- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിസ് തീവ്രവാദികൾ ഇസ്ലാമിന്റെ പേര് ചീത്തയാക്കുന്നു; ഇനിയൊരു തടിയന്റവിട നസീർ കേരളത്തിൽ നിന്നും ഉണ്ടാകാതിരിക്കാൻ ബോധവൽക്കരണവുമായി സംഘടനകൾ; തീവ്രവാദത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച് കേരള മുസ്ലിങ്ങൾ
കോഴിക്കോട്: ലോകത്തെ ഗ്രസിച്ച കാൻസറായി ഇസ്ലാമിക സ്‌റ്റേറ്റ് (ഐസിസ്)ഭീകരത പടരുന്നതിനിടെ പലപ്പോഴും മറ്റ് സമൂഹങ്ങൾക്കിടയിൽ തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് മുസ്ലിംങ്ങളാണ്. സിറിയയിലെയും ഇറാഖിലെയും ഐസിസ് തീവ്രവാദികൾ നടത്തുന്ന കൊടിയ ക്രൂരതകൾക്കെതിരെ ഏറ്റവും അധികം എതിർപ്പുയരുന്നതും ഇസ്ലാമിക ലോകത്തു നിന്നു തന്നെയാണ്. അതേസമയം ഐസിസ് ക
കോഴിക്കോട്: ലോകത്തെ ഗ്രസിച്ച കാൻസറായി ഇസ്ലാമിക സ്‌റ്റേറ്റ് (ഐസിസ്)ഭീകരത പടരുന്നതിനിടെ പലപ്പോഴും മറ്റ് സമൂഹങ്ങൾക്കിടയിൽ തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് മുസ്ലിംങ്ങളാണ്. സിറിയയിലെയും ഇറാഖിലെയും ഐസിസ് തീവ്രവാദികൾ നടത്തുന്ന കൊടിയ ക്രൂരതകൾക്കെതിരെ ഏറ്റവും അധികം എതിർപ്പുയരുന്നതും ഇസ്ലാമിക ലോകത്തു നിന്നു തന്നെയാണ്. അതേസമയം ഐസിസ് ക്രൂരതയിൽ ആകൃഷ്ടരായി യുവാക്കൾ ഇന്ത്യയിൽ നിന്നും പോലും രംഗത്തെത്തിയെന്നത് ഞെട്ടലോടെയാണ് രാജ്യം ശ്രവിച്ചത്. ഐസിസിന്റെ ട്വിറ്റർ അക്കൗണ്ട് കൈകാര്യം ചെയ്ത സംഭവത്തിൽ ബാംഗ്ലൂരിൽ യുവാവ് അറസ്റ്റിലാകുകയും ചെയ്തിരുന്നു. ഭീകരരുടെ ലക്ഷ്യങ്ങളിൽ ഇന്ത്യയും ഉണ്ടെന്ന വാർത്തകളും ഇതിനിടെ പുറത്തുവന്നിരുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിൽ കേരളത്തിലെ മുസ്ലിം നേതാക്കൾ ഐസിസിനെതിരെ കടുത്ത നിലപാടുമായി രംഗത്തെത്തി.
ഇസ്ലാമിക വിരുദ്ധമായ ആക്രമണ ശൈലിയിൽ പ്രവർത്തിക്കുന്ന ഐസിസ് ലോക മുസ്ലിംങ്ങളുടെ പേര് ചീത്തയാക്കുകയാണെന്നും അതിനെ പ്രതിരോധിക്കേണ്ടത് മുസ്ലീങ്ങളുടെ കടമയാണെന്നുമാണ് കേരളത്തിലെ മതനേതാക്കൾ അഭിപ്രായപ്പെടുന്നത്. ഇസ്ലാമിന്റെ പേര് ഉച്ഛരിക്കാൻ പോലുമുള്ള ആർജ്ജവം ഐസിസിന് ഇല്ലെന്ന് കേരളത്തിലെ വിവിധ സംഘടനകൾ ഓരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു. മുജാഹിദ് സംസ്ഥാന നേതൃസംഗമത്തിൽ ഐസിസിനെതിരെ പ്രമേയം പാസാക്കുകയും ചെയ്തു. മറ്റ് മുസ്ലിം സംഘടനകൾ ഇതു തുറന്നുപ്രഖ്യാപിക്കാൻ ആർജവം കാണിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
തീവ്രവാദത്തിനെതിരായ സന്ദേശം പകർന്നുകൊണ്ട് ബോധവൽക്കരണ ജാഥകൾ നടത്താനും മുജാഹിദ് നേതൃത്വം പദ്ധതിയിടുന്നുണ്ട്. വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷന്റെ ഭാഗമായി ഏപ്രിൽ 12ന് പട്ടാമ്പി, 19ന് പെരിങ്ങത്തൂർ, മെയ് മൂന്നിന് പുളിക്കൽ, 11ന് കോഴിക്കോട് മുക്കം എന്നിവിടങ്ങളിൽ എൻലൈറ്റണിങ് കോൺഫറൻസുകൾ നടത്താൻ നേതൃസംഗമം തീരുമാനിച്ചിട്ടുണ്ട്. ലോകത്തെ അപകടത്തിലേക്ക് നയിക്കുന്ന ഐസിസ് തീവ്രവാദത്തിനെതിരെ പ്രചരണം നടത്താൻ തന്നെയാണ് മുജാഹിദ് നേതൃത്വത്തിന്റെ തീരുമാനം.
നേരത്തെ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിലുള്ള എ പി വിഭാഗവും ഐസിസ് തീവ്രവാദത്തിനെതിരെ പരസ്യമായ നിലപാട് സ്വീകരിച്ചിരുന്നു. ഇ കെ വിഭാഗവും സമാനമായ നിലപാടാണ് സ്വീകരിച്ചത്. അടുത്തിടെ നടന്ന എസ്. വൈ. എസ് 60ാം വാർഷിക സമ്മേളനത്തിൽ ഇസ്‌ലാമിക് സ്‌റ്റേറ്റ് പോലുള്ള ഭീകരസംഘടനകൾക്ക് മതത്തിന്റെ പേര് ഉപയോഗിക്കാൻപോലും അർഹതയില്ലെന്ന് കാന്തപുരം അഭിപ്രായപ്പെട്ടിരുന്നു. ലിബിയയിൽ ക്രിസ്ത്യാനികളായ തൊഴിലാളികളെ കൂട്ടക്കൊല നടത്തിയതിനെ ഒരു നിലയ്ക്കും ന്യായീകരിക്കാൻ കഴിയില്ല. ദയാപരതയാണ് പ്രവാചകന്റെ മാതൃക. പെഷാവറിലെ കുഞ്ഞുങ്ങളെ കൂട്ടക്കൊല നടത്തിയവർ ഇസ്‌ലാമിന്റെ മനസ്സാണ് ചീന്തിയെറിഞ്ഞതെന്നുമാണ് കാന്തപുരം പറഞ്ഞത്.
അടുത്തകാലത്തായി സൈബർ ലോകത്ത് അടക്കം ഇസ്ലാമിക തീവ്രവാദത്തെ ന്യായീകരിക്കുന്ന വിധത്തിൽ ചിലർ മുസ്ലിം സംഘടനകളോട് ആഭിമുഖ്യം പുലർത്തുന്നവർ രംഗത്തെത്തിയിരുന്നു. ഐസിസിന്റെ തീവ്രവാദത്തെ ന്യായീകരിക്കുന്ന വിധത്തിൽ യുവാക്കൾ രംഗത്തെത്തിയത് കടുത്ത ആശങ്കയാണ് കേരളത്തിലെ മുസ്ലിം സമുദായ നേതൃത്വത്തിന് ഉള്ളത്. അതുകൊണ്ട് തന്നെ ഐസിസിനെതിരെ തുറന്നെതിർക്കുന്ന നിലപാട് സ്വീകരിക്കാനാണ് സമുദായ നേതൃത്വങ്ങളുടെ തീരുമാനം. ശരിയായ തോതിൽ മതത്തെ അറിയുന്നവർ ഒരിക്കലും തെറ്റായ പാതയിലേക്ക് പോകില്ലെന്നും കരുതുന്നു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നേരത്തെ തീവ്രവാദ സംഘടനകൾ പ്രവർത്തിച്ചപ്പോഴും കേരളത്തിലേക്ക് ഇവർ കടന്നിരുന്നില്ലെന്ന ചിന്താഗതിയായിരുന്നു മുൻപുണ്ടായിരുന്നത്. എന്നാൽ വാഗമൺ സിമി ക്യാമ്പും ഇന്ത്യൻ മുജാഹിദ്ദീൻ നേതാവായിരുന്നത് തടിയന്റവിട നസീർ എന്ന മലയാളി ആയിരുന്നു എന്നതും കേരളത്തിലെ മുസ്ലിം മതനേതൃത്വത്തെ ഞെട്ടിച്ച സംഭവങ്ങളായിരുന്നു. ഇനിയും കേരളത്തിൽ നിന്നും ഒരു തടിയന്റവിട നസീർ വളർന്നുവരാൻ അനുവദിക്കില്ലെന്ന് ഉറച്ച സ്വരത്തിലാണ് വിവിധ മുസ്ലിംസംഘടനകൾ അഭിപ്രായപ്പെടുന്നത്. ഇതിന് കൂടുതൽ പ്രചരണ പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനം.