ന്യൂഡൽഹി: പാർലമെന്റിൽ ശോഭിക്കുന്ന എംപിമാരുടെ കൂട്ടത്തിൽ മുമ്പിലാണ് കേരളത്തിൽ നിന്നുള്ള എംപിമാർ. രാജ്യത്തിന്റെ തന്റെ പ്രതിപക്ഷമെന്ന നിലയിലാണ് കേരളത്തിൽ നിന്നുള്ള എംപിമാരുടെ പ്രവർത്തനം. രാജ്യസഭയിൽ ആയാലും ലോക്‌സഭയിൽ ആയാലും മികച്ച പ്രകടനമാണ് ഇവരുടേത്. സഭയിലെ പ്രകടനം പോലെ തന്നെ മറ്റു കാര്യങ്ങളിലും കേരള എംപിമാർ മുന്നിലാണെന്നാണ് വ്യക്തമാകുന്ന വിവരങ്ങൾ. പാർലമെന്റിലെ തന്നെ ഇടതു എംപിമാർ മുന്നിൽ നിൽക്കുന്ന കാര്യം ഖജനാവ് ധൂർത്തടിക്കുന്ന കാര്യത്തിലാണ്. ഇത്തരത്തിൽ ഒരു വ്യാഖ്യാനവുമായി എംപിമാരുടെ ടി എ, ഡി എ വിവരങ്ങൾ പുറത്തുവിട്ടത് ടൈംസ് നൗ ചാനലിന്റെ ചർച്ചയിലാണ്.

പാവങ്ങളുടെയും തൊഴിലാളി വർഗ്ഗത്തിന്റെയും പാർട്ടിയെ പ്രതിനിധീകരിച്ച് ഡൽഹിക്ക് പോയ ഇടതു എംപിമാർ ഒരു വർഷം യാത്രാപ്പടി ഇനത്തിൽ വാങ്ങിയത് വലിയൊരു തുക തന്നെയാണ്. രാജ്യസഭയിലും ലോക്‌സഭയിലും ഇക്കാര്യത്തിൽ മുന്നിൽ ഇടതു എംപിമാരായി എന്നതാണ് കേരളത്തിന് നാണക്കേടായത്. ഇത്രയും വലിയ തുക യാത്രാ ഇനത്തിൽ എഴുതി എടുക്കുന്നത് ഖജനാവ് കൊള്ളയടിക്കുന്നതിന് തുല്യമാണെന്നാണ് ടൈംസ് നൗവിന്റെ വിലയിരുത്തൽ. ചർച്ചയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ കടുത്ത വിമർശനമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്.

ലോക്‌സഭയിൽ ഏറ്റവും അധികം ടി എ, ഡി എ കൈപ്പറ്റിയ ആദ്യ പത്ത് എംപിമാരിൽ അഞ്ച് പേരാണ് കേരളത്തിൽ നിന്നും ഉൾപ്പെട്ടത്. 2016 മെയ് മാസം മുതതൽ 2017 ഏപ്രിൽ വരെയുള്ള കണക്കാണ് പുറത്തുവന്നത്. കണക്കുകൾ പ്രകാരം കേരളത്തിൽ നിന്നുള്ള ലോക്‌സഭാ എംപിമാരിൽ ഏറ്റവും അധികം ടി എ, ഡി എ കൈപ്പറ്റിയത് ആറ്റിങ്ങൽ എംപി എ സമ്പത്താണ്. 38,19,300 രൂപയാണ് ഈ സി.പി.എം എംപി ഈ ഇനത്തിൽ എഴുതി എടുത്തത്. തൊട്ടു പിന്നാലെ ഇക്കാര്യത്തിൽ പിന്നിലുള്ളത് കണ്ണൂരിൽ നിന്നുള്ള ലോക്‌സഭാംഗം പി കെ ശ്രീമതിയാണ്. 32,58,739 രൂപയാണ് സി.പി.എം എംപി എഴുതി എടുത്തത്. മറ്റൊരു സി.പി.എം എംപി എം ബി രാജേഷ് 30,27,268 രൂപയാണ് പോക്കറ്റിലാക്കിയത്.

ഇക്കാര്യത്തിൽ കോൺഗ്രസ് എംപിമാരും ഒട്ടും പിന്നിലല്ല. ആലപ്പുഴയിൽ നിന്നുള്ള ലോക്‌സഭാംഗം കെ സി വേണുഗോപാൽ 32,12,771 രൂപ എഴുതിയെടുത്തപ്പോൾ മുൻ കേന്ദ്രമന്ത്രി കൂടിയായ കെ വി തോമസ് 31,34,607 രൂപയും പോക്കറ്റിലാക്കി. അതേസമയം ലോക്‌സഭാ എംപിമാരുടെ പട്ടികയിൽ ഏറ്റവും അധികം പണം എഴുതി എടുത്തത് തമിഴ്‌നാട്ടിൽ നിന്നുള്ള എഐഎഡിഎംകെ പ്രതിനിധിയാണ്. 57 ലക്ഷം രൂപയാണ് ജയലളിതയുടെ പാർട്ടി എംപി കെ ഗോപാൽ യാത്രാപ്പടിയായും അലവൻസായും എഴുതിയെടുത്തത്. എഐഎഡിഎംകെയുടെ തന്നെ അംഗം പി കുമാറാണ് രണ്ടാം സ്ഥാനത്ത് 44 ലക്ഷം രൂപയാണ് അദ്ദേഹം ഖജനാവിൽ നിന്നും യാത്രാപ്പടിയുടെ പേരിൽ എഴുതി എടുത്തത്. ആന്മാൻ നിക്കോബാർ ഐലന്റിൽ നിന്നുള്ള എംപി ബിഷ്ണു പഡ റേ 41 ലക്ഷവും യാത്രാപ്പടിയായി എഴുതിയെടുത്തു.

രാജ്യസഭയിൽ നിന്നുള്ള കണക്കുകൾ എടുത്താലും കേരള എംപിമാർ ഖജനാവ് ധൂർത്തടിക്കുന്നതിൽ ഒട്ടും പിന്നിലല്ല. ഇവിടെയും കേരളത്തിൽ നിന്നുള്ള രണ്ട് അംഗങ്ങൾ തന്നെയാണ് യാത്രാപ്പടി വാങ്ങിയതിൽ മുന്നിലുള്ളത്. ആദ്യ പത്തിൽ ഇടം പിടിച്ചവരിൽ സിപിമ്മിലെ ഇ നാരായണൻ 58,24,502 രൂപ യാത്രാപ്പടി ഇനത്തിൽ വാങ്ങിയപ്പോൾ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന്റെ പ്രതിനിധിയായ ജോയ് എബ്രഹാം 47,03,278 രൂപയാണ് ഈ ഇനത്തിൽ എഴുതിയെടുത്തത്. രാജ്യസഭാ എംപിമാരുടെ കാര്യത്തിൽ ഏറ്റവും മുന്നിലുള്ളത് ആഡംബര ജീവിതത്തിന്റെ പേരിൽ സി.പി.എം നടപടി കൈക്കൊണ്ട സി.പി.എം നേതാവ് ഋതബ്രതാ ബാനർജിയാണ്. അദ്ദേഹത്തിന്റെ ടി എ 69 ലക്ഷം രൂപയാണെന്നതും ശ്രദ്ധേയമാണ്.

രാജ്യസഭയിലും ലോക്‌സഭയിലുമായി ആകെ 20 പേരെ എടുത്താൽ അതിൽ ഏഴ് പേർ കേരളത്തിലുള്ളവരാണെന്നത് സംസ്ഥാനത്തിന് നാണക്കേടായി മാറി. ലോക്‌സഭാ സമ്മേളനങ്ങൾ നേരത്തെ തന്നെ നിശ്ചയിക്കുന്നതാണ്. അതുകൊണ്ട് വിമാന ടിക്കറ്റുകൾ മുൻകൂട്ടി തന്നെ എടുക്കാവുന്നതാണ്. എന്നാൽ, ഇതിന് നിൽക്കാതെ ഉയർന്ന നിരക്കിൽ ടിക്കറ്റുകൾ എടുക്കുന്നതും മറ്റുമാണ് ഖജനാവിന് അധികഭാരം വരുത്തുന്നതെന്നാണ് ചർച്ചയിൽ ഉയർന്ന പൊതു അഭിപ്രായം.

അതേസമയം കേരളത്തിലെ എംപിമാർ അവരുടെ മണ്ഡലത്തിൽ പ്രവർത്തിക്കുന്ന രീതി കൊണ്ടാണ് ഇത്രയേറെ പണം ചെലവാകുന്നതെന്ന വാദവും ഉയരുന്നുണ്ട്. മറ്റ് എംപിമാരിൽ നിന്നും വ്യത്യസ്തമായി കേരള എംപിമാരുടെ പ്രവർത്തനം മണ്ഡലങ്ങളിൽ ഒരു പഞ്ചായത്ത് മെമ്പർമാരെ പോലെ തന്നെയാണ്. ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളിലും അവർ ഇടപെടുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഈ ചിലവെന്നുമാണ് ഇവരുടെ വാദം. ഇത് കൂടാതെ മറ്റൊരു കാര്യമുള്ളത് പാർലമെന്റ് കാര്യങ്ങളിലെ അറിവാണ്. എംപിമാർക്ക് ഏതൊക്കെ വഴി പണം ചിലവഴിക്കാമെന്ന് മറ്റുള്ളവരേക്കാൾ കൃത്യമായി മനസിലാക്കിയിട്ടുള്ളവാരാണ് കേരള എംപിമാർ. ഈ അവസരം അതുകൊണ്ടു തന്നെ അവർ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ, എംപിമാർ യാത്രാപ്പടിയുടെ പേരിൽ പണം പോക്കറ്റിലാക്കുമ്പോൾ നഷ്ടം വരുന്നത് ഖജനാവിന് തന്നെയാണ്.

രണ്ട് സഭകളിലുമായി എംപിമാർക്ക് യാത്രാപ്പടി എന്ന നിലയിൽ 95 കോടിയിലേറെ രൂപ ചിലവഴിക്കേണ്ടി വന്നുവെന്നാണ് പുറത്തുവരുന്ന കണക്കുകൾ. എല്ലാം അറിയാവുന്ന കേരള എംപിമാർ തന്നെ ഈ ധൂർത്തിന് കുടപിടിക്കുന്നു എന്നത് സംസ്ഥാനത്തിന് നാണക്കേടായി മാറുകയും ചെയ്തു.