- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് കടകളും ഹോട്ടലുകളും മറ്റു വ്യാപാരശാലകളും ബാങ്കുകളും തുറക്കും; കൂടുതൽ ഇളവുകൾ നാളെ ചേരുന്ന അവലോകന യോഗത്തിൽ; ആരാധനാലയങ്ങളിൽ പ്രവേശനത്തിനും സിനിമാ, സീരിയൽ ഷൂട്ടിംഗിനും അനുമതി നൽകുന്നതും പരിഗണനയിൽ; ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുവദിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിൽ കൂടുതൽ ഇളവുകൾ പരിഗണിച്ചേക്കും. ലോക്ക് ഡൗൺ ഇളവുകൾ പ്രകാരം പ്രതിദിന രോഗവ്യാപന നിരക്ക് 20 ശതമാനത്തിൽ താഴെയുള്ള തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ ഇന്ന് കടകളും ഹോട്ടലുകളും മറ്റു വ്യാപാരശാലകളും ബാങ്കുകളും തുറക്കും. സർക്കാർ ഓഫീസുകൾ നിയന്ത്രിതമായ ജീവനക്കാരുമായി പ്രവർത്തിക്കും. ആരാധനാലയങ്ങളിൽ പ്രവേശനത്തിനും സിനിമാ,സീരിയൽ ഷൂട്ടിംഗിനും അനുമതി നൽകുന്നതും നാളെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്ന കോവിഡ് സംസ്ഥാന തല അവലോകന സമിതി യോഗം തീരുമാനിക്കും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻഅനുവദിക്കുന്നതും പരിഗണിക്കും.
തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ ഒരാഴ്ചത്തെ പ്രതിദിന രോഗവ്യാപനം വിലയിരുത്തുന്നതും ബുധനാഴ്ചയാണ്. അടുത്ത ഒരാഴ്ചത്തേയ്ക്ക് ഓരോന്നും ഏതു നിയന്ത്രണ വിഭാഗത്തിൽ വരുമെന്നും നിശ്ചയിക്കും. രോഗവ്യാപനം 8 ശതമാനത്തിൽ കുറഞ്ഞത് എ വിഭാഗത്തിലും, 8 മുതൽ 20 വരെയുള്ളവ ബി.വിഭാഗത്തിലും 20 മുതൽ 30 വരെയുള്ളവ സി.വിഭാഗത്തിലും 30ന് മുകളിലുള്ളവ ഡി.വിഭാഗത്തിലുമാണ്. ഡി.വിഭാഗത്തിലെ തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തും.
അതേസമയം സംസ്ഥാനത്ത് ഇന്നലെ 11,647 പേർകൂടി കോവിഡ് ബാധിതരായി. 112 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 12,060 ആയി. 24 മണിക്കൂറിനിടെ 1,07,474 സാമ്പിളുകളാണ് പരിശോധിച്ചത്. 10.84 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ). 10,982 പേർ സമ്പർക്കരോഗികളാണ്. 554 പേരുടെ ഉറവിടം വ്യക്തമല്ല. 54 പേരാണ് പുറത്ത് നിന്നും വന്നവർ. 57 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. അതേസമയം ചികിത്സയിലായിരുന്ന 12,459 പേർ രോഗമുക്തരായി.
രോഗവ്യാപനത്തിൽ ഇന്നലെയും തിരുവനന്തപുരമാണ് മുന്നിൽ. ജില്ലയിൽ 1600 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂർ 1113, പാലക്കാട് 1045, കോഴിക്കോട് 979, ആലപ്പുഴ 638, കോട്ടയം 600, കണ്ണൂർ 486, കാസർകോട് 476, ഇടുക്കി 430, പത്തനംതിട്ട 234, വയനാട് 179 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ സ്ഥിതി.
മറുനാടന് മലയാളി ബ്യൂറോ