തിരുവനന്തപുരം: വഴിയരികിൽ നിർത്തിയിട്ടിരിക്കുന്ന പൊലീസ് വാഹനത്തിനരികിൽ ഇരുകാലിൽ നിൽക്കുന്ന നായയുടെ കൗതുകകരമായ ചിത്രത്തിന് അടിക്കുറിപ്പ് മത്സരം നടത്തിയിരുന്നു കേരള പൊലീസ്. കേരള പൊലീസിന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു മത്സരം നടത്തിയത്. ചിത്രത്തിന് ധരാളം കമന്റുകളാണ് എത്തുന്നത്.

'ഈ ചിത്രത്തിന് രസകരമായ അടിക്കുറിപ്പ് തയ്യാറാക്കൂ; സമ്മാനം നേടൂ' എന്നാണ് കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്. പിന്നാലെ രസകരമായ കമന്റുകളുമായി പ്രമുഖരടക്കം രംഗത്തെത്തി.

എറണാകുളം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ വാഹനത്തിലെ പൊലീസ് ഉദ്യോഗസ്ഥനു മുന്നിലുള്ള നായയുടെ ചിത്രം ദീപേഷ് വി ജിയാണ് പകർത്തിയത്. ഈ ചിത്രമാണ് കേരള പൊലീസ് പങ്കുവെച്ചത്. രസകരമായ കമന്റിന് സമ്മാനവും പൊലീസ് വാഗ്ദാനം ചെയ്തിരുന്നു.

എന്നാൽ ചിത്രത്തിന് ഷെഫ് സുരേഷ് പിള്ള നൽകിയ അടിക്കുറിപ്പ് വൈറലായിരിക്കുകയാണ്. 'സാറേ നാടനാണ് പക്ഷേ നല്ല ട്രെയിനിങ് തന്നാൽ ഞാൻ പൊളിക്കും ആ ജർമ്മനൊക്കെ മാറ്റി എന്നെയൊന്ന് ട്രൈ ചെയ്യൂ കഞ്ചാവിന്റെ മണം ഞാൻ പെട്ടെന്ന് പിടിച്ചെടുക്കും എന്നെ പൊലീസിലെടുക്കു പ്ലീസ്' എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. 13000ൽ അധികം ലൈക്കുകളാണ് അദ്ദേഹത്തിന്റെ കമന്റിന് ലഭിച്ചിരിക്കുന്നത്.

ഇക്കാര്യം അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. 'ഇനിയെങ്ങാനും ബിരിയാണി കിട്ടിയാലോ..! കേരള പൊലീസിന്റെ ഫേസ്‌ബുക്ക് പേജിൽ വന്ന ഒരു അടിക്കുറിപ്പ് മത്സര പോസ്റ്റിൽ ചെയ്ത കമന്റ്.. ആ കമന്റിന് 13000 ൽ പരം ലൈക്കുകൾ...! ഇനി സമ്മാനം കിട്ടിയില്ലെങ്കിലും പരാതിയില്ല' എന്നായിരുന്നു സുരേഷ് പിള്ള ഫേസ്‌ബുക്കിൽ കുറിച്ചത്.


ചിത്രത്തിന് അടിക്കുറിപ്പുമായി ധരാളം കമന്റുകൾ എത്തുന്നുണ്ട്. 'കച്ചവടം നടത്തി കുടുംബം പോറ്റാനൊന്നും പോകുന്നതല്ല സാറേ.ബിവറേജിനു മുന്നിൽ ക്യൂ നിൽക്കാനാ.. ദയവു ചെയ്ത് ഫൈൻ അടിക്കരുത്' എന്നായിരുന്നു ഒരു കമന്റ്. 'എന്റെ പൊന്നു സാറേ എന്റെ ഫോട്ടോ ഫേസ്‌ബുക്കിലിടരുത് ചിലർ മോശമായ രീതിയിൽ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നായിരുന്നു മറ്റൊരു കമന്റ്.

പെറ്റി എഴുതല്ലേ സാറെ ഞങ്ങൾക്ക് മാസ്‌ക് വെക്കാൻ വകുപ്പില്ലെന്നായിരുന്നു മറ്റൊരു കമന്റ്. sir. ഇവിടെ everything is under control ??  പിന്നെ എന്റെ maskന്റെ കാര്യം ഒന്ന് പരിഗണിക്കണം നിങ്ങടെ mask എനിക്കങ്ങോട്ട് ഫിറ്റ് ആവുന്നില്ല' എന്നായിരുന്നു മറ്റൊരു രസകരമായ കമന്റ്.

പങ്കുവെച്ച് രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ പന്ത്രണ്ടായിരത്തോളം കമന്റുകളും എഴുന്നൂറിലധികം ഷേറുകളും നേടിയിയിരുന്നു. രസകരമായ നിരവധി കമന്റുകളാണ് ചിത്രത്തിന് ക്യാപ്ഷനായി നിർദ്ദേശിക്കപ്പെടുന്നത്. കോവിഡ് മുതൽ അടുത്തിടെ ചർച്ചയായ തൃശ്ശൂർ മേയറുടെ സല്യൂട്ട് വിവാദം വരെ കമന്റുകളിൽ വിഷയമാകുന്നുണ്ട്.

മത്സരത്തിന്റെ ഭാഗമാകാൻ കമന്റ് ബോക്‌സിൽ അടിക്കുറിപ്പുകൾ രേഖപ്പെടുത്താം. അതിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രസകരമായ ഒരു കമന്റിന് സമ്മാനമുണ്ടെന്നാണ് പ്രഖ്യാപനം.

വിവിധ രംഗങ്ങളിലെ പ്രമുഖരും പോസ്റ്റിന് കമന്റിട്ട് മത്സരത്തിന്റെ ഭാഗമായിട്ടുണ്ട്. ചലച്ചിത്ര താരമായ നിർമ്മൽ പാലാഴി, പ്രമുഖ മെന്റലിസ്റ്റ് നിപിൻ നിരവത്ത്, ഷെഫ് സുരേഷ് പിള്ള എന്നിവരാണ് അക്കൂട്ടത്തിലെ ചിലർ

'നിങ്ങൾ പറഞ്ഞാൽ എനിക്ക് പറഞ്ഞാൽ മനസ്സിലാവും ഞാൻ വീട്ടിൽ അടങ്ങി ഇരിക്കാം സാറേ'- എന്നാണ് നിർമ്മൽ പാലാഴിയുടെ കമന്റ്.

'സാറെ വഴിയേപോകുമ്പോൾ ചിലർ കല്ലെറിയുന്നു, ഭർത്താവ് ഇട്ടിട്ടുപോയി. ഭക്ഷണം തേടി ഇറങ്ങുന്നതാണ്. കുഞ്ഞിന്റെ അവസ്ഥ സാറുമ്മാർ കാണണം, കടകളും ഇല്ല ഞങ്ങളുടെ അവസ്ഥ മനസിലാക്കി എന്തെങ്കിലും നടപടി സ്വീകരിക്കാൻ അങ്ങേക്ക് കനിവുണ്ടാകണം' നായയുടെ അപേക്ഷ നിപിൻ നിരവത്ത് കുറിച്ചു.