കണ്ണൂർ :കേരളത്തിൽ നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റിയയ്ക്കുന്ന കൈതച്ചക്ക(പൈനാപ്പിൾ) യിൽ മാരകമായ കീടനാശിനി ഉപയോഗിക്കുന്നതായി വിവരം ലഭിച്ചു. ഇന്ത്യയിൽ ഏറ്റവും മികച്ച ഇനം കൈതച്ചക്ക ഉൽപ്പാദിപ്പിക്കുന്ന കേരളത്തിൽനിന്നാണ് കീടനാശിനികൾ വൻതോതിൽ ഉപയോഗിച്ച കൈതച്ചക്ക കയറ്റിയയ്ക്കുന്നത്. കേരളത്തിലെ കൈതച്ചക്കയ്ക്ക് അന്യസംസ്ഥാനങ്ങളിൽ നല്ല ഡിമാന്റാണ്. അതു ചൂഷണം ചെയ്ത് വൻതോതിൽ ഉത്പാദന വർദ്ധനവിനായാണ് കീടനാശിനികളുടെ പ്രയോഗമെന്ന് കണ്ടെത്തിയിട്ടുണ്ട്.

വിഷമുക്ത പച്ചക്കറിക്കും പഴങ്ങൾക്കും അന്യസംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്ന കേരളം തങ്ങൾ കയറ്റിയയ്‌യക്കുന്ന കൈതച്ചക്കയിൽ കീടനാശിനി പ്രയോഗം എത്രമാത്രമാണെന്ന് പരിശോധിക്കുന്നില്ല. തമിഴ്‌നാട്, കർണ്ണാടകം പോലുള്ള സംസ്ഥാനങ്ങളിൽനിന്നും വരുന്ന പച്ചക്കറികളും പഴങ്ങളും പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രതേൃക സ്‌ക്വാഡ് അടുത്താഴ്ച രംഗത്തിറങ്ങുകയാണ്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്യസംസ്ഥാനങ്ങളിൽനിന്നും കേരളത്തിൽ വരുന്ന ചരക്കു വാഹനങ്ങളെ ചെക്കുപോസ്റ്റിൽ തടഞ്ഞ് കർശന പരിശോധന നടത്താനാണ് നീക്കം. പരിശോധനയ്ക്കയക്കുന്ന സാമ്പിളുകളിൽ വിഷാംശം കണ്ടെത്തിയാൽ ഏതു പ്രദേശത്തു നിന്നാണോ പഴവും പച്ചക്കറിയും വരുന്നത് അവിടെ ഉത്പ്പാദിപ്പിക്കുന്നവ നിരോധിക്കുവാനാണ് തീരുമാനം.

ഇന്ത്യയിലെ ഏറ്റവും മികച്ചതും ഗുണനിലവാരമുള്ളതുമായ മൗറീഷ്യസ് ഇനത്തിൽപ്പെട്ട കൈതച്ചക്കയാണ് കേരളത്തിൽ ഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത്. ഇതിന്റെ പ്രധാന കേന്ദ്രം മൂവാറ്റുപുഴയിലെ വാഴക്കുളമാണ്. കേരളത്തിൽ കൈതച്ചക്ക ഉത്പാദിപ്പിക്കുന്നത് എറണാകുളം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, തുടങ്ങിയ ജില്ലകളിലാണ്. കർണ്ണാടക, തമിഴ്‌നാട്, ഗോവ, മഹാരാഷ്ട്ര എന്നീ ജില്ലകളിലേക്കാണ് കൈതച്ചക്ക കേരളത്തിൽനിന്നും പ്രധാനമായും കയറ്റിപ്പോകുന്നത്. മറ്റു വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും കൈതച്ചക്കയ്ക്ക് ഉപഭോക്താക്കൾ കൂടി വരികയാണ്.

ജൈവകൃഷിയെപ്പറ്റിയും വിഷരഹിത പച്ചക്കറിയെപ്പറ്റിയും മാധൃമങ്ങളിൽ വാർത്തകൾ നിറയുമ്പോൾ കേരളത്തിൽനിന്നും കയറ്റി അയയ്ക്കുന്ന കൈതച്ചക്കയിലെ വിഷാംശത്തെക്കുറിച്ച് ആരും പരാമർശിക്കുന്നില്ല. കീടങ്ങളുടെ ആക്രമണത്തിനെതിരെ ഉത്പാദനത്തിന്റെ ആദ്യം നീലീബഗ് (neelibug)എന്ന കീടനാശിനിയാണ് കൈതച്ചക്ക കർഷകർ ഉപയോഗിക്കുന്നത്. കളനശീകരണത്തിനായി മാൻകോസെബ്(mancoseb) എന്ന കീടനാശിനിയും തളിക്കുന്നു. 120 മുതൽ 125 ദിവസം വരെ മൂപ്പെത്തിയ കൈതച്ചക്കയ്ക്ക് chori ferittod എന്ന കീടനാശിനിയാണ് തളിക്കുക. ദൂരസ്ഥലത്താണെങ്കിൽ ഈ കീടനാശിനിയുടെ അളവ് കൂട്ടി ഉപയോഗിക്കും. ഇതിനായി ഉപയോഗിക്കുന്നത് എത്തിഫോൺ(ethiphon) എന്ന കീടനാശിനിയും. എലികളുടെ ശലൃം ഇല്ലാതാക്കാനും കീടനാശിനി തന്നെ വേണം.

കേരളത്തിൽ കൈതച്ചക്ക കയറ്റി അയക്കുന്നതിലൂടെ 170 കോടി രൂപയുടെ വാർഷിക വരുമാനമാണ് ലഭിക്കുന്നത്. ലോഭമില്ലാതെ കീടനാശിനി പ്രയോഗം നടത്തിയാണ് ഇത്രയും രൂപയ്ക്കുള്ള കൈതച്ചക്ക കയറ്റി അയക്കൽ. മറ്റു സംസ്ഥാനങ്ങൾ കേരളത്തിലേക്ക്‌യക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനി പ്രയോഗം പരിശോധിച്ച് നടപടി കൈക്കൊള്ളാൻ ശ്രമിക്കുമ്പോൾ കേരളം അയക്കുന്ന കൈതച്ചക്കയിലെ കീടനാശിനി ഉപയോഗം കണ്ടില്ലെന്നു നടിക്കുന്നത് വിരോധാഭാസമാണ്.