തിരുവനന്തപുരം: കേരളാ പൊലീസ് ചുവക്കുകയാണ്. രാഷ്ട്രീയം പാടില്ലെന്ന വ്യവസ്ഥ കാറ്റിൽ പറത്തി കേരള പൊലീസ് അസോസിയേഷൻ ഇടത്തേക്ക് പോകുന്നതായുള്ള ഇന്റലിജൻസ് മുന്നറിയിപ്പ് ഗൗരവത്തോടെ കേന്ദ്രസർക്കാർ എടുക്കും. അസോസിയേഷൻ ജില്ലാ സമ്മേളനങ്ങളിലെ രാഷ്ട്രീയ അതിപ്രസരം അപകടകരമാണെന്നും സംസ്ഥാന പൊലീസ് മേധാവി ഉടൻ ഇടപെടണമെന്നും ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ്കുമാർ റിപ്പോർട്ട് നൽകി. സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കുന്ന പ്രത്യേക കത്തും കൈമാറി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഇന്റിലജൻസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനങ്ങളിൽ രക്തസാക്ഷി സ്തൂപങ്ങൾ നിർമ്മിച്ച് 'ഇൻക്വിലാബ് സിന്ദാബാദ്' വിളിക്കുന്നത് രാഷ്ട്രീയമാണ്. ഇടത് പാർട്ടി സമ്മേളനങ്ങളിലെ മാതൃകയാണ് ഇത്. ഇത്തരം നടപടി അച്ചടക്കത്തിനു ചേർന്നതല്ല. ഔദ്യോഗിക പദവികളില്ലാത്ത ഭരണകക്ഷി നേതാക്കളെ വിളിച്ചു പ്രസംഗിപ്പിക്കുന്നതും സേനയെ രാഷ്ട്രീയമായി ഭിന്നിപ്പിക്കുമെന്നും മുന്നറിയിപ്പുണ്ട്. പൊലീസ് അസോസിയേഷൻ സമ്മേളനങ്ങളിൽ സിപിഎം നേതാക്കൾക്ക് പ്രാധാന്യം കിട്ടിയിരുന്നു. പല സമ്മേളനവും സിപിഎം ജില്ലാ സെക്രട്ടറിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് നടന്നത്. ഇതെല്ലാമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

പൊലീസ് അസോസിയേഷന്റെ ഔദ്യോഗിക ചിഹ്നം നീലയിൽ നിന്നു ചുവപ്പായി. 1980 മുതൽ അസോസിയേഷൻ ഔദ്യോഗികമായി ഉപയോഗിക്കുന്ന ചിഹ്നത്തിന്റെ നിറമാണു സംഘടന അംഗീകരിച്ച നിയമാവലിക്കു വിരുദ്ധമായി മാറ്റിയത്. നീല വൃത്തത്തിനകത്ത് ഒരു കയ്യിൽ ദീപശിഖയും മറുകയ്യിൽ നീതിയുടെ തുലാസുമേന്തി യൂണിഫോമിൽ നിൽക്കുന്ന പൊലീസുകാരന്റെ ചിത്രമാണ് അസോസിയേഷന്റെ ഭരണഘടനയിലുള്ളത്. മലബാർ സ്‌പെഷൽ പൊലീസിലെ ഉദ്യോഗസ്ഥൻ രൂപകൽപന ചെയ്തതാണിത്. എന്നാൽ ഏതാനുംനാൾ മുൻപു നീലനിറം മാറ്റി ചുവപ്പാക്കി. സംഘടനാ ഓഫിസിനു മുന്നിലെ ബോർഡിൽ പോലും നിറം ചുവപ്പാക്കി. ഇതെല്ലാം സംഘടന ചുവക്കുന്നതിന്റെ ലക്ഷണമാണെന്നാണ് വിലയിരുത്തൽ.

കോട്ടയത്ത് കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും സാന്നിധ്യത്തിൽ 50 ഉദ്യോഗസ്ഥർ ചുവന്ന വേഷത്തിൽ പ്രത്യേക ബ്ലോക്കായാണ് ഇരുന്നത്. രഹസ്യവിവരങ്ങൾ ശേഖരിക്കേണ്ട സ്‌പെഷൽ ബ്രാഞ്ചിലെ അഞ്ച് ഉദ്യോഗസ്ഥരും കൂട്ടത്തിലുണ്ടായിരുന്നു. ഇത് തീർത്തും അംഗീകരിക്കാനാവില്ല. സേനയ്ക്ക് രാഷ്ട്രീയ നിറം കൊടുക്കുന്നതിന് തുല്യമാണ് ഇത്. അസോസിയേഷന്റെ 28 ജില്ലാ സമ്മേളനങ്ങളിൽ 27 എണ്ണം പൂർത്തിയായി. നിരോധനാജ്ഞ ഉള്ളതിനാൽ കോഴിക്കോട് സിറ്റി സമ്മേളനം മാറ്റിവച്ചിരിക്കുകയാണ്. മിക്കയിടത്തും രക്തസാക്ഷി സ്തൂപത്തിൽ പുഷ്പചക്രം അർപ്പിച്ചു മുദ്രാവാക്യം വിളിച്ചായിരുന്നു തുടക്കം.

ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. പല സമ്മേളനങ്ങളിലും സിപിഎം നേതാക്കളെ പങ്കെടുപ്പിച്ചു. മുൻ മുഖ്യമന്ത്രിമാരെ പ്രതിനിധികൾ പേരെടുത്തു വിമർശിച്ചു. എന്നാൽ സംഘടനയ്ക്കു സർക്കാർ പിന്തുണയും ഭരണകക്ഷി അനുഭാവവും ഉള്ളതിനാൽ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഒന്നും ചെയ്യുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്റലിജൻസ് മുന്നറിയിപ്പ്. അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്നു വടകരയിൽ ആരംഭിക്കും. ഇതിന് മുന്നോടിയായാണ് ഈ ഇടപെടൽ. ഈ യോഗത്തിലും ഇന്റലിജൻസുകാരുടെ നിരീക്ഷണം ശക്തമായി ഉണ്ടാകും. ഐബിക്കാരും വടകരയിലെത്തും.

അതിനിടെ കേരള പൊലീസ് അസോസിയേഷനു രാഷ്ട്രീയ ചായ്‌വുകളില്ലെന്നും മുദ്രാവാക്യം മുഴക്കുന്നതു പൊലീസിലെ രക്തസാക്ഷികൾക്കു വേണ്ടിയാണെന്നും ജനറൽ സെക്രട്ടറി പി.ജി.അനിൽകുമാറിന്റെ വിശദീകരണം. പൊലീസിൽ ചേരുന്നതിനു മുൻപു പല രാഷ്ട്രീയ കാഴ്ചപ്പാടുകളുമുണ്ടാകും. എന്നാൽ സേനയുടെ ഭാഗമാകുന്നതോടെ സേവനത്തിൽ മാത്രമാകും ശ്രദ്ധ. രാഷ്ട്രീയ വേർതിരിവോടെ ആരെയും കാണാറില്ല. പൊലീസിൽ രാഷ്ട്രീയ അതിപ്രസരമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ റിപ്പോർട്ട് വന്നിരുന്നെങ്കിൽ മേലുദ്യോഗസ്ഥരിൽനിന്നു താക്കീത് ഉണ്ടാകുമായിരുന്നു.

രക്തസാക്ഷി അനുസ്മരണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു പൊലീസ് തലപ്പത്തുനിന്നോ സർക്കാരിൽനിന്നോ എതിർപ്പുണ്ടായിട്ടില്ല. മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്കു വേണ്ടിയല്ലാതെ ഒരു തരത്തിലുള്ള പണപ്പിരിവും അസോസിയേഷൻ നടത്താറില്ല. ജില്ലാ സമ്മേളനങ്ങളുടെ അതേ ചട്ടക്കൂട്ടിൽ തന്നെയാകും ഇന്നാരംഭിക്കുന്ന സംസ്ഥാന സമ്മേളനവും നടക്കുകയെന്നും അറിയിച്ചു.