- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇതൊരു വലിയ തുകയല്ല; കുടുംബത്തിൽ ഒരുപാട് ബാദ്ധ്യതകൾ തീർക്കാനുണ്ട്; അതെല്ലാം ചെയ്ത് കഴിയുമ്പോൾ ബാക്കി ഒന്നും ഉണ്ടാകില്ല; ചാരിറ്റിയിലേയ്ക്കില്ല; കഴിവിനനുസരിച്ച് എന്തെങ്കിലും ചെയ്യും; തുറന്നു പറഞ്ഞ് വിഷു ബമ്പർ ഭാഗ്യവാന്മാർ
തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയായി പത്ത് കോടിയുടെ വിഷു ബമ്പർ ഭാഗ്യവന്മാർ ആരാണെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു കേരളക്കര. ഒടുവിൽ കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ രമേശനും ഡോക്ടർ പ്രദീപും ഇന്ന് ലോട്ടറി ഓഫീസിൽ എത്തിയതോടെയാണ് ആ ഭാഗ്യവാന്മാരെ കേരളം തിരിച്ചറിഞ്ഞത്. ഇരുവരും എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്.
കഴിഞ്ഞ ഞായറാഴ്ച പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററിൽ നിന്നും വിറ്റ HB 727990 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. വലിയതുറ സ്വദേശികളായ ജസീന്ത- രംഗൻ ദമ്പതിമാരായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിൽ ഈ ടിക്കറ്റ് വിൽപന നടത്തിയത്
ഒടുവിൽ രമേശനും ഡോക്ടർ പ്രദീപും ഇന്ന് ലോട്ടറി ഓഫീസിൽ എത്തുകയായിരുന്നു. ഈ മാസം 15ന് രാവിലെ വിദേശത്ത് നിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ലോട്ടറിയെടുത്തതെന്ന് ഇരുവരും പറഞ്ഞു. തമിഴ്‌നാട് ആരോഗ്യവകുപ്പിൽ ഡോക്ടറാണ് എ.പ്രദീപ്.
സമ്മാനം ലഭിച്ച വിവരം രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ അറിഞ്ഞിരുന്നുവെന്ന് ഡോക്ടർ പ്രദീപ് പറഞ്ഞു. കുടുംബത്തിൽ ഒരു മരണം ഉണ്ടായതും ആരോഗ്യ പ്രശ്‌നങ്ങളും കാരണമാണ് ടിക്കറ്റുമായി എത്താൻ വൈകിയതെന്ന് പ്രദീപും രമേശനും വ്യക്തമാക്കി.
'15-ാം തീയതി രാവിലെ അഞ്ചരക്കും ആറിനും ഇടയ്ക്കാണ് ടിക്കറ്റ് എടുത്തത്. നറുക്കെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് പത്രം നോക്കിയപ്പോഴായിരുന്നു സമ്മാനം ലഭിച്ചതറിഞ്ഞത്. ഒരു മരണവും ആരോഗ്യപ്രശ്‌നങ്ങളും കാരണമാണ് എത്താൻ വൈകിയത്. എപ്പോഴും ഞങ്ങൾ രണ്ടുപേരും ചേർന്നാണ് ലോട്ടറി എടുക്കാറുള്ളത്. മുമ്പ് ചെറിയ സമ്മാനങ്ങളൊക്കെ ലഭിച്ചിട്ടുണ്ട്. ചെറിയ സമ്മാനങ്ങളായാകും പകുതി പകുതിയായി വീതിക്കാറുണ്ട്. ഇതും അങ്ങനെ തന്നെ എന്ന് ഇരുവരും തുറന്നു പറയുന്നു.
'ഞങ്ങളെ സംബന്ധിച്ച് ഇതൊരു വലിയ തുകയല്ല, ഫാമിലിയിൽ ചെയ്യാൻ ഒത്തിരി കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്ത് കഴിയുമ്പോൾ ബാക്കി ഒന്നും ഉണ്ടാകില്ല എന്നതാണ് വാസ്തവം. ചാരിറ്റിയിൽ കൊടുക്കും എന്നൊക്കെ പലരും പറയാറുണ്ട്. പക്ഷേ കുടുംബത്തിൽ തന്നെ കാര്യങ്ങളെല്ലാം ചെയ്യാനുണ്ട്. പിന്നെ കഴിവിനനുസരിച്ച് നമ്മൾ എന്തെങ്കിലും ചെയ്യും. സമ്മാനം ലഭിച്ചതിൽ ദൈവത്തിന് നന്ദി'- ബന്ധുക്കളായ രമേശനും ഡോ. പ്രദീപും ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു.
ഇരുവരും ചേർന്നുള്ള ജോയിന്റ് അക്കൗണ്ടാണ് സമ്മാനത്തുക കൈപ്പറ്റാനായി നൽകിയിട്ടുള്ളത്. നികുതി കഴിച്ച് 6 കോടി 16 ലക്ഷം രൂപയാണ് ഇവർക്ക് ലഭിക്കുക.
കേരളത്തിനു പുറത്തുള്ളവർ ലോട്ടറി സമ്മാനത്തിനായി അവകാശവാദം ഉന്നയിക്കുമ്പോൾ ലോട്ടറി ടിക്കറ്റിനും തിരിച്ചറിയൽ രേഖകൾക്കുമൊപ്പം നോട്ടറിയുടെ ഒപ്പും, പേരും, ഉദ്യോഗപ്പേരും, നോട്ടറി സ്റ്റാംപും, നോട്ടറി സീലും സമർപ്പിക്കണം. നേരിട്ടോ പോസ്റ്റൽ മാർഗമോ ആണെങ്കിൽ മുകളിലെ തിരിച്ചറിയൽ രേഖകൾക്കൊപ്പം കേരളത്തിൽ വരാനുള്ള സാഹചര്യവും വിശദീകരിച്ചുള്ള കത്തോ, കേരള സർക്കാർ നൽകിയ തിരിച്ചറിയൽ രേഖയോ ഹാജരാക്കണം.
ഒരു മാസത്തിനുള്ളിൽ ടിക്കറ്റുമായി എത്തിയില്ലെങ്കിൽ കമ്മീഷൻ കഴിച്ചുള്ള ആറ് കോടി 16 ലക്ഷം സർക്കാർ ഖജനാവിലേക്ക് പോകുമെന്നാണ് വ്യവസ്ഥ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ സമ്മാനാർഹമായ ടിക്കറ്റ് ഹാജരാക്കണമെന്നാണ് ചട്ടം. ഈ സമയത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ മതിയായ കാരണം ചൂണ്ടിക്കാട്ടി ലോട്ടറി ഓഫീസിൽ അപേക്ഷ നൽകണമെന്നും വ്യവസ്ഥയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ