കോഴിക്കോട്: മുക്കം കെഎംസിടി മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി ഊഷ്മൾ ഉല്ലാസിന്റെ മരണത്തിന്റെ പുറകിലെ രഹസ്യം മനസിലാക്കാൻ പൊലീസ് ഫേസ്‌ബുക്ക് പേജും പരിശോധിക്കുന്നു. ഊഷ്മളിന്റെ ഫേസ് ബുക്ക് പേജിലെ അവസാന പോസ്റ്റിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. സഹപാഠികളുമായി എന്തോ തർക്കം നിലനിന്നിരുന്നതായാണ് ഈ പോസ്റ്റ് സൂചിപ്പിക്കുന്നത്. ഊഷ്മളിന്റെ മരണത്തിൽ സഹപാഠികൾക്കും സംശയങ്ങൾ ഏറെയുണ്ട്. വെറുമൊരു പ്രണയനിരാശമല്ല ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ.

നവംബർ 13ന് രാത്രി 10.54നണ് ഊഷ്മൾ ഫേസ്‌ബുക്ക് പേജിൽ അവസാനമായി എഴുതുന്നത്. ഇംഗ്ലീഷിലായിരുന്നു പോസ്റ്റ്. കെഎംസിടി കൺഫെഷൻ പേജിലെ തന്റെ ഒരു മുൻപോസ്റ്റിന്മേലുള്ള കമന്റ് ഇപ്പോഴാണ് കാണാനിടയായത് എന്ന് തുടങ്ങുന്നതായിരുന്നു പോസ്റ്റ്. ആരെങ്കിലും എന്തെങ്കിലും ഏതെങ്കിലും പേജിൽ എഴുതുമ്പോൾ നിങ്ങൾ ഇരയാക്കപ്പെട്ടതായി നിങ്ങൾക്ക് തോന്നിയാൽ ആ സമയത്ത് എന്തുക്കൊണ്ടാണ് ഇങ്ങനെ തോന്നിയതെന്ന് നിങ്ങൾ ഒരു പക്ഷെ ചിന്തിച്ചേക്കാം.

തന്റെ ബാച്ചിനോടോ മറ്റേതെങ്കിലും ബാച്ചിനോടോ തനിക്ക് തോന്നുന്ന ദേഷ്യവും സ്നേഹവും നിങ്ങളെ ബാധിക്കുന്നതല്ലെന്നുമാണ് ഊഷ്മൾ അവസാനമായി ഫേസ് ബുക്കിൽ കുറിച്ചത്. പോസ്റ്റിൽ പരാമർശിക്കുന്ന കമന്റിന്റെ സ്‌ക്രീൻ ഷോട്ടും ഊഷ്മൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഊഷ്മളിന്റെ ഈ പോസ്റ്റിന് വന്ന കമന്റും പൊലീസ് പരിശോധിക്കുന്നുണ്ട്. യഥാർത്ഥ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ മുഴുവൻ തെളിവോടെ ജാം ആക്കിയിട്ടുണ്ട് എന്നാണ് ഈ പോസ്റ്റിന് വന്ന കമന്റ്. ബാക്കി നിയമത്തിന്റെ വഴിക്ക് പോവട്ടെ എന്നും ഇതിനായി നമുക്ക് ഒരുമിച്ച് മുന്നോട്ട് പോവാം എന്നും കമന്റിൽ പറയുന്നു.

ഊഷ്മളിന്റെ മരണത്തെ തുടർന്ന് പൊലീസ് ഹോസ്റ്റലിൽ വിശദമായ പരിശോധന നടത്തിയിരുന്നു. എന്നാൽ മരണ കാരണമായതൊന്നും കണ്ടെത്തിയില്ല. ഊഷ്മളിന്റെ ഡയറിയിലും മരണത്തിന്റെ കാരണത്തിലേക്ക് വിരൽ ചൂണ്ടുന്ന യാതൊന്നും ഇല്ല. അച്ഛനും അമ്മയ്ക്കുമായി ഒരു കത്ത് എഴുതി വെച്ചിട്ടുണ്ടായിരുന്നു. ഇതിൽ നിന്നും കാര്യമായ സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. അതിനാൽ ഈ ഫേസ്‌ബുക്ക് പോസ്റ്റ് പൊലീസ് ഗൗരവമായി എടുത്തിട്ടുണ്ട്. ഊഷ്മൾ ഇങ്ങനെയൊരു പോസ്റ്റ് എഴുതാനിടയായ സാഹചര്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സഹപാഠികളുമായി എന്തൊക്കെയോ തർക്കങ്ങൾ നിലനിന്നിരുന്നതായി പൊലീസിന് ബോധ്യമായിട്ടുണ്ട്. അതിനാൽ സുഹൃത്തക്കളേയും സഹപാഠികളേയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

ഊഷ്മളിന്റെ മൊബൈൽഫോൺ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഊഷ്മൾ ആരോടോ ഫോണിൽ കയർത്തു സംസാരിച്ചിരുന്നു. ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരൻ ഇതിന് സാക്ഷിയാണ്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഊഷ്മൾ തന്റെ മൊബൈൽ ഫോൺ എറിഞ്ഞ് ഉടക്കുകയും ചെയ്തിരുന്നു. ഊഷ്മൾ അവസാനമായി സംസാരിച്ചത് ആരോടാണെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിനായി സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. അവസാനമായി സംസാരിച്ചത് ആരാണെന്ന് മനസിലായാൽ മരണത്തിന് പിന്നിലെ കാരണത്തിലേക്ക് വെളിച്ചം വീശുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് പൊലീസ്.

ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് ഊഷ്മൾ ഉല്ലാസ് കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. കെഎംസിടി ഡെന്റൽ കോളേജിന്റെ മുകളിലെ നിലയിൽ നിന്നാണ് താഴേക്ക് ചാടിയത്. ഗുരുതരമായി പരുക്കേറ്റ ഊഷ്മളിലെ കെഎംസിടി മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രിയോടെ അവർ മരണത്തിന് കീഴടങ്ങുകയായിരുന്നു.