- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കുന്ന പൊലീസിന് കാണുന്നവരെല്ലാം മാവോയിസ്റ്റുകൾ; ജീവിത സമരത്തിനിറങ്ങുന്നവരെല്ലാം അടിച്ചമർത്തപ്പെട്ടാൽ ക്വാറിമാഫിയയ്ക്കും സന്തോഷം; പിടിയിലാകുന്നവരിൽ നിരപരാധികളെത്ര പേർ?
കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ കള്ളനാക്കി പിടികൂടുന്ന കേരള പൊലീസിന്റെ പ്രാഗൽഭ്യത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഒരു കഥയുണ്ട്. കാട്ടിൽനിന്ന് പുലിയെ പിടികൂടാൻ ഒരിക്കൽ ചെന്നൈ, മുംബൈ, കേരള പൊലീസുകാർക്ക് ഊഴമിട്ട് ചുമതല നൽകി. ചെന്നൈ, മുംബൈ പൊലീസുകാർ കാടു മുഴുവൻ അരിച്ചുപെറുക്കിയിട്ടും പുലിയെ കിട്ടാതെ വെറുംകൈയോടെ മടങ്ങി. എന്നാൽ പുല
കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ കള്ളനാക്കി പിടികൂടുന്ന കേരള പൊലീസിന്റെ പ്രാഗൽഭ്യത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഒരു കഥയുണ്ട്. കാട്ടിൽനിന്ന് പുലിയെ പിടികൂടാൻ ഒരിക്കൽ ചെന്നൈ, മുംബൈ, കേരള പൊലീസുകാർക്ക് ഊഴമിട്ട് ചുമതല നൽകി. ചെന്നൈ, മുംബൈ പൊലീസുകാർ കാടു മുഴുവൻ അരിച്ചുപെറുക്കിയിട്ടും പുലിയെ കിട്ടാതെ വെറുംകൈയോടെ മടങ്ങി. എന്നാൽ പുലിയെ തേടി കാട്ടിൽ പോയ കേരള പൊലീസുകാർ സമയമേറെ കഴിഞ്ഞിട്ടും തിരിച്ചുവരുന്നില്ല. ഇതേതുടർന്ന് ഇവരെ തിരഞ്ഞ് കാട്ടിലേക്ക് പോയവർക്ക് കാണാൻ കഴിഞ്ഞത് വിചിത്രമായ കാഴ്ചയാണ്. ഒരു എലിയെ പിടിച്ച് മരത്തിൽ കെട്ടി കേരള പൊലീസുകാർ അടിയോടടിയാണ്.... ''പറയെടാ... ഞാൻ പുലിയാണെന്നു പറയെടാാാാ...''- എന്നാണ് കേരള പൊലീസിന്റെ ആക്രോശം...!!!!
ഏകദേശം ഇതേ രീതിയിലാണ് കേരള പൊലീസിന്റെ മാവോയിസ്റ്റ് വേട്ട ഇപ്പോൾ. മവോയിസ്റ്റുകൾ കാട്ടിൽ തമ്പടിച്ചിരിക്കുകയാണെന്നായിരുന്നു ആദ്യ പ്രഖ്യാപനം. കാടിളക്കി ഉണ്ടയില്ലാ വെടിവച്ച് കോളനികൾ അരിച്ചുപെറുക്കി 'ഇപ്പോ പിടിക്കും...' എന്ന മട്ടിൽ ഉഴറി നടന്നിട്ടും പേരിനുപോലും ഒന്നിനെയും കിട്ടിയില്ല. വിദഗ്ധ പരിശീലനം നേടിയവരെന്ന് അവകാശപ്പെടുന്ന തണ്ടർബോൾട്ടും, ജീവിതത്തിൽ ഒന്ന് ഓടിയ കാലം മറന്ന കുംഭ ചാടിയ ഏമാന്മാരും എല്ലാവരും കാട്ടിലിരുന്നു കിതച്ചുവെന്നല്ലാതെ മാവോയിസ്റ്റ് പോയിട്ട് മ്യാവോയിസ്റ്റിനെ പോലും കണ്ടുകിട്ടിയില്ല.
കേരള പൊലീസാണ്... എലിയെ പുലിയാക്കുന്ന വിദഗ്ധന്മാർ.... എന്നിട്ടും ഒരു മാവോയിസ്റ്റിനേയും പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ അതു നാണക്കേടല്ലേ....? അങ്ങനെയെങ്കിൽ മാവോയിസ്റ്റുകളെ നാട്ടിൽ തന്നെ രൂപപ്പെടുത്തി അറസ്റ്റ്‌ചെയ്യുകയാണ് ഉചിതമെന്ന് ഏതുപൊലീസ് തലയിലാണ് ആദ്യബുദ്ധി ഉദിച്ചതെന്ന് അറിയില്ല. എന്തായാലും ഇപ്പോൾ നടപ്പാക്കുന്നത് ഇത്തരമൊരു കൗശലമാണെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആരോപണം. മാവോയിസ്റ്റാക്കി മുദ്രകുത്തിയാൽ ആരേയും പിടിച്ച് അകത്തിടാൻ സാധിക്കുന്ന അവസ്ഥ. നിയമത്തിന്റെ നൂലാമാലകൾ അഴിച്ചെടുക്കുന്ന വക്കീലുമാർ പോലും മാവോയിസ്റ്റുകളായി അഴിക്കകത്ത് കിടക്കുമ്പോൾ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ...? എന്തായാലും സോഷ്യൽ മീഡിയായിൽ വലിയ വായിൽ വീമ്പിളക്കുന്ന ആക്ടിവിസ്റ്റുകൾ ഇപ്പോൾ അൽപ്പമൊന്ന് പേടിച്ച മട്ടാണ്. നാളെ ഞങ്ങളുടെ നേർക്കും കൈയാമം നീണ്ടുവരുമെന്ന വേവലാതി പൊതുവെ പ്രകടം.
രാജേഷിന്റെ ദുരനുഭവം
മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശിയായ രാജേഷ് എന്ന ആദിവാസി യുവാവ് ഇപ്പോൾ ജയിലിലാണ്. പത്താംതരത്തിൽ തോറ്റ് പഠനം നിർത്തി, പ്രായാധിക്യത്താൽ തളർന്നു കിടപ്പായ മാതാപിതാക്കളേയും തനിക്ക് താഴെയുള്ള രണ്ടുപെൺകുട്ടികൾ അടക്കമുള്ള സഹോദരങ്ങളേയും സംരക്ഷിക്കേണ്ട ബാധ്യതയിൽ വാർക്കപ്പണിക്കു പോകുന്ന രാജേഷ്. നാട്ടുകാർക്ക് സാധാരണക്കാരിൽ സാധാരണക്കാരനായ ആദിവാസി യുവാവാണ് രാജേഷെങ്കിൽ പൊലീസിന് ഇയാൾ ഭീകരനാണ്. വെറും ഭീകരനല്ല. പീപ്പിൾസ് ലിബറേഷൻ ആർമി ഗറില്ലാ ഓഫ് സിപിഐ മാവോയിസ്റ്റിന്റെ ഉന്നത നേതാവായ ഭീകരൻ...!!!
കാര്യം വളരെ നിസാരമാണ്. മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ മലനിരയായ ചെക്കുന്നമല മണ്ണ് -ക്വാറി മാഫിയ ഇടിച്ചുനിരത്താൻ തുടങ്ങിയിട്ട് നാളുകളായി. ഇതോടെ പ്രദേശത്ത് കുടിവെള്ളമില്ലാതായി. ആദിവാസികളുടെ തനതായ വഴിത്താരകൾ കൈയടക്കി ലോറികൾ കുതിച്ചു പാഞ്ഞു. രാജേഷിന്റെ അടക്കമുള്ള കൂരകൾ ഇടിച്ചുനിരത്തലിന്റെ പ്രകമ്പനത്തിൽ ആടിയുലഞ്ഞു. ഒരു രക്ഷയുമില്ലാത്ത അവസ്ഥയിൽ ഇതിനെതിരേ രാജേഷ് അടക്കമുള്ളവർ രംഗത്തിറങ്ങി. വഴിത്താരയിലൂടെ കുതിച്ചുപായുന്ന ലോറികൾ തടഞ്ഞു. ക്വാറിക്കെതിരേ സമാധാനപരമായി സമരംചെയ്തു.
അപ്പോഴൊക്കെയും ക്വാറി- മണ്ണ് മാഫിയയുടെ തലവന്മാർ പൊലീസിനേയും ഉദ്യോഗസ്ഥരേയും സ്വാധീനിച്ച് ബിസിനസ് നിർബാധം തുടർന്നു. മാവോയിസ്റ്റാക്കി ജയിലിന് അകത്തിടുമെന്ന് അപ്പോഴൊക്കെയും ക്വാറി മുതലാളിമാർ രാജേഷിനെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. എങ്കിലും ജനിച്ച മണ്ണിൽ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാനായി രാജേഷ് ആദിവാസികളെ ഒപ്പം നിർത്തി പൊരുതിക്കൊണ്ടിരുന്നു. ഒപ്പം തന്നെ വാർക്കപ്പണിക്ക് പോയി കുടുംബം പുലർത്തുകയും ചെയ്തു. ഇതോടൊപ്പം മുഖ്യമന്ത്രിക്കും മറ്റ് അധികൃതർക്കും പരാതി നൽകിക്കൊണ്ടിരുന്നു. എന്നാൽ രാജേഷിന്റെ നേതൃത്വത്തിൽ നൽകിയ പരാതികൾക്കെല്ലാം സ്ഥാനം ചവറ്റുകൊട്ടയിലുമായി.
അവസാനം കഴിഞ്ഞ ജനുവരി 30ന് രാജേഷ് എസ്‌പി അടക്കമുള്ളവർക്ക് 'മംഗ്ലീഷിൽ' ഒരു കത്ത് ഇ-മെയിൽ ചെയ്തു. ഒരു കമ്പ്യൂട്ടർ സെന്ററിൽ പോയിരുന്ന് മെയിൽ ചെയ്യുന്ന വിധം മനസിലാക്കിയാണ് സന്ദേശമയച്ചത്. ഇത്തരത്തിൽ സന്ദേശമയച്ചാൽ ഉടൻ പരിഗണിക്കുമെന്ന് ആരോ പറഞ്ഞതനുസരിച്ചാണ് രാജേഷ് ഇതു ചെയ്തത്. ഇങ്ങനെയാണ് പോക്കെങ്കിൽ ചെക്കുന്നമല ഉടൻ തന്നെ ഇല്ലാതാകുമെന്നും അനേകം കുടുംബങ്ങളും മൃഗങ്ങളും പക്ഷികളും നശിക്കുമെന്നും ഇതിനെതിരേ അധികൃതർ നടപടിയെടുത്തില്ലെങ്കിൽ മാവോയിസ്റ്റുകൾ കോളനിയിലും നാട്ടിലും എല്ലാം ആധിപത്യം നേടുമെന്നുമായിരുന്നു സന്ദേശത്തിന്റെ ചുരുക്കം.
പരിസ്ഥിതി നാശത്തെക്കുറിച്ചുള്ള മുന്നറിയിപ്പെല്ലാം തള്ളിയ പൊലീസ് ഏമാന്മാർ മാവോയിസ്റ്റ് എന്ന വാക്കിൽ മാത്രം കയറിപ്പിടിച്ചു. കിമ്പളം നൽകുന്ന ക്വാറി ഉടമകളെ സന്തോഷിപ്പിക്കാനുള്ള ഒരവസരം കൂടിയായി ഈ സന്ദേശത്തെ പൊലീസ് കണക്കിലെടുത്തു. ആരോരുമറിയാതെ പൊലീസ് രാജേഷിനെ പൊക്കി. കോടതിയിൽ പോലും ഹാജരാക്കാതെ രഹസ്യകേന്ദ്രത്തിൽ വച്ച് ക്രൂരമായി മർദ്ദിച്ചു. മാവോയിസ്റ്റ് നേതാവാണ് താനെന്നും ഇതുവരെ നടന്ന ആക്രമണങ്ങൾക്കെല്ലാം ഉത്തരവാദി താനാണെന്നും സമ്മതിക്കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. രാജേഷിന്റെ പേരിൽ യു.എ.പി.എ വകുപ്പും ചുമത്തി.
ദിവസങ്ങൾക്ക് ശേഷമാണ് രാജേഷിനെ കോടതിയിൽ ഹാജരാക്കിയത്. എന്നാൽ ഈ സമയം പൊലീസ് യു.എ.പി.എ ഒഴിവാക്കി ഐ.ടി ആക്ട് 66(എ) പ്രകാരമാണ് കേസെടുത്തത്. ഈ വകുപ്പുപ്രകാരമുള്ള കേസ് നിലനിൽക്കില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയതൊന്നും പൊലീസിന് പ്രശ്‌നമല്ല. ഇത്തരത്തിൽ കോടതിയിൽ പോലും ഹാജരാക്കാതെ പൊലീസ് പീഡനത്തിന് ഇരയാകുന്ന പത്തോളം പേരുണ്ടെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുടെ കണക്ക്.
നാട്ടുകാരെ അമ്പരിപ്പിച്ച ജോസ്
കൊച്ചിയിലെ നീറ്റ ജലാറ്റിൻ കമ്പനിക്കെതിരേ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ മലയോരമേഖലയായ കേളകത്തുനിന്ന് ജോസ് എന്ന കുടുംബനാഥനെ പൊക്കിയപ്പോൾ നാട് ഒന്നടങ്കം അമ്പരന്നു. അവരിൽ ഒരാളായി, വളരെ സാധാരണക്കാരനായി ജീവിച്ചുപോന്ന ജോസ് ഒരു മാവോയിസ്റ്റ് ആണെന്ന് അംഗീകരിക്കാൻ അവർക്ക് ആവില്ലായിരുന്നു.
കേളകം പൊയ്യമലയിലാണ് ജോസിന്റെ താമസം. ഇന്നോളം ജോസ് ഒരു രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിച്ചതായി നാട്ടുകാർക്ക് അറിവില്ല. പക്ഷേ, എല്ലാ രാഷ്ട്രീയക്കാരേയും ജോസ് നിശിതമായി വിമർശിക്കും. പീടികക്കോലായിലും നാട്ടുകവലയിലുമെല്ലാം ഇരുന്ന് ഇങ്ങനെ ജോസ് പറഞ്ഞുകൊണ്ടിരിക്കും. നല്ലൊരു സംഭാഷണപ്രിയനാണ് ജോസ്. ഇത്തരം വിമർശനങ്ങളിൽ അസ്വസ്ഥരായ ഏതെങ്കിലും രാഷ്ട്രീയക്കാരാണോ ജോസിനെ മാവോയിസ്റ്റാക്കി മുദ്രകുത്തി ജയിലിൽ അടപ്പിക്കാൻ ചരടുവലി നടത്തിയതെന്ന് നാട്ടുകാർ സംശയിക്കുന്നുണ്ട്.
മുമ്പ് ചാരായഷാപ്പിലെ തൊഴിലാളിയായിരുന്നു ജോസ്. ചാരായനിരോധനത്തോടെ ആ മേഖല വിട്ട് ജീവിക്കാനായി അൽപ്പസ്വൽപ്പം റിയൽ എസ്‌റ്റേറ്റ് ബിസിനസുമൊക്കെയായി കഴിഞ്ഞുവരുമ്പോഴാണ് മാവോയിസ്റ്റ് എന്ന പേരിൽ അകത്താകുന്നത്. മലയോരമേഖലയിൽ പേരാവൂരിൽ അടുത്തിടെ ക്വാറിക്ക് നേരെ ആക്രമണം നടന്നിരുന്നു. എന്നാൽ ഇതിൽ ഒരാളേയും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല.
ഈ സംഭവം വരെ കാട്ടിൽ തെരച്ചിൽ നടത്തിയിരുന്ന പൊലീസ് ഇതോടെ കാട്ടിലും തെരച്ചിലും അവസാനിപ്പിച്ചു...! ഈ സംഭവങ്ങളിലൊന്നും ജോസിന്റെ പേര് പൊലീസ് പറഞ്ഞുകേട്ടിട്ടില്ല. ഇനി പിടിയിലായ സാഹചര്യത്തിൽ മലയോരത്തെ മാവോയിസ്റ്റ് ആക്രമണത്തിന്റെയെല്ലാം മൊത്തക്കച്ചവടക്കാരൻ ജോസ് ആയി മാറുമോയെന്ന് ആശങ്കയിലാണ് നാട്ടുകാർ
പത്രസമ്മേളനത്തിനിടയിലെ അറസ്റ്റ്
കളമശേരി ടോൾ പ്ലാസാ ഓഫീസ് ആക്രമിച്ച കേസിലും നാട്ടിൽ പതിവുജീവിതം നയിക്കുന്ന രണ്ടു പേർ അറസ്റ്റിലായി. ഇരുവരും ദിവസങ്ങളായി ജയിലിലാണ്. കോഴിക്കോട് പത്രസമ്മേളനം നടത്തിക്കൊണ്ടിരിക്കെ പത്രലേഖകരുടെ വേഷത്തിലെത്തിയായിരുന്നു അറസ്റ്റ്. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. തുഷാർ നിർമൽ പാർഥസാരഥിയെയും സർക്കാർ ഉദ്യോഗസ്ഥനായ ജയിംസ് കൂപ്പറെയുമാണു പിടിച്ചു ജയിലിലിട്ടിരിക്കുന്നത്. നീറ്റാ ജലാറ്റിൻ കേസും ഇവരുടെ തലയിൽ ചാർത്തിയിട്ടുണ്ട്, ഏതായാലും മിനക്കെടുകയല്ലേയെന്ന്. ഇനി അവർ പുറത്തിറങ്ങുന്ന കാലത്തു വേണമെങ്കിൽ നിരപരാധിത്വം തെളിയിക്കാം.
ഏതായാലും കേരളത്തിലെ ക്വാറി മാഫിയകൾക്കു സന്തോഷമായി. അവരുടെ കണ്ണിലെ കരടുകളെയാണു മാവോയിസ്റ്റ് വേട്ടയുടെ പേരിൽ പൊലീസ് നോട്ടമിട്ടിരിക്കുന്നത്. കൂടുതൽ പ്രശ്‌നമുണ്ടാക്കുന്നവരുടെ വീട്ടിൽ കൊണ്ടുപോയി മാവോ ലഘുലേഖയിട്ടാൽ പൊലീസിന് അതുമതി, കുറെക്കാലത്തേക്ക് അവർക്ക് അഴിയെണ്ണാം.
ഓരോ നാട്ടിമ്പുറത്തും അനധികൃതമായി നടത്തുന്ന ക്വാറികൾക്കെതിരേ രംഗത്തിറങ്ങുന്നതു അവിടത്തെ സാധാരണക്കാരാണ്.സ്വന്തം വീട് തകർന്നു വീഴുന്നതു ഭയന്നും മറ്റുമാണ് അവർ പ്രക്ഷോഭത്തിനിറങ്ങുന്നത്. അവരെ സംബന്ധിച്ചിടത്തോളം ജീവിതസമരം. പല നാടുകളിലായതിനാൽ അവർ സംഘടിതരല്ല, ഒരു രാഷ്ട്രീയപാർട്ടിയും അവർക്കു വേണ്ടി പിന്തുണയുമായെത്താറില്ല. അതുകൊണ്ട് അവരെ മാവോയിസ്റ്റാക്കി മുദ്രകുത്തിയാൽ പൊലീസിന് അധികം കാടിളക്കേണ്ടി വരില്ല, ക്വാറിമാഫിയയ്ക്കു സുഗമമായി ലക്ഷ്യം കാണുകയുമാവാം.