ചങ്ങനാശേരി: വഴിവക്കിൽ പെട്ടിവണ്ടിയിലിട്ട് മത്സ്യം വിറ്റു കൊണ്ടിരുന്നയാളിൽ നിന്ന് രണ്ടരക്കിലോ മത്സ്യം വാങ്ങുകയും കാശുചോദിച്ചപ്പോൾ മർദിക്കുകയും ചെയ്ത സംഭവത്തിൽ യഥാർഥ പ്രതി ചങ്ങനാശേരി ഡിവൈ.എസ്‌പി കെ. ശ്രീകുമാറെന്ന് സൂചന.

തന്നെ മർദിച്ച ഉദ്യോഗസ്ഥന്റെ റാങ്കോ പേരോ തിരിച്ചറിയാൻ കഴിയാത്ത മീൻ കച്ചവടക്കാരൻ പൊലീസ് കംപ്ലെയ്ന്റ് അഥോറിട്ടിക്ക് പരാതി നൽകിയതോടെ പെട്ടുപോയ ഡിവൈ.എസ്‌പി കുറ്റമേറ്റെടുക്കാൻ ഇതേ പേരിലുള്ള എഎസ്ഐയെ പറഞ്ഞു വിടുകയായിരുന്നു. എന്നാൽ, എഎസ്ഐയല്ല തന്നെ മർദിച്ചതെന്ന് പരാതിക്കാരൻ പറഞ്ഞതോടെ 15 നു നടക്കുന്ന സിറ്റിങ്ങിൽ ഡിവൈ.എസ്‌പി നിർബന്ധമായും ഹാജരാകാൻ അഥോറിട്ടി ചെയർമാൻ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് ഉത്തരവിട്ടു. പെട്ടിവണ്ടിയിൽ മത്സ്യവുമായി വന്ന ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഹനീഫ(44)യിൽ നിന്നും രണ്ടരകിലോ മീനാണ് പൊലീസ് ഉദ്യോഗസ്ഥൻ വാങ്ങിയത്. പണം ചോദിച്ചപ്പോൾ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തുവത്രേ. തന്നെ മർദിച്ചത് ഏതു റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്ന് ഹനീഫയ്ക്ക് അറിയില്ലായിരുന്നു. യൂണിഫോമും നക്ഷത്രവും നോക്കി തിരിച്ചറിയാനുള്ള പഠിപ്പൊന്നും ഇയാൾക്കില്ല താനും.

പൊതുജനമധ്യത്തിൽ അപമാനിതനായ ഹനീഫ അഭിഭാഷകനെ സമീപിച്ചപ്പോഴാണ് പൊലീസ് കംപ്ലെയ്ന്റ് അഥോറിട്ടിയിൽ പരാതി നൽകാൻ ഉപദേശം കിട്ടിയത്. തുടർന്ന് അഭിഭാഷകൻ മുഖേന പരാതി സമർപ്പിച്ചു. പരാതിയിൽ പറഞ്ഞിരുന്ന ഉദ്യോഗസ്ഥന്റെ പേര് പ്രേംകുമാർ എന്നായിരുന്നു. അഥോറിട്ടിയുടെ സിറ്റിങ്ങിൽ ഹനീഫ തന്നെ മർദിച്ച ഉദ്യോഗസ്ഥന്റെ പേര് കൃത്യമായി അറിയില്ലെന്നും ആളെ കണ്ടാൽ അറിയാമെന്നും ചങ്ങനാശേരി സ്റ്റേഷനിലെ എഎസ്ഐ ആണെന്ന് സംശയിക്കുന്നതായും പറഞ്ഞു. ഉദ്യോഗസ്ഥന്റെ പേര് കൃത്യമായി അറിയാത്തതു കൊണ്ട് രണ്ടു തവണ സിറ്റിങ്ങ് മാറ്റിവച്ചിരുന്നു. അന്വേഷണം നടത്തി അന്ന് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ കുറിച്ച് അറിയിക്കണമെന്ന് ഐ.ജി. മഹിപാൽ യാദവിനോട് ജസ്റ്റിസ് നിർദ്ദേശിക്കുകയും ചെയ്തു.

ഇതോടെ പരിഭ്രാന്തിയിലായ ഡിവൈ.എസ്‌പി ശ്രീകുമാർ ചങ്ങനാശേരി സ്റ്റേഷനിലെ എഎസ്ഐ ടി.എൻ. ശ്രീകുമാറിനോട് കുറ്റം ഏറ്റെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നുവത്രേ. രാഷ്ട്രീയ- സാമുദായിക പിൻബലമൊന്നും ഇല്ലാത്ത പാവം 'എഎസ്ഐ' പിന്നീടുള്ള പീഡനങ്ങൾ ഭയന്ന് ഡിവൈ.എസ്‌പിക്ക് വേണ്ടി ബലിയാടാകാൻ തീരുമാനിച്ചു. ഇതു പ്രകാരം ചങ്ങനാശേരി സി.ഐ സഖറിയ മാത്യു, എഎസ്ഐ ശ്രീകുമാർ എന്നിവർ കഴിഞ്ഞ എട്ടിനു നടന്ന അഥോറിട്ടി സിറ്റിങ്ങിൽ ഹാജരായി.

എന്നാൽ, പ്രതി ഈ ഉദ്യോഗസ്ഥനല്ലെന്ന് ഹനീഫ പറഞ്ഞതോടെ കളിമാറി. കുറ്റക്കാരനെ അഥോറിട്ടിക്ക് മുന്നിൽ ഹാജരാക്കാതെ പൊലീസ് ഒളിച്ചുകളിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞ ചെയർമാൻ പൊലീസിനെ രൂക്ഷമായി വിമർശിച്ചു. ഡിവൈ.എസ്‌പി സിറ്റിങ്ങിൽ ഹാജരാകാൻ ആവശ്യപ്പെട്ടിടത്ത് സി.ഐയെയും എഎസ്ഐയും വിട്ടതിനെ ജസ്റ്റിസ് താക്കീത് ചെയ്തു. പൊലീസിന്റെ നിലപാട് ശരിയല്ലെന്നും പ്രതിയാരെന്ന് അറിഞ്ഞിട്ടും ഹാജരാക്കാത്തത് അനാസ്ഥയാണെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് വിമർശിച്ചു. 15 ന് നടക്കുന്ന സിറ്റിങ്ങിൽ യഥാർഥ പ്രതിയെ ഹാജരാക്കിയില്ലെങ്കിൽ സംഭവം നടന്ന ദിവസം ആലപ്പുഴ, കോട്ടയം പട്രോളിങ്ങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഈ സിറ്റിങ്ങിൽ ചങ്ങനാശേരി ഡിവൈ.എസ്‌പി കെ. ശ്രീകുമാർ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് ഉത്തരവിട്ടു. ഡിവൈ.എസ്‌പി നേരിട്ടു ഹാജരായാൽ പരാതിക്കാരൻ തിരിച്ചറിയുമെന്ന് കണ്ടാണ് ഒളിച്ചുകളിയെന്ന് കംപ്ലെയ്ന്റ് അഥോറിട്ടിക്ക് വിവരം കിട്ടിയിട്ടുണ്ട്. അതേസമയം, ചെയ്യാത്ത കുറ്റത്തിന് താൻ ബലിയാടാകേണ്ടി വരുന്നതിന്റെ സങ്കടം എഎസ്ഐ ബന്ധുക്കളുമായും മറ്റും പങ്കുവച്ചിട്ടുണ്ട്. ഡിവൈ.എസ്‌പിയുടെ നടപടിയിൽ പൊലീസ് സേനയിലുള്ളവർക്കും മറ്റു ഉദ്യോഗസ്ഥർക്കും അമർഷം ഉണ്ട്.