- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി കനിഞ്ഞെങ്കിലും പിണറായി കനിയില്ല! കേരളത്തിൻ ഇന്ധന നികുതി കൊള്ള തുടരും; നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി; കേന്ദ്രം നികുതി കുറച്ചത് പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലിക്ക് പണം തരുന്നതു പോലെയെന്ന് കെ എൻ ബാലഗോപാൽ; രാജ്യത്ത് ഉയർന്ന ഇന്ധനവിലയുള്ള സംസ്ഥാനമായി കേരളം തുടർന്നേക്കും
തിരുവനന്തപുരം: തെരഞ്ഞെടുപ്പു തോൽവിയിൽ നിന്നും പാഠം ഉൾക്കൊണ്ട് കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാർ എക്സൈസ് നികുതി ഇളവു വരുത്തിയാലും കേരളത്തിൽ പിണറായി കുലുങ്ങില്ല. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതിന് സമാനമായി സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം തള്ളി കേരളം. സംസ്ഥാനനികുതി കേരളം കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രസർക്കാർ നികുതി കുറച്ചതിന് ആനുപാതികമായി കേരളത്തിൽ ഇന്ധനവില കുറഞ്ഞു. പെട്രോളിന് ഒന്നര രൂപയും ഡീസലിന് രണ്ടര രൂപയുമാണ് കുറച്ചത്. ഇതോടെ പെട്രോളിന് സംസ്ഥാനത്ത് ആറര രൂപയും ഡീസലിന് 12.30 രൂപയുമാണ് കുറഞ്ഞത്. കഴിഞ്ഞ ഏതാനും മാസങ്ങളിലായി പ്രത്യേക സർചാർജ് എന്ന പേരിൽ പെട്രോളിന് 30 രൂപയിലധികമാണ് വർധിപ്പിച്ചത്.
ഭരണഘടനാ പ്രകാരം ചില അടിയന്തര ഘട്ടങ്ങളിൽ പ്രത്യേക സർചാർജ് എന്ന പേരിൽ നികുതി ചുമത്താൻ കേന്ദ്രത്തിന് അധികാരമുണ്ട്. അതാണ് അവർ ഉപയോഗിച്ചത്. ഇതിൽ നിന്ന് ഒരു രൂപ പോലും സംസ്ഥാനത്തിന് കിട്ടുന്നില്ല. ഇതിലാണ് കേന്ദ്രം കുറവ് വരുത്തിയതെന്നും മന്ത്രി പറഞ്ഞു.
പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലിക്ക് പണം തരുന്നതുപോലെയാണ് കേന്ദ്രത്തിന്റെ നിലപാട്. 15-ാം ധനകാര്യ കമ്മീഷൻ ശുപാർശയിലെ പുതിയ ഫോർമുല അനുസരിച്ച് സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതിയിൽ 6400 കോടി രൂപയുടെ കുറവുണ്ടാകും. ഈ പ്രതിസന്ധിയിൽ സംസ്ഥാന നികുതി എങ്ങനെ കുറയ്ക്കുമെന്നും ധനമന്ത്രി ചോദിച്ചു.
അതേസമയം പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര എക്സൈസ് നികുതി യഥാക്രമം 5 രൂപയും 10 രൂപയും വീതം കുറച്ചതിനു പിന്നാലെ വാറ്റ് കുറച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും രംഗത്തുവന്നിരുന്നു. ഉത്തർപ്രദേശ് പെട്രോളിനും ഡീസലിനും ലീറ്ററിന് 12 രൂപ വീതം കുറച്ചു. അസമും ത്രിപുരയും കർണാടകയും ഗോവയും ഗുജറാത്തും മണിപ്പൂരും ലീറ്ററിന് 7 രൂപ വീതമാണ് കുറച്ചത്. ഉത്തരാഖണ്ഡ് രണ്ട് രൂപ കുറച്ചു. വാറ്റ് കുറയ്ക്കുമെന്ന് ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ പറഞ്ഞു. ഹിമാചൽ ഉപതിരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട തിരിച്ചടിക്ക് ഇന്ധന വില വർധന കാരണമായതായി ജയ്റാം ഠാക്കൂർ നേരത്തെ പ്രതികരിച്ചിരുന്നു.
കേന്ദ്ര സർക്കാർ നികുതി കുറച്ചതോടെ കേരളത്തിൽ പെട്രോളിന് 6 രൂപ 57 പൈസയും ഡീസലിന് 12 രൂപ 33 പൈസയും കുറഞ്ഞു. ഇതോടെ തിരുവനന്തപുരത്ത് ഡീസൽ ലീറ്ററിന് 93 രൂപ 47 പൈസയും പെട്രോളിന് 106 രൂപ 36 പൈസയുമായി. കൊച്ചിയിൽ ഡീസൽ ലീറ്ററിന് 91 രൂപ 42 പൈസയും പെട്രോൾ 104 രൂപ 17 പൈസയും കോഴിക്കോട് ഡീസൽ ലീറ്ററിന് 91 രൂപ 72 പൈസയും പെട്രോൾ 104 രൂപ 44 പൈസയുമാണ് ഇന്നത്തെ നിരക്ക്. ഇപ്പോഴത്തെ അവസ്ഥയിൽ മറ്റ് സംസ്ഥാനങ്ങൾ ഇന്ധന വിലയിൽ ഇളവു വരുത്തിയാലും കേരളത്തിൽ ഉയർന്ന വിലക്ക് പെട്രോൾ അടിക്കേണ്ട അവസ്ഥയിലാണ് മലയാളികൾ.
മറുനാടന് മലയാളി ബ്യൂറോ