- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴി തടഞ്ഞ റിട്ടയേർഡ് എസ്‌പിയുടെ മകൻ അനേകം വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച് വൺവേയിലൂടെ പാഞ്ഞു; അറസ്റ്റ് ചെയ്യാൻ വീട്ടിൽ എത്തിയപ്പോൾ വടിവാൾ വീശി എസ്ഐക്കും നേരെ ആക്രമണം; പൊലീസ് പമ്മിനിൽക്കവേ പിൻവാതിൽ തുറന്ന് രക്ഷപെടലും
തിരുവനന്തപുരം: സിനിമകളിൽ വില്ലന്മാർ രക്ഷപെടുന്ന രംഗങ്ങൾ മലയാളികൾ ധാരാളം കണ്ടിട്ടുണ്ട്. എന്നാൽ ഇങ്ങനെയുള്ള സിനിമാരംഗങ്ങളെയും വെല്ലുന്ന രംഗമാണ് ഇന്നലെ തിരുവനന്തപുരം നഗരത്തിൽ അരങ്ങേറിയത്. സിനിമക്കഥയെ വെല്ലുന്ന ഈ സംഭവത്തിലെ വില്ലനാകട്ടെ ഒരു റിട്ടയേഡ് എസ്‌പിയുടെ മകനും. മൂന്ന് മണിക്കൂർ നീണ്ടു നിന്ന നാടകീയ സംഭവങ്ങൾക്കൊടുവിൽ അമ്പത
തിരുവനന്തപുരം: സിനിമകളിൽ വില്ലന്മാർ രക്ഷപെടുന്ന രംഗങ്ങൾ മലയാളികൾ ധാരാളം കണ്ടിട്ടുണ്ട്. എന്നാൽ ഇങ്ങനെയുള്ള സിനിമാരംഗങ്ങളെയും വെല്ലുന്ന രംഗമാണ് ഇന്നലെ തിരുവനന്തപുരം നഗരത്തിൽ അരങ്ങേറിയത്. സിനിമക്കഥയെ വെല്ലുന്ന ഈ സംഭവത്തിലെ വില്ലനാകട്ടെ ഒരു റിട്ടയേഡ് എസ്‌പിയുടെ മകനും. മൂന്ന് മണിക്കൂർ നീണ്ടു നിന്ന നാടകീയ സംഭവങ്ങൾക്കൊടുവിൽ അമ്പതോളം പൊലീസുകാരെ കബളിപ്പിച്ച് 30കാരനായ യുവാവ് രക്ഷപെട്ടുവെന്നത് പൊലീസിന് തന്നെ നാണക്കേടായി.
റിട്ട. എസ്‌പി കെ.പി. ബാലചന്ദ്രന്റെ മകൻ നിഖിൽ ബാലചന്ദ്രനാണു (30) പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. നിഖിലിനെ പിടിക്കാൻ പൊലീസ് നടത്തിയ ശ്മരങ്ങളുടെ ഭാഗമായി നഗരത്തിൽ അങ്ങോട്ടും ഇങ്ങോട്ടും പൊലീസ് വാഹനം ചീറിപ്പാഞ്ഞു. ഇതിനിടെ വൺവേയിലൂടെ വാഹനവുമായി മുങ്ങാൻ മകന്റെ ശ്രമവും, വടിവാൾ മാതാവിന്റെ കഴുത്തിൽവച്ച് വധിക്കുമെന്ന ഭീഷണിയും മുഴക്കി. ഇങ്ങനെ സിനിമ തോറ്റുപോകുന്ന രംഗങ്ങൾക്കൊടുവിലാണ് യുവാവ് രക്ഷപെട്ടത്.
വധശ്രമമുൾപ്പെടെ മൂന്ന് കേസുകളിലെ പ്രതിയായ നിഖിലിനെ പിടികൂടാൻ പൊലീസ് ആറുമണിക്കൂർ മരണപ്പാച്ചിലാണ് നടത്തിയത്. ഇയാളെ രക്ഷിക്കാൻ സഹായിച്ച ബന്ധുക്കൾക്കെതിരേ പേരൂർക്കട പൊലീസ് കേസെടുത്തു. കേസുകളിൽ ജാമ്യമെടുക്കാത്ത നിഖിൽ മുങ്ങിനടക്കുകയായിരുന്നു. ബംഗളുരുവിൽ പോയ പ്രതി മൂന്നുമാസം മുമ്പു നഗരത്തിലെത്തിയപ്പോൾ പെൺകുട്ടിയെ അസഭ്യം പറയുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തിരുന്നു. തുടർന്ന് ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കി. ഞായറാഴ്ച നിഖിൽ തലസ്ഥാനത്തെത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസ് പിന്തുടർന്നു.
മ്യൂസിയം എസ്‌ഐ ശ്രീകാന്തിന്റെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ. ഇയാളുടെ കാറിന്റെ റജിസ്‌ട്രേഷൻ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പട്ടം-മലപ്പാലം റോഡിൽ ഉച്ചയ്ക്കു പ്രതി കാറിൽ പോകുന്നതായി മനസ്സിലായി. കെ.എൽ.01.എ.വൈ. 7805 നമ്പർ വെളുത്ത സ്‌കോർപിയോ കാറിൽ പ്രതി പട്ടത്തെത്തിയപ്പോൾ പൊലീസ് തടഞ്ഞു.
അവിടെ എത്തിയ പൊലീസ് സംഘത്തെ കണ്ടു നിഖിൽ കാറിൽ തെറ്റായ ദിശയിലൂടെ അമിത വേഗത്തിൽ പാഞ്ഞു. ഒട്ടേറെ വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചശേഷം ഇയാൾ കടന്നു. പിന്തുടർന്നെത്തിയ പൊലീസ്, കാർ കവടിയാർ ഗോൾഫ് ലിങ്ക്‌സിനു സമീപം ഉപേക്ഷിച്ചതു കണ്ടെത്തി. കവടിയാർ കുറവൻകോണം റോഡിലെ വീട്ടിലേക്ക് ഓട്ടോയിൽ പോയി. വീട് പേരൂർക്കട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ളതിനാൽ പേരൂർക്കട സിഐ സുരേഷ്ബാബു. എസ്‌ഐ സൈജുനാഥ് എന്നിവരുടെ നേതൃത്വത്തിലും പൊലീസ് സംഘമെത്തി.
ഇവർ വീട്ടിലെത്തിയതോടെ പ്രതി രണ്ടു വാളുമായി ചാടിവീണു ഭീഷണിപ്പെടുത്തി. ജനൽച്ചില്ല് അടിച്ചുതകർത്തു പൊലീസിനു നേരെ എറിയുകയും ചെയ്തു. എസ്‌ഐമാരായ സൈജുനാഥിനും ശ്രീകാന്തിനും ഏറിൽ പരുക്കേറ്റു. തുടർന്നു നിഖിൽ എയർഗൺ ഉയർത്തി. മകനോടു കീഴടങ്ങാൻ പിതാവ് ബാലചന്ദ്രൻ പലവട്ടം പറഞ്ഞെങ്കിലും നിഖിൽ അക്രമം തുടർന്നു. ഇയാളെ അറസ്റ്റ് ചെയ്താൽ തങ്ങൾ ജീവനൊടുക്കുമെന്നു വീട്ടിലുണ്ടായിരുന്ന ബന്ധുക്കൾ ഇതിനിടെ ഭീഷണി മുഴക്കി. അതോടെ സംഘർഷം മുറുകി.
ഇതിനിടെ നിഖിൽ മാതാവിന്റെ കഴുത്തിൽ വാൾ പിടിച്ചിരിക്കുകയാണെന്നും അകത്തുകടന്നാൽ അമ്മയെ വധിക്കുമെന്നും ബന്ധുക്കൾ പൊലീസിനോട് വിളിച്ചു പറഞ്ഞു. മകനു മാനസികപ്രശ്‌നങ്ങളുണ്ടെന്നും അയാളെ പിടികൂടാൻ സഹായിക്കാമെന്നും പിതാവ് ബാലചന്ദ്രൻ പൊലീസിനോട് പറഞ്ഞു.
ഇതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വീട്ടുകാരുമായി ചർച്ച നടത്തി. രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ ഇവരുടെ അഭിഭാഷൻ വീടിലെത്തി ബന്ധുക്കളുമായി സംസാരിച്ചു. ഇതിനിടെ വീടിന്റെ പിൻഭാഗത്തെ ജനൽ തകർത്തു നിഖിൽ പുറത്തേക്കു കടന്നു. വീട്ടുകാർ പ്രതിക്കു രക്ഷപ്പെടാനുള്ള ഒത്താശ ചെയ്യുകയാണെന്നു ബോധ്യമായ പൊലീസ് മുകൾ നിലയിലെ വാതിൽ പൊളിച്ച് അകത്തുകടന്നെങ്കിലും പിടികൂടാനായില്ല.
ഇവിടെ നിന്നും വാൾ കണ്ടെടുത്തു. എന്നാൽ, മകനെ രക്ഷിക്കാൻ ശ്രമിച്ചിട്ടില്ലെന്നു കെ.പി. ബാലചന്ദ്രൻ പറയുന്നു. കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാൻ മകനെ അനുനയിപ്പിച്ച് പൊലീസിനൊപ്പം വിടാനാണു ശ്രമിച്ചത്. ഇതിനിടെ തങ്ങളെയും വെട്ടിച്ചു മകൻ കടന്നുകളഞ്ഞെന്നും ബാലചന്ദ്രൻ പറഞ്ഞു. തുടർന്ന്, നഗത്തിലെ വിവിധ സ്‌റ്റേഷനുകളുടെയും ട്രാഫിക് പൊലീസിന്റെയും സഹായത്തോടെ തെരച്ചിൽ നടത്തി. പ്രതി സംസ്ഥാനം വിട്ടുപോകാതിരിക്കാൻ റെയിൽവേ സ്‌റ്റേഷനിലും പ്രത്യേക പരിശോധന നടത്തുന്നുണ്ടെന്നു പൊലീസ് പറഞ്ഞു.