കോട്ടയം: ലിബിയയിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെയും മകന്റെയും മൃതദേഹങ്ങൾ ശനിയാഴ്ച നാട്ടിലെത്തിക്കും. വെളിയന്നൂർ വന്ദേമാതരം തുളസിഭവനിൽ സുനു വിപിൻ (29), ഏകമകൻ പ്രണവ് (ഒന്നര) എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ചുമതല ലിബിയൻ ഏജൻസി ഏറ്റെടുത്തു. മൃതദേഹങ്ങൾ ഇപ്പോൾ ട്രിപ്പോളി മെഡിക്കൽ സെന്റർ മോർച്ചറിയിലാണ്.

എംബാം ചെയ്ത ഇവ രണ്ടു ദിവസത്തിനകം ട്രിപ്പോളിയിൽനിന്നു റോഡ് മാർഗം ടൂണിഷ്യയിലേക്കു കൊണ്ടുപോകും. അവിടെനിന്നു വിമാനമാർഗം കുവൈത്ത് വഴി നെടുമ്പാശേരിയിലെത്തിക്കും. മൃതദേഹത്തെ സുനുവിന്റെ ഭർത്താവ് വിപിൻ അനുഗമിക്കുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാൻ 30,000 ലിബിയൻ ദിനാറാണ് ഫീസ്. വിപിനും സുനുവും ജോലി ചെയ്തിരുന്ന ആശുപത്രി പണം നൽകാമെന്ന് ഏറ്റിരുന്നെങ്കിലും പിന്നീട് പിന്മാറി. ഇതോടെ ആദ്യം മൃതദേഹം നാട്ടിലെത്തിക്കാമെന്നേറ്റ ഏജൻസിയും പിന്മാറുകയായിരുന്നു. തുടർന്ന് വിദേശ കാര്യമന്ത്രാലയം നടത്തിയ ഇടപെടലാണ് കാര്യങ്ങൾ അനുകൂലമാക്കിയത്.

ലിബിയയിൽ ട്രിപ്പോളിക്കു സമീപം ഇസ്രാത്ത് വിമാനത്താവളം ഉണ്ടെങ്കിലും അവിടെനിന്നു വിമാന സൗകര്യങ്ങളില്ല. ആംബുലൻസിൽ അഞ്ച് മണിക്കൂർ യാത്ര ചെയ്തു വേണം ട്യുണീഷ്യയിൽ എത്താൻ. ഇവിടെനിന്നും നേരിട്ട് ഇന്ത്യയിലേക്കു വിമാനങ്ങൾ ഇല്ല. അതിനാൽ കുവൈത്തിൽ എത്തിച്ച ശേഷമേ നാട്ടിലെത്തിക്കാൻ കഴിയൂ. ഇവിടുത്തെ നടപടിക്രമങ്ങളും വെള്ളിയാഴ്ചയോടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ

ലിബിയയിൽ ഉണ്ടായ മിസൈൽ ആക്രമണത്തിലാണ് മലയാളി യുവതിയും പതിനെട്ട് മാസം പ്രായമുള്ള മകനും കൊല്ലപ്പെട്ടത്. മൂന്നു വർഷമായി വിപിനും കുടുംബവും ലിബിയയിലാണ്. പ്രണവ് പിറന്നതും ലിബിയയിലാണ്. പ്രണവിനെ വിപിന്റെയും സുനുവിന്റെയും വീട്ടുകാർ കണ്ടിട്ടില്ല. ഇവർ താമസിക്കുന്ന വീടിന് മുകളിലേക്ക് മിസൈൽ പതിക്കുകയായിരുന്നു.വിപിൻ പുറത്തുപോയ സമയത്തായിരുന്നു ആക്രമണം. സുനുവും കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. റിപ്പോർട്ടുകൾ പ്രകാരം സുനുവിനും കുഞ്ഞിനും പുറമേ മറ്റു ചിലരും അതേ കെട്ടിടത്തിലുണ്ടായിരുന്നതായി പറയുന്നു. 2012ലാണ് വിപിനും സുനുവും വിവാഹിതരാകുന്നത്. ഇരുവരും ലിബിയയിൽ നഴ്‌സായി ജോലിചെയ്തുവരികയായിരുന്നു.

ലിബിയയിലെ സർക്കാർ ആശുപത്രിയായ സാവിയ മെഡിക്കൽ സെന്ററിലെ നഴ്‌സുമാരായ വിപിൻകുമാറും സുനുവും ജോലികഴിഞ്ഞ് ഫ്‌ളാറ്റിലെത്തി വിശ്രമിക്കുകയായിരുന്നു. എന്തോ ആവശ്യത്തിന് വിപിൻകുമാർ മുറിയിൽ നിന്ന് പുറത്തേക്ക് പോയപ്പോഴാണ് പറന്നുവന്ന ദുരന്തം പ്രിയതമയെയും മകനെയും കവർന്നെടുത്തത്. ആഭ്യന്തരസംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ലിബിയയിലെ ജോലി രാജിവച്ച് അടുത്തമാസം അവസാനം കുടുംബത്തോടൊപ്പം നാട്ടിലേക്ക് തിരിക്കാനിരിക്കുമ്പോഴാണ് അപ്രതീക്ഷിത ദുരന്തം. രാമപുരം കൊണ്ടാട് കുഴിപ്പനാൽ വീട്ടിൽ സത്യന്റെയും സതിയുടെയും മകളാണ് സുനു. അനൂപാണ് സഹോദരൻ.