- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ബാധിച്ചത് 1200 പേർക്ക്; ക്വാറന്റീനിലുള്ളത് 1000ൽ അധികം പേരും; സ്റ്റേഷൻ ഡ്യൂട്ടിയിലുള്ള 940 പേർക്കും വൈറസ് ബാധ; നിയന്ത്രണങ്ങൾ കർശനമാക്കാൻ ശക്തമായി ഇടപെടുമ്പോൾ സാമൂഹിക അകലം പാലിക്കലും അസാധ്യം; ഈ കൂട്ടരോട് നമുക്ക് കരുണ കാട്ടാം; മലയാളിയെ രക്ഷിച്ചെടുക്കാൻ യഥാർത്ഥ കോവിഡ് പോരാളികളായി പൊലീസ് മാറുമ്പോൾ
തിരുവനന്തപുരം: പൊലീസാണ് യഥാർത്ഥ കോവിഡ് പോരാളി. ഏറെ പ്രതിസന്ധികളെ മറികടന്നാണ് സേന മലയാളിയുടെ ജീവൻ രക്ഷിച്ചെടുക്കാനുള്ള പോരാട്ടം നടത്തുന്നത്. സ്വന്തം ജീവൻ പോലും പ്രതിസന്ധിയിലാക്കിയുള്ള ഇടപെടൽ. കോവിഡിനെ പിടിച്ചുകെട്ടാൻ ലോക്ഡൗൺ ഡ്യൂട്ടി ചെയ്യുന്ന പൊലീസ് സേനയിലും കോവിഡ് ബാധിതർ കൂടുകയാണ്. ഇത് ആശങ്കയുമാകുന്നു. നിലവിൽ 1200 പേരാണു കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ആയിരത്തോളം പേർ നിരീക്ഷണത്തിലും. അതോടെ പല സ്റ്റേഷനുകളിലും ആൾക്ഷാമമായി.
ഇതൊന്നും വകവയ്ക്കാതെ കൂടുതൽ പേർ ഇന്നും നിയന്ത്രണങ്ങൾ ശക്തമാക്കാൻ എത്തും. നിയന്ത്രണങ്ങൾ പാളിയാൽ രോഗ വ്യാപനം ഉറപ്പാണ്. ഈ സാഹചര്യത്തിൽ പൊലീസ് നടത്തുന്നത് സമാനതകളില്ലാത്ത സാമൂഹ്യ സേവനമാണ്. ആകെ 25,000 പൊലീസുകാരെയാണു ലോക്ഡൗൺ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. കോവിഡ് മുന്നണിപ്പോരാളികളായ ഇവരുടെ സുരക്ഷയുടെ കാര്യം പരിഗണിക്കുന്നില്ലെന്ന പരാതി സേനയിൽ വ്യാപകമാണ്. കോവിഡിന്റെ ഒന്നാം വരവു മുതൽ വിശ്രമമില്ലാത്ത ഡ്യൂട്ടിയാണ് പൊലീസുകാർക്ക്. രണ്ടാം തരംഗത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തിയതോടെ രാപകൽ റോഡിൽ ഡ്യൂട്ടി ചെയ്യുകയാണു പലരും.
കോവിഡ് സ്ഥിരീകരിച്ചവരിൽ 940 പേരും സ്റ്റേഷൻ ഡ്യൂട്ടിയുള്ളവരാണ്. നിരീക്ഷണത്തിലും കോവിഡനന്തര ചികിത്സയിലുമുള്ളവരെക്കൂടി കണക്കാക്കുമ്പോൾ ആകെ രണ്ടായിരത്തിൽപരം പൊലീസുകാർ ജോലിക്കു വരാൻ കഴിയാത്ത സ്ഥിതിയാണ്. ഇത് വലിയ പ്രതിസന്ധിയാണ്. പല സ്റ്റേഷനുകളുടേയും പ്രവർത്തനം പോലും പ്രതിസന്ധിയിലാണ്. അപ്പോഴും കഴിയുന്നത്ര ശക്തി സംഭരിച്ച് കോവിഡ് പോരാട്ടം തുടരുകയാണ് കേരളാ പൊലീസ്. ഈ സാഹചര്യത്തിൽ പൊലീസ് സേനാംഗങ്ങളുടെ ജോലിഭാരം കുറയ്ക്കാൻ ഷിഫ്റ്റ് രീതി കൊണ്ടുവരുന്നു. ലോക്ഡൗൺ തുടങ്ങിയതോടെ 16 മണിക്കൂർവരെയാണ് ഇവർ ജോലിചെയ്യേണ്ടിവരുന്നത്.
സേനാംഗങ്ങൾ കടുത്ത മാനസികസംഘർഷത്തിലാണെന്നും ജോലിഭാരം കുറയ്ക്കാൻ ഷിഫ്റ്റ് സമ്പ്രദായം കൊണ്ടുവരണമെന്നുമുള്ള പൊലീസ് സംഘടനകളുടെ ആവശ്യം പരിഗണിക്കുകയായിരുന്നു. എന്നാൽ സേനയിൽ കോവിഡ് പടരമ്പോൾ ഷിഫ്റ്റ് സമ്പ്രദായം മുമ്പോട്ട് കൊണ്ടു പോവുക വലിയ പ്രതിസന്ധിയാണ്. എല്ലാവരും വീട്ടിലിരുന്നാൽ മാത്രമേ ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പൊലീസിന് കഴിയൂവെന്നതാണ് വസ്തുത. കോവിഡ് പ്രതിരോധം നാടിന് വേണ്ടിയാണെന്ന തിരിച്ചറിവ് മലയാളിക്ക് ഉണ്ടായാൽ ഈ പ്രതിസന്ധി പരിഹരിക്കപ്പെടും.
ബറ്റാലിയനുകളിൽ നിന്നു കൂടുതൽ പേരെ ലോക്ഡൗൺ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാനാകാതെ ജോലി ചെയ്യുന്നതിനാൽ രോഗവ്യാപനം ഇനിയും കൂടുമെന്ന ആശങ്ക പൊലീസുകാർക്കുണ്ട്. രോഗബാധിതരുമായി ഇടപഴകിയവർക്കു ക്വാറന്റൈൻ അനുവദിക്കുക, മാസ്‌കും ഫെയ്‌സ് ഷീൽഡും ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു പൊലീസ് അസോസിയേഷൻ ഡിജിപിക്കു നിവേദനം നൽകി.സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കുമെന്നും പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
പ്രാദേശിക സാഹചര്യങ്ങളും ആവശ്യകതയും കൂടി കണക്കിലെടുത്താണു ഷിഫ്റ്റ് സംവിധാനം നടപ്പാക്കുക. പൊലീസുകാർക്ക് സാനിറ്റൈസർ, മാസ്‌ക് എന്നിവ ആരോഗ്യ വകുപ്പിൽ നിന്ന് അനുവദിക്കും. ലോക്ഡൗൺ ഡ്യൂട്ടിയിലുള്ളവർ നിയോഗിച്ച സ്ഥലങ്ങളിൽ നേരിട്ട് എത്തണം, പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യരുത്. ഇവർക്കു കഴിവതും വീടിനടുത്തുള്ള സ്റ്റേഷനുകളിൽ ഡ്യൂട്ടി നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഒരു ദിവസത്തെ ജോലി മൂന്ന് ഷിഫ്റ്റുകളാക്കുന്നതുൾപ്പെടെ നിർദ്ദേശിച്ചുള്ള സന്ദേശം ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകിയിട്ടുണ്ട്. പുതിയ സംവിധാനത്തിൽ ഉദ്യോഗസ്ഥർക്ക് സ്റ്റേഷൻ ഇതര ഡ്യൂട്ടികൾക്ക് താമസസ്ഥലത്തുനിന്ന് നേരെ ജോലിസ്ഥലത്തേക്കെത്താം. ദൂരെ താമസിക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ താമസസ്ഥലത്തിനോടു ചേർന്നുള്ള പൊലീസ് സ്റ്റേഷനിൽ താത്കാലികമായി അറ്റാച്ച്ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചിട്ടുണ്ട്.
കോവിഡ് അനുബന്ധജോലിക്കുള്ള യാത്രകൾക്ക് ഓരോ സ്റ്റേഷനുകളിലെയും പൊലീസ് ഉദ്യോഗസ്ഥർക്ക് സ്വന്തം വാഹനം ഉപയോഗിക്കേണ്ടിവരാറുണ്ട്. ഇവയുടെ ഇന്ധനത്തിനുള്ള തുക പൊലീസുകാരുടെ കൈയിൽനിന്നാണ് പോവുന്നത്. ഈ ഇന്ധനച്ചെലവ് അഡ്വാൻസായോ പ്രത്യേക ലോഗ് ബുക്കിന്റെ അടിസ്ഥാനത്തിലോ അനുവദിക്കണമെന്ന ആവശ്യവും പരിഗണനയിലാണ്. ഗർഭിണികളോ രോഗബാധിതരോ ആയവരെ തത്കാലം മാറ്റിനിർത്തണമെന്ന ആവശ്യവുമുണ്ട്. ഈ വിഷയങ്ങൾക്കുകൂടി പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.
മറുനാടന് മലയാളി ബ്യൂറോ