- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർവ്വീസ് ജീവിതം നിരുത്തരവാദിത്വത്തോടെ വിളിച്ചു പറയുന്നു; ഒരു വനിതാ എസ്ഐയോട് ഒരു ഡിഐജി മോശമായി പെരുമാറിയിട്ട് മാഡം എന്തു നടപടി എടുത്തു? മുൻ ഡിജിപിയുടെ അഭിപ്രായങ്ങളിൽ നിറയുന്നത് ദുർബലത; ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ പൊലീസ് അസോസിയേഷൻ
തിരുവനന്തപുരം: കേരളാ പൊലീസിലും വനിതാ പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷിതരല്ലന്ന അഭിപ്രായം നടത്തിയ മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. ശ്രീലേഖയുടെ അഭിപ്രായത്തെ തള്ളിക്കൊണ്ടാണ് പൊലീസ് അസോസിയേഷൻ രംഗത്തുവന്നത്. ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയ ശ്രീലേഖ എന്തുകൊണ്ട് ഈ സംഭവങ്ങൾക്കെതിരെ സർവീസിലുണ്ടായിരുന്നപ്പോൾ പ്രതികരിച്ചില്ലെന്ന് പൊലീസ് അസോസിയേഷൻ ചോദിച്ചു.
ഒരു വനിതാ എസ്ഐയോട് ഒരു ഡിഐജി മോശമായി പെരുമാറി എന്ന് പറയുമ്പോഴും സംഭവത്തിന് അടിസ്ഥാനമുണ്ടെങ്കിൽ, അത് മറച്ചുവച്ച് കുറ്റവാളിയെ സംരക്ഷിച്ചതിലൂടെ തീർത്തും നിരുത്തരവാദിത്വത്തോടെയുള്ള സർവ്വീസ് ജീവിതമായിരുന്നു തന്റേതെന്ന് മാഡം സ്വയം വിളിച്ചു പറയുകയായിരുന്നില്ലേ എന്നാണ് അസോസിയേഷൻ ഉന്നയിക്കുന്ന ചോദ്യം. അഭിപ്രായങ്ങളിൽ സ്വന്തം ദുർബലതകൾ നിറഞ്ഞു നിന്നതായാണ് ശ്രീലേഖയുടെ അഭിമുഖത്തിൽ കാണാൻ സാധിച്ചതെന്ന് അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സ്ത്രീയെന്ന നിലയിൽ കടുത്ത ആക്ഷേപങ്ങളാണ് ഒരു വിഭാഗം പൊലീസുകാരിൽ നിന്നും നേരിടേണ്ടി വന്നതെന്നായിരുന്നു ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ. വനിതാ എസ്ഐയ്ക്കെതിരെ ഒരു ഡിഐജി നടത്തിയ അതിക്രമം നേരിട്ടറിയാം. മാനസിക പീഡനം സഹിക്കവയ്യാതെ രാജിവെയ്ക്കാൻ പോലും ഒരുങ്ങിയിരുന്നുവെന്നും ശ്രീലേഖ പറഞ്ഞിരുന്നു. സ്ത്രീകൾക്ക് പൊലീസിൽ രക്ഷയില്ലെന്നും കേരള പൊലീസിൽ വനിത ഉദ്യോഗസ്ഥർക്ക് കടുത്ത മാനസികപീഡനം അനുഭവിക്കേണ്ടി വരുന്നുവെന്നും ശ്രീലേഖ പറഞ്ഞു.
സ്ത്രീയെന്ന നിലയിൽ നിരന്തരം ആക്ഷേപങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. രാഷ്ട്രീയ പിൻബലമുള്ള പൊലീസുകാർക്ക് എന്തും ചെയ്യാം. ഡിജിപി ഉൾപ്പെടെയുള്ള മേലധികാരികളെ തെറി വിളിക്കാം. വനിതാ ഓഫീസർമാർ ലൈംഗിക ചൂഷണത്തിനു വരെ ഇരയാവുന്നുണ്ടെന്നും ശ്രീലേഖ പറഞ്ഞു. ഇതിന് മറുപടിയുമായാണ് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്തുവന്നത്.
പൊലീസ് അസോസിയേഷന്റെ കുറിപ്പിന്റെ പൂർണരൂപം:
ചില കാര്യങ്ങൾ മാത്രം നേരേ ചൊവ്വേ പറഞ്ഞു കൊള്ളട്ടെ..ഒരു ചാനലിൽ മുൻ IPS ഓഫീസർ ശ്രീമതി. R ശ്രീലേഖയുമായിട്ടുള്ള ഇന്റർവ്യൂ കണ്ടു. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉള്ളതുപോലെ തന്നെ അത്തരം അഭിപ്രായങ്ങളിൽ വിയോജിപ്പുകൾ രേഖപ്പെടുത്താനും എല്ലാവർക്കും അവകാശവുമുണ്ട്.പ്രസ്തുത ഇന്റർവ്യൂവിൽ ശ്രീമതി. R ശ്രീലേഖ എന്ന ബഹുമാന്യയായ മുൻ IPS ഉദ്യോഗസ്ഥയുടെ അഭിപ്രായങ്ങളിൽ സ്വന്തം ദുർബലതകൾ നിറഞ്ഞു നിന്നതായാണ് കാണാൻ കഴിഞ്ഞത്. അത് അവരുടെ വ്യക്തിപരമായ രീതികളാകാം. എന്നാൽ അതിനിടയിൽ നടത്തിയ ചില പരാമർശങ്ങൾ കേട്ടില്ല, കണ്ടില്ല എന്ന് നടിക്കുവാൻ കഴിയില്ല എന്നതുകൊണ്ടു തന്നെ ചില കാര്യങ്ങൾ മാത്രം നേരേ ചൊവ്വേ പറയാൻ ആഗ്രഹിക്കുന്നു.
ഒരു വനിതാ SI യോട് ഒരു DIG മോശമായി പെരുമാറി എന്ന് പറയുന്നത് മാഡം കേട്ടു. ഒരു DIG അത്തരത്തിൽ തന്റെ സബോർഡിനേറ്റിനോട് മോശമായി പെരുമാറി എന്ന കാര്യം അറിഞ്ഞിട്ട് അതിൽ എന്ത് നടപടി മാഡം സ്വീകരിച്ചു എന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. അത്തരം ഒരു സംഭവം നടന്നിട്ടുണ്ടെങ്കിൽ തന്നെ അത് 1990 കളുടെ ആദ്യം നടന്നതാണ് എന്നാണ് സംസാരിത്തിലൂടെ നമുക്ക് ബോധ്യമാകുന്നത്. മാത്രമല്ല, ഈ പറഞ്ഞ കാര്യത്തിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടെങ്കിൽ, അത് മറച്ചുവച്ച് കുറ്റവാളിയെ സംരക്ഷിച്ചതിലൂടെ തീർത്തും നിരുത്തരവാദിത്വത്തോടെയുള്ള സർവ്വീസ് ജീവിതമായിരുന്നു തന്റേതെന്ന് മാഡം സ്വയം വിളിച്ചു പറയുകയായിരുന്നില്ലേ...പൊലീസ് ജോലികളുടെ ഭാഗമായി രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എല്ലാവരും തൊഴിലെടുക്കുന്ന സാഹചര്യമാണ് പൊലീസിലുള്ളത്.
വനിതകളുടെ സാന്നിധ്യം അനിവാര്യമായ സന്ദർഭങ്ങളിൽ ജോലിക്കായി അർദ്ധരാത്രികളിൽ പോലും വനിതാ പൊലീസ് ഉദ്യോഗസ്ഥരെ വീട്ടിൽ നിന്ന് സ്റ്റേഷനുകളിലേക്ക് വിളിപ്പിക്കേണ്ടി വരുന്ന സാഹചര്യം ചിലയിടത്തെങ്കിലും ഇന്നും നിലനിൽക്കുന്നുണ്ട്. അതുപോലെ ഡ്യൂട്ടി കഴിഞ്ഞ് അർദ്ധരാത്രികളിൽ തിരിച്ച് വീട്ടിലേക്ക് പോകേണ്ട സാഹചര്യവും ഉണ്ടാകുന്നുണ്ട്. പൊതുസമൂഹത്തിനായി ഇത്രയേറെ കഷ്ടപ്പെടുന്ന തൊഴിൽ മേഖലയാണ് പൊലീസ് എന്ന ബോധം പോലും ഇല്ലാതെയാണ് ഇങ്ങനെ ഒരു പരാമർശം പൊലീസിന്റെ ഉന്നത സ്ഥാനത്തിരുന്ന് അടുത്തൂൺ പറ്റിയ മാഡത്തിൽ നിന്നും ഉണ്ടായത്. ഇത്തരം ജല്പനങ്ങളിലൂടെ അസ്വാരസ്യങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളും ഒരു പക്ഷേ ഉണ്ടാകാം എന്നത് മാഡം ഓർക്കേണ്ടതായിരുന്നു.
അഥവാ ഇങ്ങനെ ആരെങ്കിലും പെരുമാറുന്ന സഹചര്യം ഉണ്ടായാൽ അതിനെ സധൈര്യം നേരിടാൻ തന്റേടമുള്ളവരാണ് കേരള പൊലീസിലെ വനിതാ ഉദ്യോഗസ്ഥർ എന്ന് അഭിമാനത്തോടെ പറയാനും ആഗ്രഹിക്കുന്നു.അതുപോലെ തന്നെ പൊലീസ് അസോസിയേഷനുകളേയും ഒരു അടിസ്ഥാനവുമില്ലാതെ അക്ഷേപിക്കുന്നതും കേട്ടു. ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. 1979 മുതൽ കേരളത്തിൽ പൊലീസ് അസോസിയേഷനുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. ജീവനക്കാരുടെ ആവശ്യങ്ങളും, അവകാശങ്ങളും നേടിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കൊപ്പം അവരുടെ ആത്മാഭിമാനവും, മാന്യമായ തൊഴിൽ സാഹചര്യം സൃഷ്ടിക്കാനും സംഘടനകൾ മുൻകൈ എടുത്ത് പ്രവർത്തിക്കുന്നുണ്ട്.
2005 ൽ MG കോളേജിൽ ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത ഉന്നത ഉദ്യോഗസ്ഥന്റെ നടപടിക്കെതിരേയും, 2017 ൽ ഗവാസ്‌കർ എന്ന പൊലീസ് ഡ്രൈവറെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ മകൾ കൈയേറ്റം ചെയ്തപ്പോൾ അതിനെതിരേയും സംഘടനകൾ കൈക്കൊണ്ട നിലപാട് പൊതുസമൂഹത്തിന് അറിയാവുന്നതാണല്ലോ?ഇത്തരത്തിൽ നിലപാടുകൾ എടുക്കുന്ന പൊലീസ് സംഘടനകൾ ഉള്ള കേരളത്തിൽ ഒരു വനിതാ ഉദ്യോഗസ്ഥയെ മേലുദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിക്കുന്ന സാഹചര്യം ഉണ്ടായതായി അറിവായാൽ ഏത് തരത്തിലായിരിക്കും സംഘടനകൾ പ്രതികരിക്കുന്നത് എന്ന് ചിന്തിച്ചു നോക്കിയാൽ നന്നായിരിക്കും എന്ന് മാത്രമേ പറയാൻ ആഗ്രഹിക്കുന്നുള്ളൂ..
സർവ്വീസിൽ ഇരിക്കെ ചെയ്യാൻ കഴിയുന്നത് ആത്മാർത്ഥമായി ചെയ്യുക. സർവ്വീസിൽ വിരാജിച്ച്, ഒന്നും ചെയ്യാൻ കഴിയാതെ വിരമിച്ച ശേഷം പൊലീസ് സംവിധാനത്തെ ആകെത്തന്നെ തകർക്കുക എന്ന രീതിയിൽ തരം താഴാതിരിക്കുക. ഇത് മാത്രമാണ് ഈ ഇന്റർവ്യൂവിന് മറുപടിയായി കേരളത്തിലെ പൊലീസ് സമൂഹത്തിന് ബഹുമാനപ്പെട്ട മുൻ DGP യോട്പറയാനുള്ളത്.
മറുനാടന് മലയാളി ബ്യൂറോ