- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
126 വർഷം പഴക്കമുള്ള അണക്കെട്ടാണ്, ഒരു കാരണവശാലും ജലനിരപ്പ് 142 അടിയിലേക്ക് ഉയർത്തരുത്; അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ അഞ്ചു ജില്ലകളിലെ 30 ലക്ഷത്തോളം ജനങ്ങളെ ബാധിക്കും; തമിഴ്നാടിന്റെ റൂൾ കർവ് സ്വീകാര്യമല്ല; ജലനിരപ്പ് 142 അടിയാക്കരുതെന്ന് കേരളം സുപ്രീം കോടതിയിൽ
ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ തമിഴ്നാട് തയ്യാറാക്കിയ റൂൾ കർവ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രീംകോടതിയിൽ. കേരളത്തിലെ ജനങ്ങളുടെ ആശങ്കയാണ് പ്രധാനമായും പരിഗണിക്കേണ്ടതെന്നും കേരളം സുപ്രീംകോടതിയിൽ അറിയിച്ചു. ജലനിരപ്പ് 142 അടിയായി ഉയർത്തുന്നത് അംഗീകരിക്കാൻ സാധിക്കില്ല. കേരളത്തിന്റെ നിലപാട് മേൽനോട്ട സമിതി കണക്കിലെടുത്തില്ലെന്നും കേരളം കോടതിയിൽ അറിയിച്ചു.
നിലവിലുള്ള അണക്കെട്ട് ഡികമ്മിഷൻ ചെയ്യണമെന്നും പുതിയ അണക്കെട്ട് എന്നതാണ് ശാശ്വത പരിഹാരമെന്നും കേരളം കോടതിയെ അറിയിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വ്യത്യാസപ്പെടുത്തേണ്ടതില്ലെന്നതാണ് മേൽനോട്ട സമിതിയുടെ തീരുമാനമെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ ഇന്നലെ അറിയിച്ചത്.
സമിതിയിൽ കേരളം എതിർപ്പറിയിച്ചെന്നും കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി അറിയിച്ചിരുന്നു. സമിതിയുടെ തീരുമാനത്തിൽ കേരള സർക്കാരിന്റെ പ്രതികരണം കോടതി തേടിയിരുന്നു.
ഒക്ടോബർ 30 വരെ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി ഉയർത്താമെന്നാണ് തമിഴ്നാട് തയ്യാറാക്കിയ റൂൾ കർവിൽ വ്യക്തമാക്കിയത്. എന്നാൽ ഇത് സ്വീകാര്യമല്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. മുല്ലപ്പെരിയാറിൽ പരമാവധി ജലനിരപ്പ് 142 അടിയായി ഉയർത്താമെന്ന് മേൽനോട്ട സമിതി സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ ജലനിരപ്പ് 142 അടിയായി ഉയർത്തരുതെന്ന് കേരളം ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാർ ഡാം 126 വർഷം പഴക്കമുള്ള അണക്കെട്ടാണ്. അണക്കെട്ടിൽ ഒരു കാരണവശാലും ജലനിരപ്പ് 142 അടിയിലേക്ക് ഉയർത്തുന്നത് സ്വീകാര്യമല്ല. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ അഞ്ചു ജില്ലകളിലെ 30 ലക്ഷത്തോളം ജനങ്ങളെ ബാധിക്കുന്ന വിഷയമാണ്. ആ ആശങ്ക സുപ്രീംകോടതിയും മേൽനോട്ട സമിതിയും പരിഗണിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനം തയ്യാറാക്കിയ റൂൾ കർവിന്റെ അടിസ്ഥാനത്തിൽ ജലനിരപ്പ് ക്രമീകരിക്കണമെന്നും സംസ്ഥാന സർക്കാർ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.
മുല്ലപ്പെരിയാർ കേസ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നത്. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ, മേൽനോട്ട സമിതി റിപ്പോർട്ടിനെതിരെ എതിർപ്പ് അറിയിച്ചതിനെ തുടർന്ന് കേരളത്തോട് പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
അതിനിടെ, അണക്കെട്ട് തുറന്നാൽ പെരിയാർ തീരവാസികൾക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുല്ലപ്പെരിയാറിൽ ഒരു ആശങ്കയും വേണ്ട. എല്ലാ സുരക്ഷാക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇരുപതോളം ക്യാമ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. ഒഴുക്കി വിടുന്ന ജലത്തിന്റെ അളവ് അനുസരിച്ച് ജനങ്ങളെ മാറ്റും. ക്യാമ്പുകളും വാഹനങ്ങളും ഉദ്യോഗസ്ഥരും സജ്ജരാണ്. റവന്യൂ, പൊലീസ്, എൻഡിആർഎഫ് സംഘങ്ങളെല്ലാം സ്ഥലത്ത് ക്യാമ്പു ചെയ്യുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ