ന്യൂഡൽഹി: ദേശീയ ക്രിക്കറ്റ് ടീമിലേക്ക് വീണ്ടുമൊരു മലയാളി താരം കൂടിയെത്തുന്നു. ഇന്ത്യയുടെ അണ്ടർ 19 ടീമിലേക്ക് മലയാളി താരം ഷോൺ റോജറെ തിരഞ്ഞെടുത്തു. ബംഗ്ലാദേശിനെതിരായ ട്രയാംഗുലർ സീരിസിലാണ് ഷോൺ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറുക.

ഇന്ത്യ എ, ഇന്ത്യ ബി ടീമുകൾ ബംഗ്ലാദേശ് അണ്ടർ 19 ടീമുമായി മത്സരിക്കും. ഇന്ത്യ അണ്ടർ 19 ബി ടീമിലാണ് ഷോൺ ഇടം നേടിയത്. കൊൽക്കത്തയാണ് മത്സരവേദി. നവംബർ 29 ന് ആരംഭിക്കുന്ന പരമ്പര ഡിസംബർ ഏഴിന് അവസാനിക്കും. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ അണ്ടർ 19 എ ടീം ബി ടീമുമായി മത്സരിക്കും. മൂന്ന് റൗണ്ടുകളിലായാണ് മത്സരങ്ങൾ നടക്കുക. ഡിസംബർ ഏഴിനാണ് ഫൈനൽ.

ടീമിലെ ഏക മലയാളി താരമാണ് തിരുവനന്തപുരം വെട്ടുകാട് സ്വദേശി ഷോൺ. അണ്ടർ-16 സൗത്ത് സോണിലെ പ്രകടനവും അണ്ടർ-19 കേരളാ ടീമിലെ പ്രകടനവുമാണ് ഷോണിനെ ഇന്ത്യൻ ബി ടീമിലെത്തിച്ചത്. അണ്ടർ 19 ഇന്ത്യൻ ബി ടീമിൽ ഇടം നേടാനായത് കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് ഷോൺ റോജറിന്റെ പ്രതികരണം.

കേരളത്തിനുവേണ്ടി അണ്ടർ-19 വിനു മങ്കാദ് ട്രോഫിയിൽ നടത്തിയ പ്രകടനമാണ് ഷോണിനെ ദേശീയക്യാമ്പിലെത്തിച്ചത്. മുൻനിര ബാറ്ററും വലംകൈയൻ ഓഫ് സ്പിന്നറുമായ ഷോൺ വിനു മങ്കാദ് ടൂർണമെന്റിൽ ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറിയും ഉൾപ്പെടെ 294 റൺസ് നേടി. ഇന്ത്യാ ചലഞ്ചർ സീരിസിൽ ബി ടീമിനായി 124 റൺസും നാലു വിക്കറ്റും നേടി. ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷോൺ റോജറിന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ ആശംസകൾ നേർന്നു.

സഞ്ജു സാംസണിന് ശേഷം തിരുവനന്തപുരത്തിന്റെ അഭിമാനമായി മാറുകയാണ് ഷോൺ റോജർ. പതിനാലാം വയസിൽ ഷാർജയിലാണ് ഷോൺ ക്രിക്കറ്റ് കളിച്ച് തുടങ്ങിയത്. അവിടെ അണ്ടർ-16 ദേശീയ ടീം അംഗമായിരുന്നു. പിന്നീട് കേരളത്തിന്റെ ജൂനിയർ ടീമുകൾക്കായി കളിച്ചു. ടോപ് ഓർഡർ ബാറ്റ്‌സ്മാനായ ഷോൺ അണ്ടർ-16, 19 തലങ്ങളിൽ കേരളത്തിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ്. കഴിഞ്ഞ സീസണിൽ കേരളത്തിനായി നടത്തിയ മിന്നും പ്രകടനം ഏറെ ശ്രദ്ധ നേടി.

സായ് ക്രിക്കറ്റ് കോച്ചിങ് സെന്ററിലെ ബിജു ജോർജിന്റെ കീഴിലാണ് പരിശീലനം. ഷോണിന്റെ പ്രിയ താരം ഇന്ത്യൻ നായകൻ വിരാട് കോലിയെങ്കിൽ പ്രചോദനം കേരളത്തിന്റെ അഭിമാന താരം സഞ്ജു സാംസണാണ്. ബംഗ്ലാദേശ് പര്യടനത്തിന് മുന്നോടിയായി നവംബർ 23ന് കൊൽക്കത്തയിലെ ക്യാംപിൽ ഷോൺ ടീമിനൊപ്പം ചേരും.

ശംഖുംമുഖം വെട്ടുകാട് എം.എ. ഭവനിൽ ആന്റണി റോജറിന്റെയും പെട്രീഷ്യ റോജറിന്റെയും മകനാണ്.  കെ.സി.എ. ടി-20 കേരള പ്രീമിയർ ലീഗിൽ പ്രോമിസിങ് ബാറ്ററായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.