- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും മലയാളി ഇപ്പോഴും സന്ദേശത്തിലെ സംഭാഷണങ്ങൾ പറയുന്നത് എന്തുകൊണ്ട്? ഒരു പതിറ്റാണ്ടായിട്ടും പ്രവാസി മലയാളി അക്കരക്കാഴ്ചയിലെ ജോർജ്ജിനെ കുറിച്ഛ് സംസാരിക്കുന്ന അതേ കാരണം കൊണ്ട്; കേരള പിറവി ദിനത്തിൽ ദീപ പ്രവീണിന്റെ അക്കരക്കാഴ്ചകൾ
മലയാളിയുടെ നേട്ടങ്ങളുടേയും കോട്ടങ്ങളുടെയും കണക്കെടുക്കുന്‌പോൾ അതിനെ കേരളം എന്ന ഒരു ഭൂപരിധിയിൽ നിറുത്താൻ നമുക്ക് കഴിയില്ല. കാരണം മലയാളി ഇന്ന് ഒരു ആഗോള പൗരനാണ്. ഇന്നു നാം കാണുന്ന കേരളം അവന്റെ വിയർപ്പിന്റെ കൂടി വിലയാണ്. മറുനാട്ടിൽ ആയിരിക്കുന്‌പോഴും മലയാളിയായിരിക്കുന്ന അവന്റെ മാറാത്ത മനസ്സ്, അവൻ മുറുകെ പിടിക്കാൻ ശ്രമിക്കുന്ന അവന്റെ മൂല്യങ്ങൾ, ആത്മ സംഘർഷം, അന്യതാ ബോധം അതെല്ലാം സഹ്യന്റെ ഇങ്ങേപ്പുറത്തിരിക്കുന്നവർ അറിവുന്നുവോ ? കേരളത്തിന്റെ നല്ലൊരു ശതമാനം ജനവിഭാഗങ്ങൾക്കും അതിർത്തി കടന്നെത്തുന്ന വിദേശനാണ്യത്തിനപ്പുറം ഒരു പ്രവാസിയുടെ ജീവിതം എന്താണ്, അവന്റെ പ്രശ്‌നങ്ങൾ എന്താണ് എന്നത് മനസ്സിലാക്കാൻ കഴിയുന്നോ എന്ന് സംശയമാണ്. പല പ്രവാസികളും അവധിക്കു എത്തുന്നത് ക്രെഡിറ്റ് കാർഡിന്റെ ബലത്തിലാണെന്നും, ഒന്നോ ഒന്നരയോ മാസം നീണ്ടു നിൽക്കുന്ന അവധിയാഘോഷത്തിന്റെ ബാധ്യത തീർക്കാൻ തിരികെ ചെല്ലുന്‌പോൾ അവനെ കാത്തിരിക്കുന്നത് അധിക സാന്പത്തിക ബാധ്യതകളാണെന്നുമുള്ള യാഥാർഥ്യം പലർക്കും ഇപ്പോഴും അജ്ഞാതമാണ്. നാടോടിക്കാറ്റിലെ
മലയാളിയുടെ നേട്ടങ്ങളുടേയും കോട്ടങ്ങളുടെയും കണക്കെടുക്കുന്‌പോൾ അതിനെ കേരളം എന്ന ഒരു ഭൂപരിധിയിൽ നിറുത്താൻ നമുക്ക് കഴിയില്ല. കാരണം മലയാളി ഇന്ന് ഒരു ആഗോള പൗരനാണ്. ഇന്നു നാം കാണുന്ന കേരളം അവന്റെ വിയർപ്പിന്റെ കൂടി വിലയാണ്.
മറുനാട്ടിൽ ആയിരിക്കുന്‌പോഴും മലയാളിയായിരിക്കുന്ന അവന്റെ മാറാത്ത മനസ്സ്, അവൻ മുറുകെ പിടിക്കാൻ ശ്രമിക്കുന്ന അവന്റെ മൂല്യങ്ങൾ, ആത്മ സംഘർഷം, അന്യതാ ബോധം അതെല്ലാം സഹ്യന്റെ ഇങ്ങേപ്പുറത്തിരിക്കുന്നവർ അറിവുന്നുവോ ?
കേരളത്തിന്റെ നല്ലൊരു ശതമാനം ജനവിഭാഗങ്ങൾക്കും അതിർത്തി കടന്നെത്തുന്ന വിദേശനാണ്യത്തിനപ്പുറം ഒരു പ്രവാസിയുടെ ജീവിതം എന്താണ്, അവന്റെ പ്രശ്‌നങ്ങൾ എന്താണ് എന്നത് മനസ്സിലാക്കാൻ കഴിയുന്നോ എന്ന് സംശയമാണ്. പല പ്രവാസികളും അവധിക്കു എത്തുന്നത് ക്രെഡിറ്റ് കാർഡിന്റെ ബലത്തിലാണെന്നും, ഒന്നോ ഒന്നരയോ മാസം നീണ്ടു നിൽക്കുന്ന അവധിയാഘോഷത്തിന്റെ ബാധ്യത തീർക്കാൻ തിരികെ ചെല്ലുന്‌പോൾ അവനെ കാത്തിരിക്കുന്നത് അധിക സാന്പത്തിക ബാധ്യതകളാണെന്നുമുള്ള യാഥാർഥ്യം പലർക്കും ഇപ്പോഴും അജ്ഞാതമാണ്.
നാടോടിക്കാറ്റിലെ ദാസനെയും വിജയനെയുംപോലെ 'കരകാണാ കടലിനുമപ്പുറത്ത്' 'നരലോക പഞ്ഞം തീർക്കാൻ സുരലോകം വാതിൽ തുറക്കുന്നു എന്നാണ്' ഇക്കരെ നിൽകുന്ന മലയാളിയുടെ അക്കരെപ്പച്ച.
ഗൾഫിലേക്കുള്ള മലയാളി കുടിയേറ്റവും കുടിയിറക്കവും കൂടിയതുകൊണ്ടും, അറബിക്കഥയും, ഗദ്ദാമയും, ആടുജീവിതവും നമുക്കു മുന്പിൽ മരുഭൂമി ജീവിതത്തിന്റെ മറുവശം തുറന്നിട്ടതുകൊണ്ടും ഗൾഫ് ജീവിതത്തിന്റെ ദുരന്തപർവ്വം സാധാരണ മലയാളിക്ക് മുൻപിൽ ഒരു പരിധിവരെ ഇപ്പോൾ അനാവൃതമായിട്ടുണ്ട്. അപ്പോഴും യൂറോപ്പും അമേരിക്കയും അവന്റെ സ്വപ്നഭൂമിക തന്നെയാണ്. ഇവിടേയ്ക്ക് കുടിയേറിയവന്റെ പ്രശ്ങ്ങളിലേയ്ക്ക് വിരൽചൂണ്ടുന്നതും അത് സാധാരണക്കാരനിൽ എത്തിക്കുന്നതുമായ കലാസൃഷ്ടികളുടെ അഭാവം തന്നെയായിരുന്നു കാരണം.
Jhumpa Lahiri യുടെ 'The Namesake' പോലെയുള്ള പുസ്തകങ്ങൾക്ക് കേരളത്തിലും വായനക്കാരുണ്ടായിരുന്നെങ്കിലും, തണുപ്പൻ രാജ്യങ്ങളുടെ പ്രവാസി ദുഃഖം പങ്കുവച്ചിരുന്ന കലാസൃഷ്ടിയൊന്നും മലയാളികൾക്കിടയിൽ (കൈരളി ടി.വിയും ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകൾ ചില നല്ല സീരിയലുകളും , വാർത്താധിഷ്ഠിത പരിപാടികളും സംപ്രേഷണം ചെയ്തിരുന്നുവെങ്കിലും) അത്ര ജനകീയമായിരുന്നില്ല.
എന്നാൽ ഇതിനെല്ലാമിടയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഒട്ടനവധി പ്രവാസിമലയാളികൾ നെഞ്ചോടു ചേർക്കുന്ന ഒരു കൊച്ചു സിറ്റ് കോം ഉണ്ട്. അമേരിക്കൻ മലയാളിയുടെ ജീവിതം ചിരിയിലൂടെയും ചിന്തയിലൂടെയും വരച്ചിട്ട അക്കരക്കാഴ്ചകൾ.
കൈരളി ടി വിയിൽ സംപ്രേഷണം ചെയ്യുകയും പിന്നീട് മുഴുവൻ എപ്പിസോഡുകളും യൂട്യൂബിൽ അപ്‌ലോഡ് ചെയുകയും ചെയ്ത ആദ്യ മലയാളം സറ്റയർ സിറ്റ് കോം അക്കരക്കാഴ്‌ച്ചകൾ ആയിരുന്നു.
എട്ട് വർഷങ്ങൾക്കു മുൻപ് തുടങ്ങിയ, കേവലം അൻപത് എപ്പിസോഡുകൾ മാത്രം നീണ്ടുനിന്ന, സാങ്കേതിക മികവിന്റെ കാര്യത്തിൽ ഒരു ഹോം പ്രൊഡക്ഷൻ എന്നൊക്കെ വേണമെങ്കിൽ കരുതാവുന്ന ഒരു അമച്വർ വർക്ക്, ഇന്നും കാലാതീതമായി നിൽക്കുന്നുവെങ്കിൽ അതിനു കാരണം, അത് പ്രവാസി ജീവിതത്തോട് ഏറ്റവും അടുത്ത് നിന്നിരുന്നതുകൊണ്ടാണ്. അനായാസമായ അഭിനയം, യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന കഥാമുഹൂർത്തങ്ങൾ, പ്രവാസിക്ക് മാത്രം മനസ്സിലാകുന്ന ചില അടക്കിയ ചിരികൾ, ഊറിച്ചിരികൾ, പൊട്ടിച്ചിരികൾ ഇതെല്ലാം വർഷങ്ങളിക്കിപ്പുറവും അതുപോലെ നമ്മുടെ ചുണ്ടുകളിൽ എത്തുന്നുവെങ്കിൽ ഒരു നല്ല കലാസൃഷ്ടി എന്ന നിലയിൽ അക്കരക്കാഴ്ചയുടെ വിജയം മാത്രമല്ല, ഇതാണ് എന്റെ ജീവിതത്തിന്റെ നേർക്കാഴ്ച എന്ന പ്രവാസിയുടെ തുറന്നു പറച്ചിൽ കൂടിയാണത്.
ഇരുപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറവും സന്ദേശത്തിലെ സംഭാഷണങ്ങൾ കേരളീയന്റെ നിത്യ ജീവിതത്തിലെ ഭാഗമാകുന്നത് പോലെയാണ്, അക്കരക്കാഴ്ചകളിലെ വാചകങ്ങൾ പ്രവാസിയുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്. എബി വർഗീസിനും അജയൻ വേണുഗോപാലിനും അതിൽ അഭിമാനിക്കാം.
അയ്മനത്തു നിന്ന് അമേരിക്കയിൽ കുടിയേറിയ ജോർജ് അച്ചായനും, ഭാര്യ റിൻസിയും, മത്തായിക്കുഞ്ഞും, ചക്കിമോളും, അപ്പച്ചനും, ഗ്രിഗറിയും, യുവകോമള നേഴ്‌സിങ് സുഹൃത്തുക്കളും എന്തിന്, ഒരിക്കൽ മാത്രം വന്നു പോകുന്ന പ്ലംബർ കോവാലൻ വരെ നമ്മുടെ ഓർമ്മയിൽ നിൽക്കുന്നത് ഓരോ പ്രവാസിയും ഒരിക്കലെങ്കിലും ജീവിതത്തിൽ കടന്നു പോയതോ കണ്ടുമുട്ടിയതോ ആയ കഥാപാത്രങ്ങളാണ് ഇവരെല്ലാം എന്നതിനാലാണ്.
ഒരുപാട് മുഹൂർത്തങ്ങളുണ്ട് ഓർത്തോർത്തു ചിരിക്കാനും, ചിന്തിക്കാനും, ഒന്ന് കണ്ണ് നനയാനും.
നാട്ടിൽ നിന്ന് കടത്തിക്കൊണ്ടു വന്ന കറിവേപ്പ് കരിഞ്ഞു നിൽക്കുന്നത് കണ്ടു നെഞ്ഞത്തടിച്ചതും, രാത്രിയിൽ ഹീറ്ററിൽ ഉണക്കാനിട്ട തൊങ്ങലുള്ള പാവാടയിൽ നിന്ന് മണിയടി ശബ്ദം കേട്ട് പ്രേതമാണെന്ന് പേടിച്ചതും, പപ്പടം വറുത്ത് ഫയർ അലാറം അടിപ്പിച്ച് സായിപ്പിനെയും പൊലീസിനേം വീട്ടിൽ വരുത്തിയതും എല്ലാം ഈ ഞാൻ തന്നെയാണ്. അങ്ങനെ ചെയ്ത ഒട്ടനവധി മലയാളി വീട്ടമ്മമാരിൽ ഒരാൾ.
മലയാളസംസ്‌കാരം മക്കളെ പഠിപ്പിക്കാൻ ഏഷ്യാനെറ്റ് വരിക്കാരായി അവസാനം ''നാട്ടിൽ എല്ലാവർക്കും രണ്ടും മൂന്നും ഭാര്യമാരുണ്ടോ മമ്മി'' എന്ന് മകൻ ചോദിച്ചത് എന്റെ കൂട്ടുകാരിയോടാണ്. നാട്ടിൽ പോകാൻ നേരം ഡോളർ സ്റ്റോറിലും പൗണ്ട് ഷോപ്പിലും കയറിയിറങ്ങി പെട്ടി നിറയെ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതും, രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ ജോർജിനെ പോലെ അറിയാവുന്ന മുറി ഇംഗ്ലീഷ് ഉപയോഗിച്ച് ഇൻഷുറൻസ് അടക്കമുള്ള ഇതര ബിസിനസുകൾ നടത്തി പൊട്ടി പാളീസായതും എന്റെ അറിവിലും പരിചയത്തിലും ഉള്ള ഒരു ചേട്ടായി ആണ്.
മഹേഷിനെ പോലെ മറുനാട്ടിൽ എത്തിയിട്ട് മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിലേയ്ക്ക് ആർത്തിയോടെ എത്തി നോക്കി നെടുവീർപ്പിടുകയും പിന്നെ 'പച്ചപ്പനം തത്തകളെ' എത്തിപ്പിടിക്കാൻ ശ്രമിച്ചു മണ്ടത്തരങ്ങളിൽ വീഴുകയും ചെയ്യുന്ന സാധാരണ മലയാളി യുവാവും ഒരതിശയോക്തിയല്ല.
മത്തായിക്കുഞ്ഞിനെയും ചക്കി മോളെയും പോലെ രണ്ടു സംസ്‌കാരങ്ങളുടെ ഇടയിൽ പെട്ട് കൾച്ചറൽ ക്രൈസിസും ഐഡന്റിറ്റി ക്രൈസിസും അധിക ബാധ്യതയാകുന്ന വളർന്നു വരുന്ന ഒരു രണ്ടാം തലമുറയുണ്ട് മറുനാട്ടിൽ. അവരുടെ വിഹ്വലതകളും വരച്ചുകാട്ടുന്നുണ്ട് അക്കരക്കാഴ്ചകൾ.
ജോർജിന്റെ ചില ഫോൺ വിളികളിലൂടെയും ഓർമ്മകളിലൂടെയും മിന്നിമാറുന്ന 'ഇക്കര കാഴ്‌ച്ചകളും' കടന്നു വരുന്നുണ്ട് നമുക്ക് മുന്നിലേയ്ക്ക്. ഇതിനെല്ലാം അപ്പുറത്ത് കണ്ണീരിന്റെ ഇത്തിരി നനവുകൂടി തരുന്നു ഈ സറ്റയർ. മറുനാട്ടിൽ ഒറ്റക്കിരുന്നു സങ്കടപ്പെടുന്ന ഉച്ചനേരങ്ങളിൽ, ''എന്നാ മാനെ'' , ''എന്നാടി കൊച്ചേ'' എന്നൊക്കെയുള്ള ജോർജച്ചായന്റെ വിളി, കാഞ്ഞരപ്പള്ളിയിലോ പാലായിലോ നിന്ന് കെ.എം.എസ്സോ, കെ എസ് ആർ ടി സി യോ പിടിച്ച് ഇച്ചിരി ഒണക്കക്കപ്പയുമായി വരുന്ന തലമൂത്ത ഏതെങ്കിലും ഇച്ചായന്മാരെയോ അമ്മച്ചിമാരേയോ ഓർമ്മപ്പെടുത്തും. അപ്പോൾ നാട് ഓടി വരുന്നതായി തോന്നിയിരുന്നു എന്നെ കാണാൻ.
അക്കരക്കാഴ്ചയെ കുറിച്ച് കുറിക്കുന്ന ഒരു ചെറിയ ഫേസ്‌ബുക് കുറിപ്പിന് പോലും വരുന്ന കമന്റുകൾ പറയുന്നത്, ഇന്നും ആർത്തിയോടെയോ ഒരു തരം എംപതിയോടെയോ അക്കരക്കാഴ്ചകൾ ആവർത്തിച്ചു കാണുന്ന അനേകം പ്രേക്ഷകരുണ്ട് എന്നതാണ്. കാരണം അവന്റെ ദുഃഖങ്ങൾ, അബദ്ധങ്ങൾ, ജീവിക്കാനുള്ള പെടാപ്പാട് ഇതൊന്നും വർഷങ്ങൾക്കിപ്പുറവും മാറിയിട്ടില്ല എന്നതാണ്. ബ്രെക്‌സിറ്റും, ഡൊണാൾഡ് ട്രംപും, എണ്ണവിലയിൽ വരുന്ന വ്യത്യാസവും, ദേശീയവത്ക്കരണവും എല്ലാം അവന്റെ ജീവിതത്തിന്റെ അസന്നിഗ്ദ്ധത വീണ്ടും കൂട്ടുകയാണ്.
കഴിഞ്ഞ 60 വർഷങ്ങൾ കേരളത്തിന്റെ കലയിലും, രാഷ്ട്രീയത്തിലും, കാലാവസ്ഥയിലും, സന്പത് ഘടനയിലും മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. എന്നാൽ മാറ്റം വരാത്ത ഒന്നുണ്ട്.
'നാളികേരത്തിന്റെ നാട്ടിൽ എനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് ' എന്ന് ഗൃഹാതുരമായി ഓർക്കുന്ന മലയാളി.
ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും വർദ്ധിച്ച പ്രചാരത്തോടു കൂടി അവൻ നാട്ടിലെ ഓരോ ചലനത്തിനും കാതോർക്കുകയും വാക്കുകളിലൂടെയും ചിന്തകളിലൂടെയും അതിന്റെ ഭാഗമാകുകയും ചെയ്യൂന്നു. മറുനാട്ടിൽ ഇരിക്കുന്‌പോഴും താൻ എന്നും മലയാളി ആണ് എന്ന് അഭിമാനത്തോടെ ഓർക്കുന്നു. ലോകത്തിന്റെ ഏതു കോണിൽ ആയാലും, എത്ര കോട്ടിട്ടാലും, ടൈ കെട്ടിയാലും മലയാളിയുടെയുള്ളിൽ അക്കരക്കാഴ്ചയിലെ ജോർജിനെ പോലെ ഒരു കയിലി ഉടുത്തു മലയാളം പത്രം വായിച്ചിരിക്കുന്ന ഒരു തനി നാടൻ മനുഷ്യനുണ്ട്.
കേരളപ്പിറവി ആശംസകൾ അത്തരം ജോർജിന്റെ പ്രതിരൂപങ്ങൾക്കും കുടുംബത്തിനും കൂടിയാവട്ടെ. കാരണം അവനും ചൊല്ലുന്നുണ്ട് ഉള്ളു കൊണ്ട് ആ ബോധേശ്വരന്റെ കവിത,
''ജയ ജയ കോമള കേരളധരണീ
ജയ ജയ മാമക പൂജിതജനനീ''
മലയജ സുരഭില മാരുതനേൽക്കും
മലയാളം ഹാ മാമകരാജ്യം'' എന്ന്.