പാലക്കാട് : വെറ്ററിനറി സർവകലാശാലയിൽ നിന്നു പുതിയ ഇനം ഇറച്ചിത്താറാവ് തീന്മേശയിലെത്തുന്നു. കുട്ടനാടൻ താറാവുകളുടെ ഇനത്തിൽ നിന്ന് ഇറച്ചിയാവശ്യത്തിനു മാത്രമായാണു ചൈത്ര എന്നുപേരിട്ടിരിക്കുന്ന പുതിയ ഇനത്തെ ഉത്പാദിപ്പിച്ചത്.കേരളത്തിന്റെ തനതു ജനുസ്സുകളായ കുട്ടനാടൻ ചാര, ചെമ്പല്ലി എന്നിവയിൽ നിന്നാണു ചൈത്ര ജന്മമെടുത്തത്.പാലക്കാട് തിരുവിഴാംകുന്നിലെ പക്ഷി ഗവേഷണ കേന്ദ്രത്തിന്റെ പരിശ്രമഫലമായാണ് ഈ നേട്ടം.

ചാര, ചെമ്പല്ലി എന്നിവയെ പ്രധാനമായും മുട്ടയ്ക്കു വേണ്ടിയാണു വളർത്താറുള്ളത്. 2012ൽ മണ്ണുത്തി വെറ്ററിനറി സർവകലാശാല പൗൾട്രി സയൻസ് വിഭാഗം മുൻ ഡയറക്ടർ ഡോ. ലിയോ ജോസഫിന്റെ നേതൃത്വത്തിൽ കുട്ടനാടൻ താറാവുകളിൽ നടത്തിയ പഠനത്തിൽ ഇറച്ചിത്താറാവുകളെ രൂപപ്പെടുത്താനുള്ള ജനിതകശേഷി അവയ്ക്കുണ്ടെന്നു തെളിഞ്ഞു.

ബയോടെക്‌നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ തിരുവിഴാംകുന്ന് പക്ഷി ഗവേഷണ കേന്ദ്രത്തിൽ തുടർന്ന പഠനത്തിൽ, 8 ആഴ്ച കൊണ്ടു താറാവിന്റെ ശരീരഭാരത്തിൽ 300 ഗ്രാം വർധന കണ്ടെത്തി. ഇവയ്ക്ക് ഇറച്ചിക്കോഴികളുടെ തീറ്റ കൊടുത്തപ്പോൾ വീണ്ടും ഭാരം കൂടി.

ചൈത്രത്താറാവിനെ കൂട്ടിലും അടുക്കളമുറ്റത്തും വളർത്താം. സംസ്ഥാനത്തെ കാലാവസ്ഥയ്ക്കു കൂടുതൽ അനുയോജ്യമായതും മെച്ചപ്പെട്ട രോഗപ്രതിരോധ ശേഷിയുള്ളതുമാണ് ഈ ഇനമെന്ന് അസിസ്റ്റന്റ് പ്രഫസർ ഡോ. സ്റ്റെല്ല സിറിയക് പറഞ്ഞു. നിലവിൽ തിരുവിഴാംകുന്ന് ഫാമിൽ മാത്രമാണ് ഇവയെ ലഭിക്കുക. ഒരു ദിവസം പ്രായമുള്ള താറാവിന്റെ വില 30 രൂപയാണ്. കേരളം മുഴുവൻ ഇവയെ ലഭ്യമാക്കുന്നതിനുള്ള നടപടി സർവകലാശാല ആരംഭിച്ചു.