കണ്ണൂർ: സംസ്ഥാന പൊലിസ് സേനയുടെ സ്വന്തം സേതുരാമയ്യർ ഡിവൈ.എസ്‌പി കെ.എം ദേവസ്യ പൊലീസ് കുപ്പായം അഴിച്ചുവെച്ചു. മികച്ച കുറ്റാന്വേഷകനെന്ന് പേരെടുത്ത ചുരുക്കം ചില പൊലീസുദ്യോഗസ്ഥന്മാരിൽ ഒരാളാണ് ഇദ്ദേഹം. 152 തവണ വകുപ്പിന്റെ ഗുഡ്‌സ് സർവ്വീസ് എൻട്രി നേടുകയെന്ന അപൂർവ്വ റെക്കോർഡിന്റെ ഉടമയാണ്. ഒരുപക്ഷേ, കേരള പൊലീസിന്റെ ചരിത്രത്തിൽ ഒരു ഓഫീസർക്ക് ഇത്രയധികം മികച്ച സർവ്വീസിനുള്ള ബഹുമതി കിട്ടിയ മറ്റാരെങ്കിലുമുണ്ടോയെന്ന് സംശയമാണ്. അഴിമതിയുടെ കറ പുരളാതെ ഇത്രകാലം സർവ്വീസിൽ ഇരിക്കുകയെന്നതും അപൂർവ്വങ്ങളിൽ അപൂർവ്വമാണ്.

കുറ്റാന്വേഷണ മികവിലും ക്രമസമാധാന പാലനത്തിലും ശ്രദ്ധേയനായ ദേവസ്യ ആലത്തൂർ ഡിവൈ. എസ്‌പി ആയിരിക്കെയാണ് സർവിസിൽനിന്ന് പടിയിറങ്ങിയത്. 1993-ൽ പൊലീസിൽ ചേർന്ന അദ്ദേഹം 2003-ൽ സബ് ഇൻസ്‌പെക്ടറായി. സി .ഐ ആയ ശേഷം വിവിധ ജില്ല കളിൽ സേവനം ചെയ്തു. ആലത്തൂരിനു പുറമെ മാനന്തവാടി, കൽപ്പറ്റ, അഗളി, പെരിന്തൽമണ്ണ എന്നിവിടങ്ങളിലും ഡിവൈഎസ്‌പി.യായിരുന്നു.

152 തവണ വകുപ്പിന്റെ ഗുഡ് സർവിസ്-എൻ ട്രിനേടിയിട്ടുണ്ട്. 2011ൽ മുഖ്യമന്ത്രിയുടെ മെഡൽ, 2012ൽ കുറ്റാന്വേഷണ മികവിന് സംസ്ഥാന പൊലിസിന്റെ ബാഡ്ജ് ഓഫ് ഓണർ, ഉത്സവമിത്ര പുരസ്‌കാരം, 2019ൽ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കുറ്റാന്വേഷണ മികവിനുള്ള പുരസ്‌കാരം, 2020ൽ ക്രമസമാധാനപാലനത്തിന് സംസ്ഥാന പൊലിസിന്റെ ബാഡ്ജ് ഓഫ് ഓണർ, 2021ൽ കേന്ദ്രസർക്കാരിന്റെ അതിഉത്കൃഷ്ഠസേവാ പദക് എന്നിവ നേടി.

80ലധികം കൊലപാതകക്കേസുകൾ അന്വേഷിക്കുകയും പ്രതികളെ കണ്ടെത്തുകയും ചെയ്തു. 34 കൊലപാതകക്കേസുകളിൽ സ്വന്തമായി കുറ്റപത്രം തയാറാക്കി. നൂറിലധികം മോഷണക്കേസുകൾ തെളിയിച്ചു എന്നിങ്ങനെയുള്ള മികവിന്റെ സാക്ഷ്യപത്രങ്ങളുമായാണ് ദേവസ്യ സർവിസിൽ നിന്ന് വിരമിച്ചത്.

മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോലകൊമ്പേരിയിൽ മാണിയുടെയും മറിയാമ്മയുടെ യും മകനാണ്. ഭാര്യ: കുഞ്ഞു മോൾ. മക്കൾ: ദീപു, ദീപ്തി, ദിവ്യ. മരുമക്കൾ: ജിതിൻ, അനു മോൾ.