോട്ട് ചെയ്യാൻ കഴിയുന്ന തരത്തിൽ നിയമ ഭേദഗതി മൂന്നു മാസത്തിനുള്ളിൽ ഉണ്ടാകും. കേരളത്തിലെ തെരഞ്ഞെടുപ്പിൽ ഇത് നടപ്പാകുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിടിച്ചെടുക്കുന്ന പണത്തിന്റെ ഉറവിടം രേഖാമൂലം തെളിയിച്ചാൽ 24 മണിക്കൂറിനുള്ളിൽ തിരികെ നൽകുമെന്ന തീരുമാനവും പുതുതായെത്തും. 10 ലക്ഷത്തിലേറെ പണം പിടിച്ചെടുത്താൽ ആദായ നികുതി വകുപ്പിനു കൈമാറും.
പ്രചാരണച്ചെലവ് ഏറുന്നതിനാൽ പരിധി പുതുക്കണമെന്നു രാഷ്ട്രീയ കക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഇപ്പോൾ തുകയുടെ പകുതി പോലും ചെലവാക്കിയതായി സ്ഥാനാർത്ഥികൾ നൽകുന്ന കണക്കുകളിൽ കാണുന്നില്ലെന്നും മുഖ്യ തെരഞ്ഞെുപ്പു കമ്മിഷണർ പറഞ്ഞു.