തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ രാഷ്ട്രീയ പ്രവർത്തന രംഗത്തേക്ക് കടന്നുവരുന്ന കോടീശ്വരന്മാരുടെ എണ്ണം കൂടുതലാണ്. ഇവർക്ക് ശമ്പളത്തിന്റെ ആനൂകൂല്യത്തിൽ ജീവിതം മുന്നോട്ടു കൊണ്ടു പോകണ്ടേവരല്ല. അതേസമയം കേരളത്തിൽ സാധാരണക്കാർക്ക് അടക്കം രാഷ്ട്രീയ പ്രവർത്തനം സാധ്യമാകും. എന്നാൽ, ശമ്പളമെന്ന വിധത്തിൽ കേരളത്തിലെ നിയമസഭാ സാമാജികർക്ക് ലഭിക്കുന്ന തുക മറ്റ് സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കിയാൽ അത് കുറവാണ്.

ഇപ്പോൾ വീണ്ടും മന്ത്രിമാരുടെയും എൽഎൽമാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉയർത്താൻ സർക്കാർ നടപടി തുടങ്ങിയിട്ടുണ്ട്. ഈ സമയത്താണ് താരതമ്യ പഠനം അടക്കം ചർച്ചയാകുന്നത്. നിലവിൽ എംഎൽഎമാർക്കു ശമ്പളം എന്ന പേരിൽ നൽകുന്നത് 2000 രൂപയാണ്. എന്നാൽ, മണ്ഡലം അലവൻസ് 25,000 രൂപ, ഫോൺ വാടക 11,000 രൂപ, ഇൻഫർമേഷൻ അലവൻസ് 4000 രൂപ, സൽക്കാരത്തിനും മറ്റും 8000 രൂപ, യാത്രാബത്ത 20,000 രൂപ എന്നിവ ചേർക്കുമ്പോൾ മാസം 70,000 രൂപയാകും.

മന്ത്രിമാർക്ക് ആനുകൂല്യങ്ങളെല്ലാം ചേർത്താണ് 97,429 രൂപ. മറ്റ് അലവൻസുകൾ ഇല്ല. സ്റ്റേറ്റ് കാറിലെ യാത്രയ്ക്ക് തിരുവനന്തപുരത്തും ചേർന്നുള്ള 8 കിലോമീറ്റർ പരിധിയിലും 17,000 രൂപയുടെ ഇന്ധനം ലഭിക്കും. മറ്റിടങ്ങളിൽ കിലോമീറ്ററിനു 15 രൂപ ബാറ്റയാണുള്ളത്. ഇപ്പോഴത്തെ ഇന്ധന വിലയും യാത്രയിൽ കൂടെയുള്ളവർക്കു ഭക്ഷണം വാങ്ങി നൽകുന്നതും മറ്റും ചേർത്താൽ ഈ തുക തികയുന്നില്ലെന്നാണു മന്ത്രിമാരുടെ പരിഭവം. ഇതിനു പുറമേ മണ്ഡലത്തിലെ കാര്യങ്ങളും നോക്കണം. കോവിഡ് കാലത്തെ സാലറി ചാലഞ്ചിന്റെ ഭാഗമായി മന്ത്രിമാരിൽനിന്ന് 10,000 രൂപ ദുരിതാശ്വാസ നിധിയിലേക്കു പിടിക്കുന്നുണ്ട്.

സംസ്ഥാനത്ത് മന്ത്രിമാരുടേയും എം എൽ എമാരുടേയും ശമ്പളം കൂട്ടുന്നതിനെ കുറിച്ചു പഠിക്കാൻ സി എൻ രാമചന്ദ്രൻ നായരെയാണ് ഏകാംഗ കമ്മീഷനായി സർക്കാർ നിയോഗിച്ചിരിക്കുന്നത്. ആറ് മാസത്തിനുള്ളിൽ കമ്മിഷൻ റിപ്പോർട്ട് നൽകണം. 2018ൽ ജസ്റ്റിസ് ജയിംസ് കമ്മറ്റി ശുപാർശ അനുസരിച്ചാണ് മന്ത്രിമാരുടെ ശമ്പളം 55012 രൂപയിൽ നിന്ന് 90000 രൂപയായും എം എൽ എമാരുടെ ശമ്പളം 39500 രൂപയിൽ നിന്ന് 70000 രൂപയുമാക്കി ഉയർത്തിയത്. അന്ന് ജസ്റ്റിസ് ജയിംസ് കമ്മറ്റി നൽകിയ ശുപാർശ അനുസരിച്ച് മന്ത്രിമാരുടെ ശമ്പളം 1.43ലക്ഷം ആക്കാം എന്നായിരുന്നു . എന്നാൽ മന്ത്രിസഭാ യോഗം അത് 90000 രൂപയിൽ നിജപ്പെടുത്തുകയായിരുന്നു.

അതേസമയം ശമ്പളത്തിന് പുറമേ എംഎൽഎമാർക്കു വീടു നിർമ്മിക്കുന്നതിനും വാഹനം വാങ്ങുന്നതിനുമുള്ള അഡ്വാൻസ് തുകയും ലഭിക്കം. എംഎൽഎമാർക്കു വീടു വയ്ക്കുന്നതിന് 20 ലക്ഷം രൂപയും വാഹനം വാങ്ങുന്നതിനു പത്തുലക്ഷം രൂപയും അഡ്വാൻസായി അനുവദിക്കാറുണ്ട്. എംഎൽഎമാരുടെ അഡീഷണൽ പിഎമാർക്കായി അലവൻസും നൽകുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും ഉയർന്ന ശമ്പളം കൈപ്പറ്റുന്ന എംഎൽഎമാർ തെലങ്കാനയിലാണ്. പ്രതിമാസ ശമ്പളം 2.50 ലക്ഷം രൂപയാണ് ഇവിടെ എംഎൽഎമാർക്ക് ലഭിക്കുന്നത്. രാജ്യത്തെ എംഎൽഎമാരുടെ ശരാശരി വേതനം പ്രതിമാസം 1.10 ലക്ഷം രൂപയാണ്. രാജ്യത്ത് ഏറ്റവും കുറഞ്ഞ വേതനം കൈപ്പറ്റുന്നതു മണിപ്പൂരിലെ സാമാജികരാണ്. 18,500 രൂപ മാത്രം. ത്രിപുരയിൽ 24,200 രൂപയാണ് നിയമസഭാ സാമാജികരുടെ ശമ്പളം. തമിഴ്‌നാട് എംഎൽഎമാരുടെ പ്രതിമാസ ശമ്പളം 1.05 ലക്ഷം രൂപയാണ്.

അതേസമയം കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഇനിയുമൊരു വർധന നടപ്പാക്കേണ്ടതുണ്ടോ എന്ന വിമർശനവും ഉയരുന്നുണ്ട്. കേരളത്തിലെ എ്ംഎൽഎമാർക്കും മന്ത്രിമാർക്കുമുള്ള ശമ്പളങ്ങളും ആനൂകൂല്യങ്ങളും ഇങ്ങനെ:

എംഎൽഎമാർക്കുള്ള ആനുകൂല്യങ്ങൾ

റോഡ് യാത്ര (കേരളത്തിലും പുറത്തും) കിലോമീറ്ററിന് 10 രൂപ.

ട്രെയിൻ യാത്ര: ഫസ്റ്റ് ക്ലാസ് എസി, കിലോമീറ്ററിന് ഒരു രൂപ.

വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ: വർഷം 3 ലക്ഷം രൂപ

നിയമസഭാസമ്മേളനം ഉൾപ്പെടെ ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുക്കാൻ പ്രതിദിന അലവൻസ്: കേരളത്തിനകത്ത് 1000 രൂപ, പുറത്ത് 1200 രൂപ

യോഗങ്ങളിൽ പങ്കെടുക്കാൻ വിമാന യാത്രക്കൂലി: വർഷം 50,000 രൂപ.

മെട്രോപ്പൊലിറ്റൻ നഗരങ്ങൾ സന്ദർശിക്കുമ്പോൾ നൽകുന്ന ആനുകൂല്യം: 3500 രൂപ.

ചികിത്സച്ചെലവ്: സർക്കാർ നൽകും.

പലിശരഹിത വാഹന വായ്പ: 10 ലക്ഷം രൂപ വരെ.

ഭവന വായ്പ അഡ്വാൻസ്: 20 ലക്ഷം

പുസ്തകങ്ങൾ വാങ്ങാൻ വർഷം 15,000

മന്ത്രിമാർക്കുള്ള ആനുകൂല്യങ്ങൾ

പ്രതിമാസ അലവൻസ് - 2000 രൂപ.

ഡിഎ - 38,429 രൂപ.

മണ്ഡലം അലവൻസ് - 40,000 രൂപ.

തിരുവനന്തപുരത്തും ചേർന്നുള്ള 8 കിലോമീറ്റർ പരിധിയിലും സഞ്ചരിക്കാൻ - 17,000 രൂപയുടെ ഇന്ധനം.

കേരളത്തിനകത്തും പുറത്തും റോഡ് യാത്രയ്ക്ക് - കിലോമീറ്ററിന് 15 രൂപ.

കേരളത്തിനകത്തെ യാത്രകളിൽ താമസം - ദിവസം 1000 രൂപ

ട്രെയിൻ യാത്ര ഫസ്റ്റ് ക്ലാസ് എസി, കിലോമീറ്ററിന് ഒരു രൂപ.

വിമാനയാത്ര സംസ്ഥാനത്തിനകത്തും പുറത്തും സൗജന്യം.

സർക്കാർ ബോട്ടുകൾ സൗജന്യയാത്ര.

ഔദ്യോഗികവസതി, ടെലിഫോൺ.

പഴ്‌സനൽ സ്റ്റാഫിൽ 30 പേർ.

സംസ്ഥാനത്തിനു പുറത്തുള്ള യാത്ര ദിവസം 1500 രൂപ ബത്ത.

ചികിത്സച്ചെലവ് സർക്കാർ നൽകും.